4 May 2024, Saturday

Related news

May 3, 2024
May 3, 2024
May 3, 2024
May 3, 2024
May 2, 2024
May 1, 2024
May 1, 2024
April 29, 2024
April 29, 2024
April 29, 2024

‍‍ഡിസിസി പുനഃസംഘടന: സ്വാധീനം പൂര്‍ണമായി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

കെ കെ ജയേഷ്
കോഴിക്കോട്
August 29, 2021 8:49 pm

സംസ്ഥാന കോൺഗ്രസിൽ ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അവർ നേതൃത്വം നൽകുന്ന ഗ്രൂപ്പുകളുടെയും സ്വാധീന ശക്തി അവസാനിക്കുന്നു. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മുന്നിൽ നിർത്തി എ, ഐ ഗ്രൂപ്പുകൾ അവസാന നിമിഷം വരെ നടത്തിയ പരിശ്രമങ്ങളും ഇവരുയർത്തിയ സമ്മർദ്ദങ്ങളെയും അതിജീവിച്ചാണ് ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്. ഗ്രൂപ്പുകൾ നിർദ്ദേശിച്ച പേരുകൾ വെട്ടിമാറ്റി അധ്യക്ഷൻമാരെ കണ്ടെത്തിയപ്പോൾ പല ജില്ലകളിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ചവർ ഒഴിവാക്കപ്പെട്ടത് ഇരുഗ്രൂപ്പുകൾക്കും ഒരു പോലെ തിരിച്ചടിയായി മാറി. ഇതുവരെ ഇരു ഗ്രൂപ്പുകളുടെയും ഭാഗമായി പ്രവർത്തിച്ചവരാണ് പുതിയ ഡി സിസി പ്രസിഡന്റുമാർ എന്നിരിക്കെ പുതിയ സാഹചര്യത്തിൽ ഇവർ ഗ്രൂപ്പുകളെ കൈവെടിയുമോ എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. കെ കരുണാകരനും എ കെ ആന്റണിയ്ക്കും ശേഷം കേരളത്തിലെ കോൺഗ്രസിനെ നിയന്ത്രിച്ച ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേതൃത്വം നൽകുന്ന പ്രബല ഗ്രൂപ്പുകളെ ഭിന്നിപ്പിക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഡി സി സി പുനസംഘടനയുടെ ഫലം. അധികാര സമവാക്യങ്ങൾ മാറിമറിയുന്നതിലുള്ള ആശങ്കയിൽ നേതാക്കൾ പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത് കോൺഗ്രസ് രാഷ്ട്രീയത്തെ വരും ദിവസങ്ങളിൽ കൂടുതൽ കലുഷിതമാക്കുമെന്ന് ഉറപ്പാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിന്നാലെ നേതൃമാറ്റത്തോടെ പാർട്ടിയുടെ അധികാര സ്ഥാനത്തിലേക്ക് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെത്തിയതോടെ തന്നെ ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും സ്വാധീന ശക്തിയ്ക്ക് കോട്ടം തട്ടിയിരുന്നു. കെ സുധാകരനും വി ഡി സതീശനും കെ മുരളീധരനും എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെ ഡി സി സി പുനസംഘടനയിൽ ഒന്നിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതേ സമയം ഒരു കാലത്ത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായി അറിയപ്പെട്ടിരുന്ന പി ടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി സിദ്ദിഖ് തുടങ്ങിയവരും വി ഡി സതീശൻ, കെ സുധാകരൻ പാനലിനൊപ്പം നിലയുറപ്പിച്ചു. ഉമ്മൻചാണ്ടിയുടെ ഗ്രൂപ്പിലുണ്ടായിരുന്ന എൻ ഡി അപ്പച്ചൻ, വി എസ് ജോയ് എന്നിവരെ കെ സി വേണുഗോപാൽ ഉൾപ്പെടെ ഇടപെട്ടാണ് ഡി സി സി പ്രസിഡന്റുമാരാക്കിയത്. ഇത് എ ഗ്രൂപ്പിനെ ഭിന്നിപ്പിച്ചു. ഐ ഗ്രൂപ്പിന്റെ പേരിൽ കോഴിക്കോട് നിന്നും വന്ന കെ പ്രവീൺകുമാർ യഥാർത്ഥത്തിൽ കെ മുരളീധരന്റെ വിശ്വസ്തനാണ്. ഇതോടെ കോഴിക്കോട് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ മറ്റ് ഐ ഗ്രൂപ്പ് നേതാക്കൾക്ക് സാധിച്ചില്ല. അതേ സമയം എം കെ രാഘവൻ, ടി സിദ്ദിഖ് എന്നിവരുടെ പിന്തുണയും പ്രവീണിന് നേടിയെടുക്കാൻ കഴിഞ്ഞു. ഇതേ തന്ത്രം തന്നെയാണ് പല ജില്ലകളിലും പയറ്റിയത്. ഹൈക്കമാൻഡിന്റെ ഭാഗമായി നിൽക്കുന്ന കെ സി വേണുഗോപാൽ വലിയ രീതിയിലുള്ള ഇടപെടലാണ് സംസ്ഥാനത്ത് നടത്തുന്നത്. വേണുഗോപാലിന്റെ താത്പര്യം കൂടി പരിഗണിച്ചാണ് ഡി സിസി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കിയത്.

കോട്ടയത്തും ആലപ്പുഴയിലും മാത്രമാണ് ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും തട്ടകം എന്ന നിലയിൽ അവർക്ക് താത്പര്യമുള്ളവരെ പ്രസിഡന്റാക്കിയത്. അതേ സമയം കോട്ടയത്തെ പ്രസിഡന്റിനെ സംബന്ധിച്ച് ഉമ്മൻചാണ്ടി പൂർണ്ണ തൃപ്തനല്ല. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റാക്കിയത് എ ഗ്രൂപ്പിനും ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനി ബി ബാബു പ്രസാദ് വന്നത് ഐ ഗ്രൂപ്പിനും ആശ്വാസമായെങ്കിലും ഉമ്മൻചാണ്ടി ഗ്രൂപ്പുകാരനായ പാലോട് രവി ഡി സി സി പ്രസിഡന്റായത് സുധാകരന്റെ അടക്കം പിന്തുണയോടെയാണ്. ഇതും എ ഗ്രൂപ്പിൽ വരും ദിവസങ്ങളിൽ ഭിന്നതയുണ്ടാക്കും. അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും ചെന്നിത്തല മാറ്റി നിർത്തപ്പെട്ടതോടെ ആടി നിൽക്കുന്ന ഐ ഗ്രൂപ്പ് നേതാക്കൾ വരും ദിവസങ്ങളിൽ ചെന്നിത്തലയെ കൈവിടാനും സാധ്യതയുണ്ട്.

കെ കരുണാകരൻ മുതലുള്ള നേതാക്കളുടെ കാലത്ത് ഹൈക്കമാന്റിനോട് വിലപേശിയായിരുന്നു കാര്യങ്ങൾ നേടിയിരുന്നത്. സ്വാധീന ശക്തിയുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ മാനിക്കാതെ കേരളത്തിൽ സംഘടനയെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയല്ലെന്ന അറിയാവുന്ന ഹൈക്കമാൻ‍ഡ് അപ്പോഴെല്ലാം കീഴടങ്ങുകയും ചെയ്തു. എന്നാൽ ഈ സ്വാധീന ശക്തിയാണ് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും നഷ്ടമാവുന്നത്.

Eng­lish sum­ma­ry: Ramesh chen­nitha­la’s  and ommen chandy’s role in  congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.