15 June 2024, Saturday

എന്തുകൊണ്ട് കര്‍ഷകര്‍ രോഷാകുലരാകുന്നു

പ്രത്യേക ലേഖകന്‍
May 17, 2024 4:30 am

ഞ്ചാബിലെയും ഹരിയാനയിലെയും ക്ഷുഭിതരായ കർഷകർ ഭരണകക്ഷിയായ ബിജെപിയുടെയും സഖ്യകക്ഷികളുടെയും സ്ഥാനാർത്ഥികളെ തുരത്തുന്നതിന്റെ വീഡിയോകളും റിപ്പോര്‍ട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. എന്തുകൊണ്ടാണ് മോഡി സര്‍ക്കാരിന്റെ ഭരണത്തില്‍ കർഷകർ ഇത്ര ക്ഷുഭിതരാകുന്നത്? അസാധുവാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുകയോ, എംഎസ്‌പിക്ക് (മിനിമം താങ്ങുവില) നിയമപരമായ ഉറപ്പ് ആവശ്യപ്പെടുകയോ ചെയ്യുമ്പോള്‍ പോലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളാണ് പ്രധാന കാരണം.
പൗര സംഘടനകള്‍, കര്‍ഷക യൂണിയനുകൾ, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ കൂട്ടായ്മയായ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി നെറ്റ്‌വർക്ക് ഇന്ത്യ (ഫാൻ ഇന്ത്യ) തയ്യാറാക്കിയ റിപ്പോർട്ട് കാർഡിൽ പാഴായിപ്പോയ മോഡിയുടെ വാഗ്ദാനങ്ങളും കര്‍ഷകരുടെ അവസ്ഥയും വ്യക്തമാക്കുന്നു. എം എസ് സ്വാമിനാഥൻ കമ്മിഷൻ നിര്‍ദേശപ്രകാരം കർഷകരുടെ ഉല്പന്നങ്ങൾ ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും മിനിമം താങ്ങുവില നിരക്കിൽ സർക്കാർ സംഭരിക്കുമെന്ന് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് വെറും ‘വാഗ്ദാനം’ മാത്രമായി നില്‍ക്കുന്നു. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2016ല്‍ മോഡി വീണ്ടും വാഗ്ദാനം നല്‍കി. അതും നടപ്പിലായില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

2021ൽ പുറത്തിറക്കിയ സ്ഥിതിവിവര കണക്കനുസരിച്ച് 2018–19ൽ കർഷക കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 10,218 രൂപ മാത്രമാണ്. സര്‍ക്കാരിന്റെ വാഗ്ദാനമനുസരിച്ച് 22,610 രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ഫാന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് മിനിമം താങ്ങുവില അടിസ്ഥാനമാക്കിയുള്ള സംഭരണം ഉറപ്പാക്കുന്ന വിപണി ഇടപെടല്‍ നടപടിയിലും ഉല്പന്ന‑സേവന സംവിധാനങ്ങളിലും (എംഐഎസ്-പിഎസ്എസ്) സർക്കാർ മൗനം പാലിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ പദ്ധതിയിൽ ഗണ്യമായ കുറവുണ്ടായി. ബജറ്റ് എസ്റ്റിമേറ്റനുസരിച്ച് പദ്ധതി വിഹിതം 2022–23 ലെ 1,500 കോടി രൂപയിൽ നിന്ന് 2023–24, 2024–25 വർഷങ്ങളിൽ യഥാക്രമം 0.01 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോർട്ട് പറയുന്നു.
2023–24 വിരിപ്പുകൃഷിക്കാലത്ത് 2023 ജൂൺ ഏഴിന് പ്രഖ്യാപിച്ച മിനിമം താങ്ങുവില ന്യായമാേ പര്യാപ്തമോ ആയിരുന്നില്ല. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുപകരം അവരെ കടക്കെണിയിലാക്കുകയായിരുന്നു. ചെലവ് വർധിക്കുന്നതും എംഎസ്‌പി ഇല്ലാത്തതും വലിയ വിഭാഗം കര്‍ഷകരെ കടത്തിലേക്ക് തള്ളിവിട്ടു. പ്രത്യേകിച്ച്, ചെറുകിട, നാമമാത്ര, ഇടത്തരം കർഷകരും കുടിയാൻമാരുമാണ് കടക്കെണിയിലായത്.
2013 ല്‍ 52ശതമാനം കര്‍ഷകര്‍ കടക്കെണിയിലായിരുന്നത് 2019 ആയപ്പോള്‍ 50.2ശതമാനമായി കുറഞ്ഞുവെന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ 2014 മുതല്‍ 2022 വരെ നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ 1,00,474 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദിവസേന 30 ആത്മഹത്യ നടക്കുന്നുവെന്നാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍, പരാജയപ്പെടുന്ന പദ്ധതികള്‍, അപര്യാപ്തമായ ബജറ്റ് വിഹിതം എന്നിവയെല്ലാം കര്‍ഷകരെ കടുത്ത നിരാശയിലേക്ക് തള്ളിവിടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് കര്‍ഷക ആത്മഹത്യ ഇത്രയേറെ കൂടാന്‍ കാരണം. 

സർക്കാരിന്റെ തന്നെ കണക്കുകൾ പ്രകാരം മോഡി ഭരണത്തിന്റെ രണ്ടാം ഘട്ടത്തിൽ (2019–24), കർഷക ആത്മഹത്യകൾ 10,281ൽ നിന്ന് 11,290 ആയി വർധിച്ചു. കർഷകത്തൊഴിലാളികൾക്കിടയിലെ ആത്മഹത്യകളുടെ എണ്ണം 4,324 ൽ നിന്ന് 6,083 ആയി. മഹാരാഷ്ട്ര, വിദർഭ, മറാത്ത്‌വാഡ എന്നീ പ്രദേശങ്ങൾ ഏറ്റവും മോശമായ സാഹചര്യത്തിന് സാക്ഷ്യം വഹിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നവീകരണം, 2022–23 ഓടെ കാർഷിക കയറ്റുമതി 10,000 കോടി ഡോളറായി ഉയർത്തുക, കാർഷികോല്പന്നങ്ങൾക്കായി അഗ്രി-റെയിൽ ശൃംഖല സ്ഥാപിക്കുക, ചെറുകിട നാമമാത്ര കർഷകർക്ക് ചുരുങ്ങിയത് 3,000 രൂപ പെൻഷൻ എന്നിവയൊന്നും നടപ്പായില്ല. പകരം കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഗ്രാമീണ ജനതയുടെ ജീവനാഡിയായി വർത്തിക്കുന്ന മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) വിഹിതം വർഷങ്ങളായി കുറയുന്നു. 2014–15 സാമ്പത്തിക വർഷത്തിലെ മൊത്തം ബജറ്റിന്റെ 1.85 ശതമാനത്തിൽ നിന്ന് 2023–24 സാമ്പത്തിക വർഷത്തിൽ 1.33 ശതമാനമായി. കഴിഞ്ഞ വർഷത്തെ വിഹിതമായ 60,000 കോടി രൂപ മുൻ വർഷത്തെക്കാൾ 33 ശതമാനം കുറവാണ്. മൊത്തം ജിഡിപിയുടെ 0.198 ശതമാനം മാത്രമായിരുന്നു ഇത്. 2023–24 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 86,000 രൂപയായിരുന്നു. 2024–25 ലെ എസ്റ്റിമേറ്റിലും വർധിപ്പിച്ചിട്ടില്ല.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി ഫസൽ ബീമാ യോജനയിൽ, 14,600 കോടി രൂപ വകയിരുത്തിയത് പ്രധാനമായും ഇൻഷുറൻസ് കമ്പനികളുടെ പോക്കറ്റിലേക്കാണ് ഒഴുകിയതെന്ന് റിപ്പോർട്ട് പറയുന്നു. 2022–23 റാബി സീസണില്‍ 7.8 ലക്ഷം കർഷകർക്ക് ക്ലെയിം ഇനത്തിൽ 3,878 കോടി രൂപ മാത്രമാണ് നൽകിയത്. കർഷകർക്കുള്ള വായ്പകള്‍, ഗ്രാമീണ ശാഖകളെക്കാൾ കൂടുതൽ ബാങ്കുകളുടെ നഗര, മെട്രോപൊളിറ്റൻ ശാഖകൾ വഴി നൽകുന്നതും ദുരൂഹമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
(അവലംബം: ന്യൂസ് ക്ലിക്ക്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.