22 December 2024, Sunday
KSFE Galaxy Chits Banner 2

തിരുനല്ലൂരിന്റെ തിരുവോണക്കവിതകൾ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
August 19, 2021 4:30 am

ണക്കാലകവിതകളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് മഹാകവികളായ വൈ­ലോപ്പിള്ളിയുടെയും പി കുഞ്ഞിരാമൻ നായരുടെയും കൽപ്പനകളാണ്. അവരാണ് ഓണം വിഷു തുടങ്ങി, കാർഷികമേഖലയിൽ കരുതലുകൾ സൃ­ഷ്ടിക്കുന്ന വിശേഷങ്ങളെക്കുറിച്ച് കൂടുതലെഴുതിയത്. എന്നാൽ മലയാളത്തിലെ മിക്കകവികളും ഓണക്കവിതകൾ എഴുതിയിട്ടുണ്ട്. ചില കവികൾ നെഗറ്റീവായും ഓണത്തെ സമീപിച്ചിട്ടുണ്ട്. ഓണക്കവിതകളിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നതാണ് അഷ്ടമുടിക്കായലിന്റെ നിത്യകാമുകനായ തിരുനല്ലൂർ കരുണാകരന്റെ ഓണക്കാലരചനകൾ.

ഓണക്കാലം ചാനൽക്കാലമാക്കുകയാണ് പുതി­യ തലമുറ. ആ സമയത്ത് ഒരു മുത്തശ്ശി പകൽക്കിനാവിലൂടെ സ്വന്തം യുവത്വത്തിലെത്തുന്ന കവിതയാണ് ‘മുത്തശ്ശിയുടെ ഓണം’. ആൾത്തിരക്കിൽ ഒറ്റയാകുന്ന മുത്തശ്ശിക്കു മുന്നിൽ ചെറുമുറ്റം പച്ചത്തൊടിയായി മാറുന്നു. അവിടെ കാറ്റിലാടുന്ന മാവ് കാണാകുന്നു. ആകാശത്തുനിന്നും നിലാവ് വീഴുന്നു. മാവിൽ വെള്ളിയൂഞ്ഞാൽ ഞാലുന്നു. പെൺകൊടികൾ ആ ഊഞ്ഞാലിലാടുന്നു. നടുക്കിരുന്നാടുന്ന മുത്തശ്ശിയുടെ ചെറുപ്പവും കാണാകുന്നു! ഗ്രാമീണതയും ശാലീനതയും തുളുമ്പുന്ന ഒരു ചലച്ചിത്ര ദൃശ്യമാണ് ഈ കവിതയിൽ തെളിയുന്നത്.

‘ഓണം’ എന്ന കവിതയിൽ വിഷാദത്തെ ധിക്കരിച്ചുകൊണ്ട് ഓണത്തെ വരവേൽക്കുന്ന ജനതയെയാണ് തിരുനല്ലൂർ ചിത്രീകരിച്ചിട്ടുള്ളത്. ഒരു വർഷത്തെ ക്ഷീണം ഒരു ഗാനത്താലും ഒരു വർഷത്തെ ദാഹം ഒരു തുള്ളിയാലും തീർക്കുന്ന കാലമാണ് ഓണക്കാലം. ദുഃഖിതർക്ക് ഈ ദിവസങ്ങളിൽ മാത്രം സന്തോഷം!
പാവങ്ങളുടെ ഓണം എങ്ങനെ കരളലിയിപ്പിക്കുന്നു എന്നു ചൂണ്ടിക്കാണിക്കുകയാണ് ‘ഓണം കഴിഞ്ഞ്’ എന്ന ഓണക്കവിതയിൽ തിരുനല്ലൂർ. കായലിൽ പ്രതിബിംബം കാണുന്ന നാട്ടിൽ ദുഃഖിതയായ ഒരു പെൺകൊടി. ഇക്കൊല്ലത്തെ കൂലിയിൽ നിന്നും നല്ലൊരു പങ്ക് അവൾ മുൻകൂർ വാങ്ങിയിരിക്കയാണ്. ഓണനാളുകൾ കഴിഞ്ഞു. നാളെ മുതൽ ആർക്കോ വേണ്ടി തൊണ്ടു ചതയ്ക്കാന്‍ പോകണം. കയ്യിൽ പൊട്ടിയ വളകളല്ലാതെ ഒന്നുമില്ല. ക­ഞ്ഞിക്കു ഇനി മുതൽ കണ്ണുനീരാണ് വെള്ളം. ശരിയായ കൂലിയോ മാറ്റിവച്ച വേതനമായ ബോണസോ ഇല്ലാത്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ നേർപകുതിയിലെഴുതിയ കവിതയാണിത്.
സാഹിത്യം കാലത്തിന്റെ കണ്ണാടിയാണെങ്കിൽ ഇതാണ് സാഹിത്യം.
തിരുവോണത്തിനെത്തുന്ന മഹാബലിയെ കണ്ട് സങ്കടം ബോധിപ്പിക്കാൻ വന്ന ഒരാൾ മഹാബലി എത്തിയില്ലെന്ന വാസ്തവത്തിലെത്തുന്നതാണ് ‘അങ്ങയെ കണ്ടില്ല’ എന്ന കവിത.

ഓണാഘോഷത്തിൽ പഴയ രാജാവിന്റെ കുതിരപ്പടയടക്കം പലതും കണ്ടു. മാവേലിമന്നനെ മാത്രം അക്കൂട്ടത്തിൽ കണ്ടില്ല. മഹാബലിക്ക് നിവേദിക്കാൻ കൊണ്ടുപോയ ഒരു പിടി അന്നം അയാൾ തന്നെ കഴിച്ചിട്ട് കമ്പം കണ്ടു പോകാമെന്നു തീരുമാനിക്കുകയാണ്. അപ്പോൾ മഹാബലി എവിടെയാണ്? യുക്തിയുടെ ചായത്തിലെഴുതിയ ചിത്രമാണ് ഈ കവിത.

പഞ്ഞക്കുടികൾക്ക് മുന്നിലെത്തുമ്പോൾ കാലിടറിപ്പോകുന്ന ഓണത്തെയാണ് ‘എതിരേൽക്കാൻ’ എന്ന കവിതയിൽ കണ്ണീരും രോഷവും ചാലിച്ച് എഴുതിയിട്ടുള്ളത്. വലിയവർക്കു നെല്ലും എളിയവർക്കു വെയിലും നൽകുന്ന ഓണത്തോട്, പെരുമഴയാൽ കുടിൽ തകർക്കാഞ്ഞതിന് കവി നന്ദി പറയുന്നുണ്ട്. അടുത്ത വർഷം ഓണം വരുമ്പോൾ തുടുത്ത കവിളുമായി എതിരേൽക്കാൻ ശ്രമിക്കാം എന്നുമാത്രമേ പാവങ്ങളോടൊപ്പം നിന്ന് കവിക്കു പറയാൻ കഴിയുന്നുള്ളൂ.
ഓണത്തിന്റെ സൗന്ദര്യലഹരിയിൽ വീണമീട്ടിപ്പാടാൻ ഒരുങ്ങുന്ന കവി ദരിദ്രയായ ഒരമ്മയുടെയും മകന്റെയും ജീവിതദുഃഖം കണ്ട് മണിവീണ ഉപേക്ഷിക്കുന്നതാണ് ‘ഉറക്കെ പാടട്ടെ ഞാൻ’ എന്ന ഓണക്കവിത. നുണയുന്ന മാത്രയിൽ മാഞ്ഞു പോകുന്നതാണ് മധുരം. എന്നാൽ കട്ടിത്തുണിയാണെങ്കിൽ ഏഴെട്ടുമാസം നിൽക്കും എന്ന അമ്മയുടെ വാക്കുകളിൽ ഒരു ജീവിതത്തിന്റെ മുഴുവൻ ഋതുക്കളുമുണ്ട്. ഓണത്തിനെത്തി മടങ്ങിപ്പോകുന്ന പ്രവാസിയുടെ ദുഃഖനിർഭരമായ ചിത്രമാണ് വിദേശമലയാളി എന്ന കവിതയിൽ. അമ്മയുടെയും സഹോദരിമാരുടെയും പിന്നിൽ മറഞ്ഞു നിൽക്കുന്ന ശോകരാഗമൂർച്ഛ മലയാളത്തിനു ലഭിച്ച മനോഹര ചിത്രരചനയാണ്.
സംയമനവും സൂക്ഷ്മതയും പാലിച്ചുകൊണ്ട് മനുഷ്യ വേദനകളെ ചിത്രീകരിക്കുന്നതാണ് വിപ്ലവകവിതയെങ്കിൽ തിരുനല്ലൂർ കരുണാകരൻ കേരളത്തിന്റെ വിപ്ലവകവിയാണ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.