
ഈ സർക്കാർ നാല് വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് 7808 കോടിയുടെ സൗജന്യ ചികിത്സ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 2024–25ൽ മാത്രം 1498.50 കോടി രൂപ നൽകി. 2015–16ൽ യുഡിഎഫ് സര്‍ക്കാര്‍ 114 കോടി മാത്രമാണ് സൗജന്യ ചികിത്സയ്ക്കായി നല്‍കിയതെന്നും മന്ത്രി നിയമസഭാ ചോദ്യോത്തരവേളയിൽ പറഞ്ഞു.
ഒരു വർഷം മരുന്ന് വാങ്ങാനായി 650 മുതൽ 700 കോടി രൂപ വരെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ചെലവിടുന്നുണ്ട്. ഒമ്പത് വർഷം മുമ്പ് 12 ഡയാലിസിസ് സെന്ററുകളായിരുന്നത് ഇന്ന് 112 ആയി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സാമ്പിൾ സർവേയുടെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഔട്ട് ഓഫ് പോക്കറ്റ് എക്സ്പെൻഡിച്ചർ കുറഞ്ഞിട്ടുണ്ട്. 2014ൽ ഗ്രാമീണ മേഖലയിൽ ചെലവ് 17,000 രൂപയായിരുന്നത് 2024 ആയപ്പോൾ 10,000 രൂപയായി കുറഞ്ഞു. നഗരമേഖലയിൽ 23,000 ആയിരുന്നത് 13,000 ആയി കുറഞ്ഞു. ഇത് ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്. എൽഡിഎഫ്-യുഡിഎഫ് സർക്കാരുകളുടെ കാലത്ത് ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മന്ത്രി സംവാദത്തിന് വിളിക്കുകയും ചെയ്തു.
സംസ്ഥാനത്ത് നിയമവിരുദ്ധ അവയവദാനം തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന അവയവ മാഫിയാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതി ഒഴികെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം എൻഐഎക്ക് കൈമാറിയിട്ടുണ്ട്. അവയവദാന റാക്കറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി പത്തുകേസുകൾ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും പി എസ് സുപാൽ, സി കെ ആശ, വി ശശി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.