സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ഗ്ലാമര്‍ പോരാട്ട ഇനമായ 800 മീറ്റര്‍ ഓട്ടത്തില്‍ നടന്നത് വാശിയേറിയ പോരാട്ടം. 800 മീറ്റര്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒരു മിനിറ്റ് 56 സെക്കന്റില്‍ ഫിനിഷ് ചെയ്ത പാലക്കാടിന്റെ എം അമൃത് ആണ് സ്വര്‍ണം നേടിയത്. ഒരു മിനിറ്റ് 58.48 സെക്കന്‍ഡില്‍ വയനാട് സിഎസ്എച്ചിലെ സ്റ്റെഫിന്‍ സാലു വെള്ളിയും സായ് കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നി ഒരുമിനിറ്റ് 59.12 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പെണ്‍കുട്ടികളില്‍ പാലക്കാട് കൊടുവായൂര്‍ വിഎച്ച്എസിലെ നിവേദ്യ കലാധര്‍ രണ്ട് മിനിറ്റ് 18.60 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു. തേങ്കുറിശി സ്വദേശിയായ ഈ 10-ാം ക്ലാസുകാരി കഴിഞ്ഞ ദിവസം 400 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. ഇടുക്കി സിഎച്ച്എസ് കാല്‍വരിമൗണ്ടിലെ അലീന സജി രണ്ട് മിനിറ്റ് 22.611 സെക്കന്‍ഡില്‍ വെള്ളിയും പെരിന്തല്‍മണ്ണ പിഎച്ച് എസ്എസിലെ ദിയ ഫാത്തിമ രണ്ട് മിനിറ്റ് 24.59 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.
സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മലപ്പുറത്തിന്റെ കെ പി ലുഖ്മാന്‍ 1:57.14 മിനിറ്റില്‍ ഒന്നാമതെത്തി. രായിരമംഗലം എസ്എംഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ലുഖ്മാന്‍, ഡിഗ്രി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഷീഖിന്റെ കീഴിലാണ് പരിശീലനം. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായ മുഹമ്മദ്, നടത്ത മത്സരങ്ങളിലെ താരമായിരുന്നു. മലപ്പുറം കിഴുപറമ്പ് സ്കൂളിലെ മുഹമ്മദ് സിദാന്‍ 1:57.79 മിനിറ്റിൽ വെള്ളിയും കണ്ണൂര്‍ കോഴിച്ചാല്‍ ജിവിഎച്ച്എസ്എസിലെ അനികേത് എം 1:59.13 മിനിറ്റിൽ വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടകശേരി ഐഡിയല്‍ സ്കൂളിലെ ജെ എസ് നിവേദ്യ (2:18.62) സ്വര്‍ണം നേടി. കോഴിക്കോട് ബാലുശേരി സ്വദേശിനിയായ നിവേദ്യ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ‌്എസിലെ സി ആര്‍ നിത്യ രണ്ട് മിനിറ്റ് 22.92 സെക്കന്റില്‍ വെള്ളിയും ഇടുക്കി കട്ടപ്പന ജിടിഎച്ച്എസിലെ ജോബിന ജോബി രണ്ട് മിനിറ്റ് 24.09 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.