23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

വിജയിക്കുമോ ആര്‍ബിഐ ഗവര്‍ണറിലെ ‘ട്രപ്പീസ് കലാകാരന്‍’

Janayugom Webdesk
പ്രൊഫ. കെ അരവിന്ദാക്ഷൻ
January 18, 2023 4:45 am

ഇന്ത്യയിലെ കേന്ദ്ര ബാങ്കെന്ന നിലയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 87 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ബെനഗല്‍ രാമറാവുവില്‍ തുടങ്ങി ശക്തികാന്ത ദാസ് വരെയുള്ള 25 ഗവര്‍ണര്‍മാരാണ് ഈ സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ പ്രഥമ ഗവര്‍ണര്‍ രാമറാവുവിനാണ് ഏറ്റവുമധികം ഔദ്യോഗിക കാലാവധിയുണ്ടായിരുന്നത്. 1949 ജൂലൈ ഒന്ന് മുതല്‍ 1957 ജനുവരി 14 വരെ ഏഴു വര്‍ഷം. സാമ്പത്തിക ഉദാരവല്‍ക്കരണ നയത്തിനു തുടക്കമിട്ട 1991 മുതല്‍ ഇന്നുവരെ ഗവര്‍ണര്‍ പദവി വഹിച്ചിട്ടുള്ളത് എട്ടു വിദഗ്ധരാണ്. ഇക്കൂട്ടത്തില്‍ ഇന്നും സജീവമായി സാമ്പത്തിക നയരൂപീകരണങ്ങളില്‍ പങ്കാളിയായി തുടരുന്ന ഡോ. ബിമല്‍ജലാല്‍ ആണ് കൂടുതല്‍ കാലം പദവിയിലിരുന്നത്. എസ് വെങ്കട്ടരമണന്റേതാണ് ഏറ്റവും ചുരുങ്ങിയ സേവനകാലാവധി. ഇന്നത്തെ ഗവര്‍ണര്‍ ശക്തികാന്തദാസ് തന്റെ സേവനകാലാവധിയില്‍ 2024 ഡിസംബര്‍ വരെ തുടരുമെങ്കില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കും. അങ്ങനെയെങ്കില്‍ ബി രാമറാവുവിന്റെയും ബിമല്‍ ജലാന്റെയും കൂട്ടത്തില്‍ ശക്തികാന്ത ദാസിന്റെയും ദീര്‍ഘ സേവനകാലാവധി ഉള്‍പ്പെടുത്താന്‍ കഴിയും. ആര്‍ബിഐയുടെ ഇതഃപര്യന്തമുള്ള ഗവര്‍ണര്‍മാരില്‍ ഏറെക്കുറെ മുഴുവന്‍ പേരും ധനശാസ്ത്ര‑ബാങ്കിങ് മേഖലകളില്‍ പ്രാവീണ്യം നേടിയവരായിരുന്നു. ഡോ. ഐ ജി പട്ടേല്‍, ഡോ. സി രംഗരാജന്‍, ഡോ. മന്‍മോഹന്‍സിങ്, സി ഡി ദേശ്‌മുഖ്, ഡോ. ബിമല്‍ ജലാല്‍, ഡോ. സി സുബ്ബറാവു തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ‍ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കൂട്ടത്തില്‍ മലയാളിയായ ഡോ. കെ എന്‍ രാജും ഉള്‍പ്പെടുന്നു.

ഇവരെല്ലാം കാലാകാലങ്ങളില്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനവുമായി ബന്ധപ്പെട്ട നയ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് കേഡറിലുള്ളവരും ആര്‍ബിഐയുടെ ഗവര്‍ണര്‍ പദവിയിലെത്തുന്ന ഏര്‍പ്പാട് നിലവില്‍വന്നതോടെ അതത്കാലത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളെ ഭരണകാര്യങ്ങളില്‍ സൃഷ്ടിപരമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കി സഹായിക്കുകയും ചെയ്തു വന്നിട്ടുണ്ട്. ശക്തികാന്തദാസ് 1980 ബാച്ചിലെ ഐഎഎസ് ഓഫിസര്‍ തസ്തികയില്‍ തമിഴ്‌നാട് സര്‍ക്കാരിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ചുമതല ഏറ്റെടുത്തതോടെ ശക്തികാന്ത ദാസിന് കനത്ത വെല്ലുവിളികളാണ് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വിധത്തില്‍ ഇന്ത്യയെ 2025 ആകുന്നതോടെ അഞ്ച് ട്രില്യൻ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി രൂപാന്തരപ്പെടുത്തുക എന്നത് ഗൗരവമേറിയൊരു വെല്ലുവിളിയാണ്. കോവിഡ് വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമെന്ന നിലയില്‍ പലിശനിരക്കില്‍ തുടര്‍ച്ചയായ ഇളവനുവദിക്കാനും സമ്പദ്‌വ്യവസ്ഥയിലെ ലിക്വിഡിറ്റി-പണത്തിന്റെഒഴുക്ക്-പരമാവധി ഉയര്‍ത്താനും ശക്തികാന്ത ദാസ് പരിശ്രമിക്കാതിരുന്നില്ല.


ഇതുകൂടി വായിക്കൂ: ആഗോളമാന്ദ്യ മുന്നറിയിപ്പ് ഇന്ത്യയും ആശങ്കപ്പെടേണ്ടതുണ്ട്


1991ലേതിനു സമാനമായ വിദേശ വിനിമയ കമ്മിയും രൂപയുടെ മൂല്യച്യുതി വരുത്തിവച്ച അഭൂതപൂര്‍വമായ പ്രതിസന്ധിയും ഡോളര്‍ ശേഖരം ഇടയ്ക്കിടെ വിപണിയിലിറക്കി ഈ പ്രതിസന്ധി തടഞ്ഞുനിര്‍ത്താനുള്ള ശ്രമവും നിസാരമായിരുന്നില്ല. ആഗോളതലത്തില്‍ ജിഡിപിയുടെ കാര്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. 2022 സെപ്റ്റംബര്‍ ആയതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ബ്രിട്ടനെ പിന്നിലാക്കി ലോകത്തിലെ വന്‍രോഗ സമ്പദ്‌വ്യവസ്ഥകളില്‍ അഞ്ചാം സ്ഥാനത്ത് എത്തുകകൂടി ചെയ്തു. യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞാല്‍ ഇന്ത്യയിലെ കേന്ദ്ര ബാങ്കിനാണ് പ്രാമുഖ്യമുള്ളതെന്നതിലും തര്‍ക്കമില്ല. ആ സ്ഥിതിക്ക് ആര്‍ബിഐ ഗവര്‍ണര്‍ സ്വീകരിക്കുന്ന ഏത് നിലപാടും ലോക രാജ്യങ്ങള്‍ വളരെ ഗൗരവത്തോടെയായിരിക്കും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക. സാമ്പത്തിക മാന്ദ്യം അതിവേഗം വ്യാപിച്ചു തുടങ്ങിയിരിക്കുന്ന ആഗോള സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ ആര്‍ബിഐ ഗവര്‍ണര്‍ ദാസിന്റെ അക്കാദമിക് പശ്ചാത്തലം കൂടി ചര്‍ച്ചയ്ക്ക് വിധേയമാണ്. വെങ്കിട്ടരമണനു ശേഷം ആര്‍ബിഐ ഗവര്‍ണര്‍ പദവിയിലെത്തുന്ന ധനശാസ്ത്രവുമായി പറയത്തക്ക ബന്ധമൊന്നുമില്ലാത്തയാളാണ് ശക്തികാന്ത ദാസ്. എങ്കിലും രണ്ട് വെല്ലുവിളികള്‍ ഏറ്റെടുത്ത് പരിഹരിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

ഒന്ന് തന്റെ മുന്‍ഗാമികളില്‍ രഘുറാംരാജനും ഡോ. ഊര്‍ജിത് പട്ടേലും മോഡിഭരണകൂടവുമായി സൗഹൃദപൂര്‍വമായ ബന്ധമല്ല പുലര്‍ത്തിയിരുന്നത്. ഈ വെല്ലുവിളി ദാസ് മറികടന്നു. മോഡി സര്‍ക്കാര്‍ ഗുരുതരമായ ധനകാര്യ ഞെരുക്കം നേരിട്ടപ്പോള്‍ മുന്‍ ഗവര്‍ണര്‍ ഡോ. ബിമല്‍ ജലാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശാനുസരണം കേന്ദ്ര ബാങ്കിന്റെ കരുതല്‍ ഫണ്ടില്‍ ഒരു ഭാഗം സര്‍ക്കാരിന് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുകവഴിയാണ് ഈ ബന്ധം ശക്തികാന്ത ഉറപ്പിച്ചത്. തന്റെ രണ്ട് മുന്‍ഗാമികളും ഇത്തരമൊരു നയത്തിനനുകൂലമായിരുന്നില്ല. മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ദാസിനെ ബ്യൂറോക്രാറ്റുകളുടെ ബ്യൂറോക്രാറ്റ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതെങ്കിലും അദ്ദേഹം ഭരണ നേതൃത്വത്തിന് വഴങ്ങുന്നതില്‍ യാതൊരുവിധ വൈമുഖ്യവും പ്രകടിപ്പിച്ചില്ലെന്നതാണ് വസ്തുത. ഏതായാലും ഈ അനുനയത്തിലൂടെ ആര്‍ബിഐക്കുമേല്‍ മോഡി സര്‍ക്കാരിന്റെ നിയന്ത്രണം വര്‍ധിക്കുകയായിരുന്നു. മാത്രമല്ല, കേന്ദ്ര ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മില്‍ സൗഹൃദത്തിലാവുകയും ചെയ്തു. ഇതോടെ ആര്‍ബിഐയും ആസൂത്രണ കമ്മിഷന്‍‍ നിതിആയോഗ് എന്ന പേരില്‍ വെറുമൊരു കേന്ദ്ര ഡിപ്പാര്‍ട്ട്മെന്റായി മാറിയതുപോലെ ധനമന്ത്രാലയത്തിലെ ഒരു വകുപ്പ് മാത്രമായി തരംതാഴ്ത്തപ്പെടുമോ എന്ന ആശങ്കയും ന്യായമാണ്. രണ്ട്, ക്രിപ്റ്റോ കറന്‍സി പ്രയോഗത്തിലാക്കുന്നതില്‍ കേന്ദ്ര ഭരണകൂടത്തിനോ ധനമന്ത്രാലയത്തിനോ കൃത്യമായൊരു കാഴ്ചപ്പാടുമുണ്ടായിരുന്നില്ല. അതേ അവസരത്തില്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ അതിവേഗം വ്യാപകമായി വരികയുമായിരുന്നു. തന്മൂലം രാജ്യത്തിന്റെ മാക്രോ ഇക്കണോമിക് സമ്പദ്‌വ്യവസ്ഥ ഗുരുതരമായൊരു ഭീഷണിയിലുമായിരുന്നു. ഇതോടെ ശക്തമായ മുന്നറിയിപ്പാണ് ശക്തികാന്ത ക്രിപ്റ്റോ മാനികള്‍ക്ക് നല്‍കിയത്.


ഇതുകൂടി വായിക്കൂ: സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണം


ഇതോടൊപ്പം തന്നെ ഡിജിറ്റല്‍ കറന്‍സി ഭ്രമം സമൂഹത്തിലാകെ വളര്‍ന്നുവരുന്ന പശ്ചാത്തലം കണക്കിലെടുത്ത് ആര്‍ബിഐ തന്നെ കേന്ദ്ര ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിസി) സംവിധാനത്തിന് രൂപം നല്‍കാനുദ്ദേശിക്കുന്നതായും വെളിപ്പെടുത്തി. ആര്‍ബിഐയുടെ ആധികാരികമായ കയ്യൊപ്പും അംഗീകാരവും അതിനുണ്ടായിരിക്കുകയും ചെയ്യും. അങ്ങനെ, ശക്തികാന്ത ദാസ് ഈ പ്രതിസന്ധിയും തരണം ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്. ഇതത്ര നിസാരമായൊരു വെല്ലുവിളിയാവില്ല. അതിവിദഗ്ധമായൊരു റഫറിയുടെ റോളാണ് ദാസിന് ഈ പ്രക്രിയയില്‍ നിര്‍വഹിക്കേണ്ടിവരിക. ഡിജിറ്റല്‍ കളിയില്‍ ഏത് നിസാരമായ പിഴവാണെങ്കിലും അത് കനത്ത ആഘാതമായിരിക്കും ധനകാര്യ സ്ഥിരതയ്ക്കുമേല്‍ ഉളവാക്കുക. ഡിജിറ്റലൈസേഷന്‍ പ്രതിസന്ധി നേരിടാന്‍ 2022 ഓഗസ്റ്റില്‍ ആയിരുന്നു ആര്‍ബിഐയുടെ പ്രഥമ നടപടി. ഇതനുസരിച്ച് ഡിജിറ്റല്‍ വായ്പാ ഇടപാടിന് നിയമസാധുത, ആര്‍ബിഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തി. മറ്റൊരു വ്യക്തിക്കോ, ഏജന്‍സിക്കോ, ഇതിനുള്ള അനുമതി ഉണ്ടായിരിക്കില്ല. സെപ്റ്റംബറില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള മാര്‍ഗരേഖകള്‍ കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. ഇതിനെല്ലാം പുറമെ, ശക്തികാന്ത നേരിടേണ്ടിവന്ന കനത്ത വെല്ലുവിളി പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതോടൊപ്പം രൂപയുടെ വിനിമയ മൂല്യശോഷണം തടഞ്ഞുനിര്‍ത്തുക എന്നതായിരുന്നു. ഈ രണ്ടു നടപടികളും വളരെ ചിട്ടയോടെയും ശ്രദ്ധാപൂര്‍വമായും ചെയ്യേണ്ടതുമായിരുന്നു. 2022 ഏപ്രില്‍ മാസമായതോടെ ചില്ലറ പണപ്പെരുപ്പ നിരക്ക് 2014 മേയ് മാസത്തിനുശേഷം ഏറ്റവും ഉയര്‍ന്ന് 7.79 ശതമാനം വരെ എത്തുകയും ചെയ്തിരുന്നു.

ആര്‍ബിഐ നിജപ്പെടുത്തിയിരുന്ന ചില്ലറ പണപ്പെരുപ്പനിരക്ക് നാല് ശതമാനവും പരമാവധി നിരക്ക് ആറ് ശതമാനവുമായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച തുടര്‍ന്നുകൊണ്ടുതന്നെ ഇരുന്നു. 2022 ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയ്‌ന്‍ സൈനികാക്രമണം ഇന്ത്യന്‍ വിദേശ വിനിമയശേഖരത്തെയും സാരമായി ബാധിക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഈ ശേഖരം വിനിയോഗിക്കുക പ്രതിബന്ധമായി അനുഭവപ്പെടുകയും ചെയ്തു. ധനകാര്യ സ്ഥിരതയും രൂപയുടെ മൂല്യസംരക്ഷണവും ഉറപ്പാക്കാന്‍ വേറെ വഴികള്‍ തേടാന്‍ ശക്തികാന്ത ദാസ് നിര്‍ബന്ധിതമായി. അങ്ങനെയാണ് റിവേഴ്സ് റിപ്പോ നിരക്ക് ക്രമേണ പ്രയോഗത്തിലാക്കാന്‍ കളമൊരുക്കപ്പെട്ടത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഉദ്ദേശിച്ച ഫലമുണ്ടായില്ല. അസംസ്കൃതഎണ്ണ വിലവര്‍ധനവും ആഗോള പണപ്പെരുപ്പവും മുഴുവന്‍ ലോക രാജ്യങ്ങളെയും സമാനമായ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയില്‍ ശക്തികാന്ത ദാസിന് ഈ പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ തിരിച്ചറിയുന്നതില്‍ വീഴ്ച സംഭവിച്ചതായിട്ടാണ് വിലയിരുത്തുന്നത്. 2022 ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രാലയം മൊത്തം വായ്പാതുക 14.3 ട്രില്യന്‍ രൂപയായി ഉയര്‍ത്തിയപ്പോള്‍ അതിലൂടെ പണപ്പെരുപ്പത്തിന്റെ ആക്കം വര്‍ധിക്കുമെന്ന് തിരിച്ചറിയാന്‍ ആര്‍ബിഐക്ക് കഴിയാതെ പോയി. അന്നൊന്നും വായ്പാ നിരക്ക് നേരിയതോതില്‍ പോലും ഉയര്‍ത്താന്‍ ആര്‍ബിഐ ശ്രമിച്ചില്ല.


ഇതുകൂടി വായിക്കൂ: ബാങ്ക് തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിന് കര്‍ശന നടപടി വേണം


ഇത് മോണിറ്ററി പോളിസി കമ്മിറ്റിയുടെ പരാജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തനിക്കു പറ്റിയ വീഴ്ച തിരിച്ചറിഞ്ഞപ്പോള്‍ ശക്തികാന്ത ദാസ് പണനയരൂപീകരണ സമിതി (പിപിസി) യോഗങ്ങള്‍ തുടര്‍ച്ചയായി വിളിച്ചു ചേര്‍ക്കുകയും തെറ്റുതിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 2022 ഡിസംബറില്‍ മാത്രം ബാങ്ക് നിരക്കുകള്‍ നാലുവട്ടമാണ് ഉയര്‍ത്തിയത്; നാല് ശതമാനത്തില്‍ നിന്ന് 6.25 ശതമാനം വരെ. യുഎസ് ഫെഡറല്‍ റിസര്‍വ് ഏകപക്ഷീയമായി സ്വീകരിച്ചിരുന്ന റേറ്റ് വര്‍ധനയ്ക്കെതിരെ മറ്റൊരു കേന്ദ്ര ബാങ്കിനും മറിച്ച് ചെയ്യാന്‍ കഴിയുമായിരുന്നില്ല. നിരക്ക് വര്‍ധന ഈ തോതില്‍ എത്രനാളത്തേക്കായിരിക്കും തുടരേണ്ടിവരിക എന്നത് അനിശ്ചിതത്വത്തിലാണ്. 2032 ആകുമ്പോഴേക്ക് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. സിഇബിആര്‍ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടാകട്ടെ സ്ഥിതിവിവര കണക്കുകള്‍ക്കായി ഐഎംഎഫിന്റെ രേഖകളെ ആണ് ആശ്രയിച്ചിരിക്കുന്നത്. കോവിഡിന്റെ പുതിയൊരു തരംഗവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗൗരവതരമായൊരു വെല്ലുവിളിയാകാനുള്ള സാധ്യതയും വിരളമല്ല. ആകപ്പാടെ അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം തന്നെയാണ് ആഗോളതലത്തിലെന്നപോലെ ദേശീയ തലത്തിലും കാണാന്‍ കഴിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.