പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ ഭീകരാക്രമണത്തില്‍ 8 മരണം. യാത്രക്കാരുമായി പോയ ഒരു ബസിന് നേരെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുമായി രണ്ടിടങ്ങളിൽ ആണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. ബലൂചുകളല്ലാത്തവരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബലൂചിസ്ഥാനിലെ ഗ്വാദര്‍ ജില്ലയിലുള്ള തീരദേശ മേഖലയായ പസ്നിയിലാണ് ആദ്യത്തെ ആക്രമണം നടന്നത്. ഒരുഡസനോളം വരുന്ന തീവ്രവാദികള്‍ ബസ് തടഞ്ഞ് നിര്‍ത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുന്നവരാണ് ബിഎല്‍എ.
സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ആക്രമണം നടന്നത് ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിലാണ്. പൊലീസ് വാഹനത്തിന് സമീപം ബൈക്കില്‍ ഘടിപ്പിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാദേശികമായി ലഭിക്കുന്ന വിവരം. രണ്ട് ആക്രമണങ്ങളിലുമായി മരണ സംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.