26 December 2024, Thursday
KSFE Galaxy Chits Banner 2

സിപിഐ കേരള ഘടകത്തിന് 85

അബ്ദുള്‍ ഗഫൂര്‍
December 26, 2024 5:30 am

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് പതിനാല് വർഷങ്ങൾ കഴിഞ്ഞാണ് സിപിഐ കേരളം ഘടകം രൂപംകൊള്ളുന്നത്. 1939 അവസാന മാസങ്ങളിലായിരുന്നു കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ പിണറായി പാറപ്രം ഗ്രാമത്തിൽ രൂപീകരണ സമ്മേളനം ചേർന്നത്. കൃത്യമായ തീയതി ആരും ഓര്‍ത്തുവച്ചില്ല, രേഖപ്പെടുത്തിയുമില്ല. മഞ്ഞുപെയ്യുന്ന ഡിസംബറിലായിരുന്നുവെന്നു മാത്രമേ പലരും പറഞ്ഞുവച്ചുള്ളൂ. (ഒക്ടോബറിലായിരുന്നുവെന്നും രേഖപ്പെടുത്തലുണ്ട്). 

നാടിന്റെ മോചനത്തിനും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും കമ്മ്യൂണിസം മാത്രമാണ്‌ പോംവഴിയെന്ന കൃത്യമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌ 85‌ വര്‍ഷം മുമ്പ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേരളഘടകം രൂപീകൃതമായത്‌. ഈ കാഴ്‌ചപ്പാട്‌ പൂര്‍ണമായും ശരിയായിരുന്നുവെന്ന്‌ പിന്നീടുള്ള കേരളത്തിന്റെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. 

സ്വാതന്ത്യ്രത്തിനും ദേശീയ വിമോചനത്തിനും വേണ്ടിയുള്ള കേരളത്തിലെ പോരാട്ടങ്ങളെ നയിച്ചവരില്‍ കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ പങ്ക്‌ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്‌. മണ്ണില്‍ പണിയെടുക്കുന്നവന്റെ അത്യധ്വാനത്തിന്റെ സ്‌പന്ദനങ്ങള്‍ ജന്മി മാടമ്പിത്തത്തിന്റെ പാടങ്ങളിലും പത്തായപ്പുരകളിലും ഉടമത്തമ്പുരാക്കന്മാരുടെ കമ്പനി അകങ്ങളിലും പുകക്കുഴലുകള്‍ക്ക്‌ കീഴെയും ദീര്‍ഘ നിശ്വാസങ്ങളായി ഒടുങ്ങുമ്പോള്‍ കൃഷിഭൂമി കൃഷിക്കാരന്, തൊഴിലവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച്‌ കേരളത്തെ സമരമുഖരിതമാക്കിയതില്‍ കര്‍ഷക, തൊഴിലാളി പ്രസ്ഥാനവും അതിന്റെ കൂടെ നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌ വിമോചിത കേരളത്തിന്റെ സൃഷ്ടിക്ക്‌ വഴിവച്ചതെന്നതും നിസ്തര്‍ക്കമാണ്‌.

സിപിഐ കേരള ഘടകരൂപീകരണ സമ്മേളനത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന മിക്ക പ്രധാന പ്രവർത്തകന്മാരും പങ്കെടുത്തു, ഏതാണ്ട് നൂറോളം പേർ സംബന്ധിച്ചിരുന്നു എന്നാണ് എൻ ഇ ബാലറാം എഴുതിയിട്ടുള്ളത്.
സോഷ്യലിസ്റ്റ് പ്രസ്ഥാനം രൂപംകൊള്ളുന്നു

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപനത്തോടുകൂടിയാണ് കേരളത്തിൽ ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനം സംഘടിതമായി വളരുന്നത്. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അതിന്റെ സമ്പൂര്‍ണാർത്ഥത്തിൽ ഒരു മാർക്സിസ്റ്റ് പാർട്ടിയായിരുന്നില്ല. കേരളത്തെ സംബന്ധിച്ച് പറഞ്ഞാൽ സോവിയറ്റ് വിരോധമോ, കമ്മ്യൂണിസ്റ്റ് വിരോധമോ ഉള്ളവർ സോഷ്യലിസ്റ്റ് പാർട്ടിയിൽ അക്കാലത്തുണ്ടായിരുന്നില്ല എന്നുതന്നെ പറയാം. മാത്രമല്ല, മാർക്സിസം അറിയാനും പഠിക്കാനും അങ്ങേയറ്റം ഉത്സാഹമുള്ളവരായിരുന്നു നേതാക്കന്മാരിൽ നല്ലൊരുവിഭാഗം. (എന്‍ ഇ ബാലറാം)

ഈ അന്തരീക്ഷത്തിലാണ് കേരളത്തിൽ 1931ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ഒരു സംഘടന ഉണ്ടാകുന്നത്. പ്രവർത്തനം തുടങ്ങിയതോടെ കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും വമ്പിച്ച മാറ്റങ്ങളുണ്ടായി. തൊഴിലാളികളുടെയും കർഷകരുടെയും സ്വതന്ത്രമായ വർഗസംഘടനകൾ വളർത്തിക്കൊണ്ടുവരിക, അവരുടെ ഇടയിൽനിന്നുതന്നെ നേതാക്കന്മാരെ വളർത്തിക്കൊണ്ടുവരിക, ആ വിഭാഗങ്ങളുടെ അടിയന്തരാവശ്യങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുക, തൊഴിലാളിസംഘടനകളെയും കർഷകസംഘടനകളെയും വിദ്യാർത്ഥികൾ, അധ്യാപകർ, ജീവൽസാഹിത്യകാരന്മാർ തുടങ്ങിയവരുടെ സംഘടനകളെയും സാമ്രാജ്യവിരോധ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ഉയർത്തുക, സോഷ്യലിസത്തിന്റെ സന്ദേശം രാജ്യമെങ്ങും വ്യാപിപ്പിക്കുക, മാർക്സിസത്തെക്കുറിച്ചുള്ള പ്രാഥമികമായ വിജ്ഞാനം പ്രചരിപ്പിക്കുക, തിരുവിതാംകൂറിലെയും കൊച്ചിയിലെയും പ്രക്ഷോഭങ്ങളെ സഹായിക്കുക തുടങ്ങിയ കൃത്യങ്ങൾ കേരളത്തിൽ നിർവഹിച്ചത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയാണ്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ഇവിടുത്തെ സോഷ്യലിസ്റ്റുകാർ അന്നു സന്നദ്ധമായില്ലെങ്കിലും കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ് സോഷ്യലിസ്റ്റുകാരും യോജിച്ചുകൊണ്ടുള്ള ഒരു ഏകീകൃത പാർട്ടി ഉണ്ടാക്കണം എന്ന കാര്യത്തെ അവർ സർവാത്മനാ അനുകൂലിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പത്രങ്ങളായ നാഷണൽ ഫ്രണ്ട്, ന്യൂഏജ് എന്നിവ വരുത്തിവായിക്കാനും കമ്മ്യൂണിസ്റ്റ് നേതാക്കളായ ഘാട്ടെ, സുന്ദരയ്യ തുടങ്ങിയവരെ കേരളത്തിൽ ക്ഷണിക്കാനും പി സി ജോഷി, ജി അധികാരി എന്നിവരുമായി രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യാനും ഇവിടുത്തെ സോഷ്യലിസ്റ്റുകാർ ഉത്സാഹം കാണിച്ചിരുന്നു. ഈ നിലയ്ക്കുള്ള പ്രവർത്തനം കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനു വിപ്ലവപരമായ സ്വഭാവം പ്രദാനം ചെയ്യുകയുണ്ടായി.
കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍

1931–32 കാലത്ത് തൈക്കാട് കേന്ദ്രമാക്കി തിരുവനന്തപുരത്ത് ഒരു കമ്മ്യൂണിസ്റ്റ് ലീഗ് പ്രവർത്തിച്ചിരുന്നു. അതിന്റെ പ്രധാന സംഘാടകൻ എൻ പി കുരുക്കൾ എന്ന യുവാവായിരുന്നു. പൊന്നറ ശ്രീധർ, കുമാർ, എൻ സി ശേഖർ എന്നീ മൂന്നുപേരും ഈ ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പക്ഷേ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെടാനോ വർഗസംഘടനകൾ വളർത്തിക്കൊണ്ടുവരാനോ ഈ സംഘടനയ്ക്ക് സാധിച്ചില്ല. പുരോഗമനപരമായ അഭിപ്രായഗതികൾ ഉൾക്കൊള്ളുന്ന ഒരു യുവജന സംഘടന കെട്ടിപ്പടുക്കാൻ ഈ സംഘടനയുടെ ഉത്തരവാദപ്പെട്ടവർ ശ്രമിച്ചിരുന്നുവെന്ന് എന്‍ ഇ ബാലറാം എഴുതിയിട്ടുണ്ട്.
രൂപീകരണവും വേട്ടയാടലും

കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഉടൻതന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടണമെന്നതാണ് പിണറായി സമ്മേളനം അംഗീകരിച്ച സുപ്രധാന തീരുമാനം. പ്രവർത്തകരുടെ ചെറുസമ്മേളനങ്ങൾ വിളിച്ചുകൂട്ടുക, പാർട്ടിയുടെ ഗ്രൂപ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രധാന തീരുമാനങ്ങൾക്കുശേഷം ഏതാണ്ട് അർധരാത്രിക്ക് സമ്മേളനം പര്യവസാനിച്ചു. 

1940 ആകുമ്പോഴേക്കും ഗവൺമെന്റിന്റെ മർദനം മുറുകി. ചില പ്രധാന പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഒരു വിഭാഗം നേതാക്കന്മാർ ഒളിവിൽ പോയി. ഒരു അണ്ടർഗ്രൗണ്ട് നേതൃത്വം പ്രവർത്തനം ആരംഭിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരിൽ ചില ലഘുലേഖകൾ, സർക്കുലറുകൾ എല്ലാം വന്നു, പ്രവർത്തനം പുതിയൊരു രീതിയിൽ ശക്തിപ്രാപിച്ചുതുടങ്ങി. മലബാറിന്റെയും കൊച്ചിയുടെയും പല ഭാഗങ്ങളിലും ആലപ്പുഴ, കൊല്ലം എന്നീ പട്ടണങ്ങളിലും പാർട്ടി സെല്ലുകളും കേരളത്തിന്റെ പല ഭാഗങ്ങളിലുമായി മാർക്സിസത്തിന്റെ ബാലപാഠങ്ങൾ സംബന്ധിച്ച ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടു.
കെപിസിസി അന്നും ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്നു. ഒരു വിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ കെപിസിസി നേതൃത്വം വഹിച്ചുകൊണ്ട് പരസ്യമായിത്തന്നെ പ്രവർത്തിച്ചിരുന്നു. അതുപോലെതന്നെ ഒരു ഘട്ടംവരെ അഖില മലബാർ കർഷകസംഘത്തിന്റെയും ട്രേഡ് യൂണിയന്റെയും ചില നേതാക്കന്മാരും പരസ്യമായിത്തന്നെ പ്രവർത്തിച്ചിരുന്നു. 

രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് വിലവർധനവ് നിമിത്തം സാധാരണ ജനങ്ങളുടെ ജീവിതം ദുസഹമായിത്തീർന്നു. ജനങ്ങളുടെയിടയിൽ അസ്വസ്ഥത പടർന്നുപിടിച്ചു. ഈ സന്ദർഭത്തില്‍ 1940 സെപ്റ്റംബർ 15 പ്രതിഷേധ ദിനമായി ആചരിക്കുവാൻ ആഹ്വാനം നൽകി. അന്നത്തെ കെപിസിസി സെക്രട്ടറി കെ ദാമോദരനായിരുന്നു. ഈ പ്രതിഷേധദിനത്തിൽ സഹകരിക്കാൻ മലബാർ കർഷകസംഘവും ട്രേഡ് യൂണിയനുകളും തീരുമാനിച്ചു.
നിരോധനങ്ങൾ കാറ്റിൽ പറത്തി മൊറാഴ, തലശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. ആയിരക്കണക്കിന് ജനങ്ങൾ സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി അണിനിരന്നു. പൊലീസ് ഇടപെട്ടതോടെ പൊലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി. തലശേരിയിൽ വെടിവയ്പില്‍ അബു, ചാത്തുക്കുട്ടി എന്ന രണ്ടുപേർ രക്തസാക്ഷികളായി. മൊറാഴയിൽ ഒരു പൊലീസ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. ഈ കേസിലാണ് കെ പി ആറിനെ തൂക്കാൻ വിധിച്ചത്. ശക്തിയായ ബഹുജനപ്രക്ഷോഭത്തിന്റെ ഫലമായി ആ ശിക്ഷ ജീവപര്യന്തം തടവായി പിന്നീട് മാറ്റേണ്ടിവന്നു.
സെപ്റ്റംബർ 15നെ തുടർന്നു പഴയ ചിറക്കൽ കോട്ടയം (തലശേരി) താലൂക്കിലെ പല ഭാഗങ്ങളിലും നടന്ന പൊലീസ് മർദനം പൈശാചികമായിരുന്നു. കള്ളക്കേസുകൾ പലതും വന്നു. വീടു പരിശോധനകൾ, ഭീഷണികൾ, ലോക്കപ്പ് മർദനങ്ങൾ എന്നിവ സാധാരണയായി. എന്നാലും ഈ ഘട്ടത്തിൽ പാർട്ടി ഒളിവിലിരുന്നു പ്രസ്ഥാനത്തെ നയിച്ചിരുന്നതുകൊണ്ടത്രെ ക്ഷീണം തട്ടിയില്ല. 

ഭീകരമായ പൊലീസ് മർദനം മൂലം പാർട്ടി കേന്ദ്രം ആദ്യം സ്ഥാപിച്ചിരുന്ന പ്രദേശത്തുനിന്നും മാറ്റേണ്ടിവന്നു. കുറേക്കൂടി തെക്കോട്ട് മറ്റൊരു കേന്ദ്രത്തിലേയ്ക്ക് (കോഴിക്കോട്ടേയ്ക്ക്) സ്ഥലം മാറ്റി. കീഴ്ഘടകങ്ങൾ പലതും ഈ ഘട്ടത്തിൽ ഉലഞ്ഞുപോയിരുന്നു. ചിലതു താറുമാറായിപ്പോയിരുന്നു. എങ്കിലും മൂന്നുമാസത്തെ നിരന്തര പ്രവർത്തനങ്ങൾകൊണ്ട് വീണ്ടും ശക്തമായ പാർട്ടി സംഘടന എല്ലായിടങ്ങളിലും ഉണ്ടാക്കാൻ അന്ന് കഴിഞ്ഞു.
പിണറായി സമ്മേളനം കഴിഞ്ഞയുടനേ മലബാറിലും കൊച്ചിയിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഘടകങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറി. തിരുവിതാംകൂറിലാണെങ്കിൽ ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ പാർട്ടി ഘടകങ്ങൾ ഉണ്ടായി. അങ്ങനെ 1940 ആദ്യത്തിൽതന്നെ കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ സ്ഥാപിതമായി. പഴയ മലബാറിലും കൊച്ചിയിലും കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി മുഖേനയാണ് മിക്കവാറും പേര്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വന്നതെങ്കിൽ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസിലും യൂത്ത് ലീഗിലും ട്രേഡ് യൂണിയനിലും പ്രവർത്തിച്ചിരുന്നവരും സോഷ്യലിസത്തിൽ വിശ്വസിച്ചിരുന്നവരും എല്ലാം ഇടതു ദേശീയ പാർട്ടികൾ എന്ന നിലയ്ക്കാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേയ്ക്ക് വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.