17 May 2024, Friday

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് കായിക പരിശീലനവുമായി ഇന്ത്യന്‍ ഓയില്‍

Janayugom Webdesk
തിരുവനന്തപുരം
August 15, 2021 6:14 pm

ജയിലിലെ തടവുകാര്‍ക്ക് വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്കുന്ന, പരിവര്‍ത്തന്‍ സംരംഭത്തിന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടക്കമായി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജയിലുകളിലും കായിക പരിശീലന പരിപാടി ആരംഭിച്ചു.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പരിവര്‍ത്തന്‍ പരിപാടി, ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിജിപി ഡോ. ദര്‍വേഷ് സാഹേബ്, ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജരും സംസ്ഥാനതലവനുമായ വി.സി. അശോകന്‍ എന്നിവര്‍ സംബന്ധിച്ചു.

പരിവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളിലെ ജയില്‍വകുപ്പുമായി സഹകരിച്ചുകൊണ്ട്, തടവുപുള്ളികള്‍ക്ക്, ബാഡ്മിന്റണ്‍, വോളിബോള്‍, ചെസ്സ്, ടെന്നീസ്, കാരംസ് എന്നീ ഇനങ്ങളിലാണ് പരിശീലനം നല്‍കുക.

തടവുശിക്ഷ അനുഭവിക്കുന്നവരുടെ കായികവും മാനസികവുമായ ഉന്നമനമാണ് പരിവര്‍ത്തന്റെ ഉദ്ദേശ്യം. വിനോദം എന്നതിലുപരി പ്രാദേശിക മത്സരങ്ങളളില്‍ അവര്‍ക്ക് അവസരം ലഭ്യമാക്കുക എന്നതും പരിവര്‍ത്തന്റെ ഉദ്ദേശ്യത്തില്‍പ്പെടുന്നു. നാലാഴ്ച നീണ്ടുനില്ക്കുന്ന പരിശീലനത്തിന് 129- തടവുകാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യന്‍ ഓയിലിന്റെ കായിക താരങ്ങള്‍, പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കും. ബാഡ്മിന്റണ്‍ താരങ്ങളായ അഭിന്‍ ശ്യാം (അര്‍ജുന അവാര്‍ഡ് ജേതാവ്) തൃപ്തി മുരുഗുന്ദേ (കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ്) എസ്. അരുണ്‍ വിഷ്ണു (ദേശീയ ചാമ്പ്യന്‍) വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ പത്മിനി റൗട്ട് (ചെസ്) ടെന്നീസ് താരം രുഷ്മി ചക്രവര്‍ത്തി (ദേശീയ ചാമ്പ്യന്‍) പ്രമുഖ കളിക്കാരായ രമേഷ് ബാബു, എസ്. പരിമള ദേവി, ശ്രീനിവാസ് എന്നിവര്‍ പരിശീലകരില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ഓയില്‍ ഒട്ടേറെ സാമൂഹ്യ ക്ഷേമ പരിപാടികളില്‍ പങ്കാളിയാണെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു. ഇവയില്‍ തടവുകാരുടെ മാനസികവും കായികവുമായ ക്ഷമത വര്‍ധിപ്പിച്ച് അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ പരിവര്‍ത്തന്‍ സഹായകമാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ നല്കാനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ പമ്പുകളില്‍ കസ്റ്റമര്‍ അറ്റന്റ്‌സ് ആയി അവര്‍ ജോലി നല്കാനാണ് പരിപാടി.

പരിവര്‍ത്തന്‍ പരിപാടിയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിനെ ഉള്‍പ്പെടുത്തിയതില്‍ ജയില്‍ ഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഗ് സാഹെബ് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനോടും ടീമിനോടും നന്ദിപ്രകാശിപ്പിച്ചു. ഭാവിയില്‍ ഇന്ത്യന്‍ ഓയിലിന്റെ ഹരിതോര്‍ജ്ജ സംരംഭങ്ങളില്‍ പങ്കാളിയാകാന്‍ കേരള ജയില്‍ വകുപ്പിന് താല്പര്യമുണ്ട്. ഇവികള്‍, സിഎന്‍ജി സ്റ്റേഷനുകള്‍, ജയില്‍ പെട്രോള്‍ പമ്പുകള്‍ എന്നിവര്‍ അതില്‍ ഉള്‍പ്പെടും.

പരിവര്‍ത്തന്‍ ആദ്യഘട്ടം എന്ന നിലയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചഞ്ചല്‍ ഗുഡ് സെന്‍ട്രല്‍ ജയില്‍ (ഹൈദരാബാദ്) പുഴല്‍ സെന്‍ട്രല്‍ ജയില്‍ (ചെന്നൈ) സ്‌പെഷല്‍ ജയില്‍ (ഭുവനേശ്വര്‍) സര്‍ക്കിള്‍ ജയില്‍ (കട്ടക്) എന്നിവിടങ്ങളിലാണ് നടപ്പിലാക്കുക.

നിലവില്‍ കേരളം, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 30 ഇന്ത്യന്‍ ഓയില്‍ പമ്പുകളില്‍ 30 വിമോചിത തടവുകാര്‍ ജോലി ചെയ്യുന്നുണ്ട്.

Eng­lish Sum­ma­ry : sports train­ing for con­victs in poo­jap­pu­ra jail by indi­an oil

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.