4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024

സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; ആരോഗ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 14, 2021 4:20 pm

സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളില്‍ ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാള്‍ക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊര്‍ജിത കൊതുകുനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സിക്ക പ്രതിരോധത്തിന് പ്രയത്‌നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. സിക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സര്‍വയലന്‍സിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീന്‍ ചെയ്തത്. പനി, ചുവന്ന പാടുകള്‍, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദര്‍ശനം നടത്തി കണ്ടെത്തി. അതില്‍ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയത്. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാല്‍ പനി തുടങ്ങിയ ലക്ഷണമുള്ള എല്ലാ ഗര്‍ഭിണികളേയും പരിശോധിച്ചു. 4252 ഗര്‍ഭിണികളെ സ്‌ക്രീന്‍ ചെയ്തതില്‍ 6 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാല്‍ ആ കുഞ്ഞിനും സിക്ക വൈറസ് മൂലമുള്ള പ്രശ്‌നമുണ്ടായില്ല. അങ്ങനെ ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ മുഴുവന്‍ ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും സംരക്ഷിക്കാനായി.

കോവിഡ് മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ 8ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിനോടൊപ്പം തന്നെ സിക്ക പ്രതിരോധവും ശക്തമാക്കുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ച് എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പിന്നാലെ രോഗം റിപ്പോര്‍ട്ട് ചെയ്തു. അതോടെ സിക്ക പ്രതിരോധത്തിന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മന്ത്രി നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ആരോഗ്യ, തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് മന്ത്രിമാര്‍ യോഗം കൂടി ഏകോപിച്ച് പ്രവര്‍ത്തിച്ചു. സിക്കയോടൊപ്പം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയെ കൂടി പ്രതിരോധിക്കാന്‍ പദ്ധതികളാവിഷ്‌ക്കരിച്ചു.

സംസ്ഥാനത്തെ 3 മെഡിക്കല്‍ കോളേജുകളിലും എന്‍.ഐ.വി. ആലപ്പുഴയിലും തിരുവനന്തപുരം പബ്ലിക് ലാബിലും സിക്ക വൈറസ് പരിശോധിക്കാനുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. സിക്ക വൈറസ് ബാധയുള്ള പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രതിരോധം ശക്തമാക്കിയത്. വീടുകള്‍ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കി. കേസുകള്‍ കൂടുതലുള്ള തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ മെഡിക്കല്‍ ഓഫീസ്, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവ ഏകോപിച്ച് ശക്തമായ പ്രവര്‍ത്തനം നടത്തി. ഇതോടൊപ്പം ലഭിച്ച ജനപങ്കാളിത്തവും സിക്കയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. മഴ മാറാതെ നില്‍ക്കുന്നതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
Eng­lish sum­ma­ry: zika virus Ker­ala updates
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.