25 November 2024, Monday
KSFE Galaxy Chits Banner 2

‘ദ്രൗപതി’മാരെയും ഭയക്കുന്നവര്‍

പ്രത്യേക ലേഖകന്‍
August 28, 2021 4:15 am

ബ്രിട്ടീഷ് ഭരണകൂടത്തിനു മാപ്പെഴുതിക്കൊടുത്ത ചരിത്രം മുതല്‍‍ക്കിങ്ങോട്ട് ദേശവിരുദ്ധതയുടെയും ഭീരുത്വത്തിന്റെയും ഇരട്ടമുഖമാണ് ആര്‍എസ്എസിനും സംഘപരിവാര്‍ നേതാക്കള്‍ക്കും. ചിരപ്രതിഷ്ഠിതമായ രാഷ്ട്ര ചരിത്രത്തെയും വസ്തുതകളെയും തിരുത്തിക്കുറിച്ച് മതേതര രാഷ്ട്രസങ്കല്പത്തെ ഇല്ലാതാക്കുന്നത് രാഷ്ട്രീയ ലക്ഷ്യവും അത്രത്തോളം ഭയത്തില്‍നിന്ന് ഉടലെടുത്തതുമാണ്. ചരിത്രത്താളുകളിലെ സംഘപരിവാര്‍ ഇടപെടല്‍ പ്രതിഷേധങ്ങള്‍‍ക്കും ചര്‍ച്ചകള്‍ക്കും ഇന്നും വിധേയമാണ്. ഏറ്റവുമൊടുവില്‍ ഡല്‍ഹി സര്‍വകലാശാലയിലെ ബിഎ (ഓണേഴ്സ്) ഇംഗ്ലീഷ് ബിരുദ കോഴ്സിന്റെ സിലബസില്‍ നിന്ന് വിഖ്യാത ബംഗാളി എഴുത്തുകാരി, ദിവംഗതയായ മഹാശ്വേതാ ദേവിയുടെ ചെറുകഥ ‘ദ്രൗപതി’ ഒഴിവാക്കിയതിനു പിന്നിലും സംഘപരിവാറിന്റെ ജനകീയ പ്രതിഷേധത്തോടുള്ള ഭയവും ഏകാധിപത്യ‑മത രാഷ്ട്രമെന്ന ഉന്നവുമാണ്.

ചട്ടങ്ങളെല്ലാം മറികടന്നാണ് സര്‍വകലാശാലയില്‍ ഇത്തരമൊരു അജണ്ട നടപ്പാക്കപ്പെട്ടത്. മഹാശ്വേതാ ദേവിയുടെ മാത്രമല്ല, ദളിത് എഴുത്തുകാരായ ബാമ, സുകര്‍ത്താരിണി എന്നിവരുടെ രചനകളും സിലബസിനു പുറത്ത് തള്ളിയിരിക്കുന്നു. ഫാക്കല്‍റ്റികള്‍, കോഴ്സ് കമ്മിറ്റി, സ്റ്റാന്‍ഡിങ് കമ്മിറ്റി തുടങ്ങിയ നിയമപരമായ സംവിധാനങ്ങളെ മറികടന്നാണ് സിലബസില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് അക്കാദമിക് കൗണ്‍‍­സില്‍ അംഗമായ മിഥുരാജ് ധുസിയ വെളിപ്പെടുത്തിയിരിക്കുന്നത്. നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാമുകളുടെ കാര്യത്തിലും വിശദമായ ചര്‍ച്ചയ്ക്ക് കൗണ്‍സിലില്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം പറയുന്നു.

അക്കാദമിക് കൗണ്‍സിലിന്റെ മേല്‍നോട്ട സമിതിയിലെ 14 പേര്‍ സിലബസില്‍ നിന്ന് ദ്രൗപതി ഉള്‍പ്പെടെയുള്ള കഥകള്‍ എടുത്തുമാറ്റുന്നതിനെ തുറന്നെതിര്‍ത്തു. 26 അംഗങ്ങളാണ് അക്കാദമിക് കൗണ്‍സിലില്‍ ഉള്ളത്. 16 പേര്‍ ദേശീയ വിദ്യാഭ്യാസ നയത്തിനും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ നടപ്പാക്കുന്നതിനെതിരെയും ഒരേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇവര്‍ നല്‍കിയ വിയോജനക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രതികരണം തേടിയിട്ടില്ലെന്നാണ്. സിലബസില്‍ മാറ്റം വരുത്തിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട വകുപ്പിലെ വിദഗ്ധരാരും മേല്‍നോട്ട സമിതിയില്‍‍ ഉണ്ടായിരുന്നില്ലെന്നത് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. സിലബസിലുണ്ടായിരുന്ന മഹാശ്വേതാ ദേവിയുടെ ചെറുകഥ ഒരു ഗോത്രവര്‍ഗ വനിതയെക്കുറിച്ചുള്ളതാണ്. അവയുള്‍പ്പെടെ മാറ്റിയതില്‍ യാതൊരു യുക്തിയുമില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യത്തിനെതിരെ മേല്‍നോട്ട സമിതി എപ്പോഴും മുന്‍വിധിയോടെ പെരുമാറുന്നുവെന്നാണ് അക്കാദമിക് കൗണ്‍സിലിലെ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.

‘ദ്രൗപതി‘യിലെ ഉള്ളടക്കം നാടകമായി അവതരിപ്പിക്കാന്‍ ഹരിയാന മഹേന്ദ്രഗഢിലെ സെന്‍ട്രല്‍‍ യൂണിവേഴ്സിറ്റി അനുമതി നല്‍കിയിരുന്നു. അതിനെതിരെ എബിവിപി രംഗത്തെത്തിയതും ഡല്‍ഹി സര്‍വകലാശാല സിലബസ് മാറ്റവുമായി ചേര്‍ത്തുവായിക്കണം. നാടകത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച് വിദ്വേഷപരാമര്‍ശങ്ങളോടെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിപ്പിച്ചത് പ്രതിഷേധങ്ങള്‍ക്കുള്ള ആഹ്വാനമായിരുന്നു. സര്‍വകലാശാലയ്ക്ക് മുന്നില്‍‍ സംഘപരിവാറിന്റെ പ്രതിഷേധം കലാപം പോലെ പൊട്ടിപ്പുറപ്പെട്ടതും അതിന്റെ ഭാഗമാണ്.

മനുഷ്യന്റെ പ്രശ്നങ്ങളെ മനസിലാവാഹിച്ച് അവരെ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തിയ എഴുത്തുകാരിയാണ് മഹാശ്വേതാ ദേവി. എഴുത്തും ജീവിതവും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മണ്ണിന്റെ മക്കള്‍ക്കുവേണ്ടിയായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയവും അനേകായിരങ്ങള്‍ വായിക്കുകയും ചെയ്ത ചെറുകഥയിലെ നായിക ദ്രൗപതി സാധാരണക്കാരുടെ സമരനായികയായിരുന്നു. നിലനില്പിനുവേണ്ടി, ഭക്ഷണത്തിനുവേണ്ടി, നിസഹായത വിപ്ലവത്തിനു വഴിമാറുന്നത് എങ്ങനെ എന്ന് ദ്രൗപതിയിലൂടെ മഹാശ്വേതാ ദേവി ലോകത്തെ കാണിച്ചു. സുര്‍ജാ സാഹു എന്ന ജന്മിയെ കൊലപ്പെടുത്തിയെന്ന കുറ്റം ചാര്‍ത്തപ്പെട്ടവളാണ് ദ്രൗപതി. ഒളിവില്‍ കഴിയുന്ന നക്സല്‍ പ്രവര്‍ത്തകനായ ഭര്‍‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി സേന കസ്റ്റഡിയിലെടുത്ത ദ്രൗപതി, കൊടിയ പീഡനമുറകള്‍ക്ക് വിധേയയാകുകയാണ്. പെണ്‍ശരീരം തങ്ങള്‍ക്ക് ചോദ്യം ചെയ്യുന്നതിന് ‘പറ്റുന്ന വിധം’ ഉടച്ചുവാര്‍ക്കുവാന്‍ സേനാ നായകന്‍ ഉത്തരവിട്ടു. സേനാംഗങ്ങള്‍ അവളെ തുടരെത്തുടരെ ബലാത്സംഗം ചെയ്തുകൊണ്ടേയിരുന്നു. ബോധം വന്നും പോയും ഒരു സ്ത്രീരൂപം ആ കിരാതന്മാര്‍ക്ക് മുന്നില്‍ വിറങ്ങലിച്ചുകിടന്നു. അവര്‍ മാന്തിപ്പറിച്ച ശരീരം, കടിച്ചുമുറിച്ച മുലക്കണ്ണുകള്‍… എത്രപേര്‍? എത്രയോ തവണ. ആത്മാഭിമാനം മുറിഞ്ഞുകിടക്കുന്ന അവള്‍‍ക്ക് മുന്നില്‍ ഊഴവുമായി സേനാനായകനാണ് അടുത്തത്, തന്റെ മുന്നില്‍ ദ്രൗപതി കീഴടങ്ങിക്കിടക്കുന്നു എന്ന ആശ്വാസത്തോടെ. അവശനിലയിലും അവളുടെ അത്യുച്ചത്തിലുള്ള ചിരിയാണ് ആ മുറിക്കുള്ളില്‍ പിന്നെ മുഴങ്ങിയത്. ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ ചുണ്ടില്‍ നിന്ന് തുടച്ചുകളഞ്ഞ് അവള്‍, അയാളെ വെല്ലുവിളിക്കാന്‍ തുടങ്ങി. എന്നെ നിങ്ങള്‍ക്ക് തുണിയുരിച്ചുനിര്‍ത്താനായി. നിങ്ങളൊരു പുരുഷനാണെങ്കില്‍ വന്ന് പ്രതിരോ­ധിക്കൂ…കാണട്ടെ. ഇതില്‍ക്കൂടുതല്‍ എന്തുചെയ്യാനാകും നിങ്ങള്‍ക്ക്?

ദ്രൗപതിയുടെ ആ ചോദ്യം ഇന്നും പ്രസക്തമാണ്. സ്ത്രീത്വത്തെയും ദളിതരെയും ഉപകരണമായിക്കാണുന്ന അധികാരത്തിനുനേരെ ആ ചോദ്യം ചെന്നുകൊള്ളുമ്പോഴാണ് ദ്രൗപതിമാര്‍ സിലബസുകളില്‍ വേണ്ടെന്ന് അവര്‍ക്ക് തോന്നിപ്പോകുന്നത്.

സ്ത്രീകളുടെ മോചനം വാക്കുകളിലൂടെ സാധ്യമാക്കുന്ന എഴുത്തുകാരിയെയും അവര്‍ക്ക് ഭയമാണ്. ചൂഷണങ്ങളോട് നിരന്തരമായി പോരാടിയ ജീവിതമായിരുന്നു മഹാശ്വേതാ ദേവിയുടെ. അതുകൊണ്ടുതന്നെ മരണശേഷവും സംഘപരിവാര്‍ ഭരണകൂടം അവരുടെ വരികളെ ഭയക്കുന്നു. അതിന്റെ തെളിവാണ് ഡല്‍ഹി സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് ദ്രൗപതിയെ മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.