22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 28, 2024
October 27, 2024
October 26, 2024
October 21, 2024
September 5, 2024
September 1, 2024
August 14, 2024
July 17, 2024
July 13, 2024

വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുന്നു; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തന്ത്രങ്ങള്‍ പാളുന്നു

പുളിക്കല്‍ സനില്‍രാഘവന്‍
August 26, 2021 1:14 pm

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയുന്നത് എത്രയോ അന്വര്‍ത്ഥമാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ പോക്ക്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പാര്‍ട്ടിയെ അടിത്തട്ട് മുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഹൈക്കമാന്‍ഡ് കേരളത്തില്‍ ഇടപെട്ടത്. ഇതിന്റെ ഫലമായി വിഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനും ആക്കി കൂടാതെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരായി ടി. സിദ്ധിഖ്, പി ടി തോമസ്,കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ നിയമിക്കുകയും ചെയ്തു. ഇത് മുതിര്‍ന്ന നേതാക്കളായ . ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒതുക്കിക്കൊണ്ടായിരുന്നു എന്നാല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ നീക്കം കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നയിക്കുന്നത്. മുമ്പ് ഗ്രൂപ്പുകളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയമെങ്കില്‍ ഇപ്പോഴത് വ്യക്തികേന്ദ്രീകൃതമായ ‘ബ്രിഗേഡു‘കളിലേക്ക് മാറിയിരിക്കുകയാണ്. ഡിസിസി പുന:സംഘടനയിലൂടെ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനിറങ്ങിയ കോണ്‍ഗ്രസ് ഇപ്പോള്‍ കടുത്ത ഗ്രൂപ്പ് പോരിന്റെ കാലത്തേക്കാള്‍ ദുരിതം നിറഞ്ഞ അവസ്ഥയില്‍ ആണ്. മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നെങ്കിലും ഡിസിസി പ്രസിഡന്‍റുമാരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്താനുള്ള മാരത്തൺ ചർച്ച ദില്ലിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അന്തിമ സാധ്യത പട്ടിക ഹൈക്കമാൻറിന് സമർപ്പിച്ചു. ഇതിൻമേലുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

ദില്ലിയിൽ ചർച്ചകൾ മുറുകുമ്പോഴും പല ജില്ലകളിലും കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലാണ്.കോൺഗ്രസിന്റെ തിരിച്ചുവരവിന് ഗ്രൂപ്പ് വടംവലികൾ അവസാനിക്കേണ്ടതുണ്ടെന്ന് ആവർത്തിക്കുകയാണ് പുതിയ കെപിസിസി നേതൃത്വം. എന്നാല്‍ ഗ്രൂപ്പ് മാനേജര്‍മാര്‍ തള്ളിക്കളയുകയാണ്., 14 ജില്ലകളിലും അധ്യക്ഷൻമാരുടെ കാര്യത്തിൽ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് കെ സുധാകരൻ പറഞ്ഞത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ കേരളതത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അൻവർ തയ്യാറായിട്ടില്ല. 5 ജില്ലകളിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ഇപ്പോഴത്തെ തർക്കം നിലനിൽക്കുന്നത്.തിരുവനന്തപുരത്ത് മുൻ എംഎൽഎയായ കെഎസ് ശബരീനാഥിന്റെ പേരാണ് ഒരു വിഭാഗം ഉയർത്തുന്നത്. ശശി തരൂരിന്റെ നോമിനിയായി ജിഎസ് ബാബുവും പട്ടികയിൽ ഉൾപ്പെട്ടു. അതേസമയം പല ജില്ലകളും നഷ്ടമായ സാഹചര്യത്തിൽ തിരുവനന്തപുരം കിട്ടിയേ തീരുവെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. മുതിര്‍ന്ന നേതാക്കളായ തമ്പാനൂര്‍ രവി, പാലോട് രവി ഇവരിലൊരാളെ ആക്കണമെന്നാണ് എ ഗ്രൂപ്പിന്‍റെ താല്‍പര്യം. കൊല്ലത്ത് എ ഗ്രൂപ്പ് രാജേന്ദ്രപ്രസാദിനെയാണ് ഉയർത്തിക്കാട്ടുന്നത്. കൊടിക്കുന്നിലിന്‍റെ പ്രതിനിധിയാണ് ഇദ്ദേഹം. ഇത് എയിലെ തന്നെ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. അവര്‍ സൂരജ് രവിക്കുവേണ്ടിയാണ് ചരടു വിലിക്കുന്നത്. ഇത് അംഗീകരിക്കാൻ ഐ ഗ്രൂപ്പും തയ്യാറല്ല.ഐ ഗ്രൂപ്പിന്റെ കുത്തകയാണ് കൊല്ലം ജില്ല. അത് എ ഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത അമർഷം പുകയുന്നുണ്ട്. മാത്രമല്ല 79 കാരനായ നേതാവിനെ ചുമക്കേണ്ട ബാധ്യത ജില്ലാ നേതൃത്വത്തിന് ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഐ ഗ്രൂപ്പ് നേതാവായ എംഎം നസീറിന്റെ പേരാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ ബാബുപ്രസാദിനാണ് മേൽക്കൈ. അതേസമയം കെപി ശ്രീകുമാറിനായി കെസി വേണുഗോപാലും ചരടുവലി നടത്തുന്നുണ്ടെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ കെ സുധാകരന്റെ നോമിനിയായി എവി ഗോപിനാഥിനെയാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ മുൻ അധ്യക്ഷൻ കൂടിയായ ഗോപിനാഥിനെതിരെ വികെ ശ്രീകണ്ഠൻ എംപി ഉൾപ്പെടെ രംഗത്തുണ്ട്.

യുവ നേതാവും തൃത്താല എംഎൽഎയുമായ വിടി ബൽറാമിന്റെ പേരാണ് വിഡി സതീശൻ മുന്നോട്ട് വെയ്ക്കുന്നത്. എന്നാൽ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തന പരിചയം ഇല്ലാത്ത നേതാവാണ് വി ടിയെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ഇവിടെ എ തങ്കപ്പന്റെ പേരാണ് കെ സി വേണുഗോപാലിന്റെ നിർദ്ദേശം. അതേസമയം തങ്കപ്പനെതിരേയും ഹൈക്കമാന്റിന് പരാതി പോയിട്ടുണ്ട്. മലപ്പുറത്ത് വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ആര്യാടൻ ഷൗക്കത്തിനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ ഡിസിസി,കെപിസിസി ഭാരവാഹികൾ ഹൈക്കമാന്റിന് പരാതികൾ അയച്ചിട്ടുണ്ട്. എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള ജില്ലയാണ് മലപ്പുറം. രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും പിന്തുണ ഉണ്ടെങ്കിലും എ ഗ്രൂപ്പിൽ തന്നെ ഒരു വിഭാഗം ഷൗക്കത്തിനെതിരെ രംഗത്തുണ്ട്. പ്രവർത്തന പരിചയം ഇല്ലാത്ത നേതാവിനെ വേണ്ടെന്നാണ് ഇവരുടെ നിലപാട്. മാത്രമല്ല ലീഗിനും ഷൗക്കത്തിനോട് അതൃപ്തിയുണ്ട്. സമുദായാംഗങ്ങൾക്കും താത്പര്യമില്ലെന്നതും ഷൗക്കത്തിന് തിരിച്ചടിയാണ്. വിഎസ് ജോയിയുടെ പേരാണ് ഐ ഗ്രൂപ്പിൽ നിന്നുള്ള ഒരു വിഭാഗം ഉയർത്തുന്നത്. അതേസമയം കോഴിക്കോട് പ്രവീൺ കുമാറിന്റെ പേരിനെ ചൊല്ലി പോര് കനക്കുകയാണ്. എ ഗ്രൂപ്പിന്റെ കൈവശമുള്ള ജില്ലയാണ് കോഴിക്കോട്. തിരുവനന്തപുരത്തും കൊച്ചിയിലും തങ്ങൾക്ക് അവസരം നൽകാത്ത സാഗചര്യത്തിൽ കോഴിക്കോട് കിട്ടിയേ തീരുവെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം. എന്നാൽ ഇവർക്ക് ഉയർത്തിക്കാട്ടാൻ മികച്ച നേതാവില്ലെന്നതാണ് വലിയ വെല്ലുവിളി. ഐ ഗ്രൂപ്പ് നേതാവായ പ്രവീൺ കുമാറിനെ കെ മുരളീധരൻ എംപിയാണ് നിർദ്ദേശിച്ചത്.

അതേസമയം ഗ്രൂപ്പ് തർക്കങ്ങൾ കടുത്തതോടെ കടുത്ത വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തി. തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ നേതൃത്വത്തിലെത്തിയാല്‍ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുന്‍വിധിയോടെ പ്രവര്‍ത്തിക്കുന്നവര്‍ പ്രസ്ഥാനത്തിന്റെ ബന്ധുക്കൾ അല്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാന്‍ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് ചേര്‍ന്നതല്ല.കോണ്‍ഗ്രസിന്റെ പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവര്‍ അത്തരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിൻമാറണമെന്നും സുധാകരൻ താക്കീത് ചെയ്തു. ഡിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന പോസ്റ്റർ പ്രതിഷേധങ്ങളേയും ചെന്നിത്തല ബ്രിഗേഡ് എന്ന വാട്സാപ് ഗ്രൂപ്പിനേയും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സുധാകരന്റെ പരാമർശം. അതേസമയം ഗ്രൂപ്പുകൾക്ക് ഇനി പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി നേതൃത്വം നീങ്ങിയാൽ വരും ദിസവസങ്ങളിൽ വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന വിലയിരുത്തൽ ശക്തമാണ്. അത്തരമൊരു പരസ്യ പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് കാത്തിരിക്കുകയാണ് ‘ഗ്രൂപ്പ് മാനേജർമാർ’ എന്ന വിലയിരുത്തലുകളും ഉണ്ട്.

രമേശ് ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും ഇപ്പോഴത്തെ മൗനം ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. പുതിയ നേതൃത്വം എത്തിയതോടെ ഗ്രൂപ്പ് ഉപേക്ഷിച്ച് സ്ഥാനമാനങ്ങൾക്ക് പലരും മറുകണ്ടം ചാടിയിട്ടുണ്ട്. ഗ്രൂപ്പ് അതീതമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മുതിർന്ന നേതാക്കളും ഇക്കൂട്ടത്തിൽ ഉണ്ട്.. എന്നാൽ പുതിയ പട്ടികയിൽ ഇവർ ഉൾപ്പെടെ തഴയപ്പെട്ടുവെന്ന വികാരം ഉയരുന്നുണ്ട്. പട്ടിക പുറത്തുവന്നാൽ ഇവർ ഇടയുമെന്നും വീണ്ടും പഴയ ഗ്രൂപ്പുകളുടെ ഭാഗമാകുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ. മാത്രമല്ല ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ കെപിസിസി ഭാരവാഹികളെ കണ്ടെത്താനുള്ള ചർച്ചകളിൽ ഗ്രൂപ്പ് നേതാക്കളെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന നേതൃത്വം നിർബന്ധിതരാകുമെന്നും നേതാക്കൾ കരുതുന്നുണ്ട്. ഒപ്പം ഗ്രൂപ്പിനെ തള്ളും എന്ന് പറയുന്ന പുതിയ നേതൃത്വത്തിന്റെ നോമിനികൾ പട്ടികയിൽ ഇടംപിടിച്ചാൽ അത് തുറന്ന് കാട്ടാനും നേതാക്കൾ ശ്രമിച്ചേക്കും.ചുരുക്കത്തില്‍ കേരളത്തിലെ ഡിസിസി അദ്ധ്യക്ഷന്‍മാര്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുടെ കാര്യത്തില്‍ ഉറച്ച തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും കഴിയുന്നില്ല.

Eng­lish sum­ma­ry; The tac­tics of the Con­gress High Com­mand are failing

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.