23 November 2024, Saturday
KSFE Galaxy Chits Banner 2

അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളുടെ തുടർച്ചപോലെ

ഷേര്‍ളി സോമസുന്ദരം
October 14, 2021 10:20 am

നാല്പത്തി അഞ്ചാം വയലാർ അവാർഡ് ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾക്ക്’ ബെന്യാമിന്റെ നോവൽ. കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഹൃദ്യമായ വായനാനുഭവം തന്ന പ്രിയ നോവൽ. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങളുടെ തുടർച്ച എന്ന തോന്നലാണ് ആദ്യ വായനയിൽ തോന്നിയത്. അക്ക പോരിലെ ആക്ഷേപ ഹാസ്യം, നർമം ഒക്കെ മാന്തളിരിലും ജ്വലിച്ചു നിൽക്കുന്നു. മാന്തളിർ ഗ്രാമത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കൊണ്ടുവന്ന കോമ്രേഡ് കുഞ്ഞൂഞ്ഞിന്റെ പത്ത് വയസുകാരൻ മകൻ സ്വയം കോമ്രേഡ് ജിജിൻ എന്ന് പരിചയപ്പെടുത്തുന്നത്, ഗ്രാമീണ പാശ്ചാത്തലത്തിൽ കുട്ടികളെ കോമ്രേഡ് എന്ന് സംബോധന ചെയ്യുന്നതും തറവാട്ടിൽ സന്ധ്യക്ക് കുരിശു വര പ്രാർത്ഥന നടക്കുമ്പോൾ കുഞ്ഞൂഞ്ഞും പഞ്ചാബി ഭാര്യയും മക്കളെ മാർക്സിയൻ തത്വങ്ങളും വിപ്ലവ സൂക്തങ്ങളും ഉറക്കെ ഉറക്കെ പഠിപ്പിക്കുന്നതും അങ്ങേയറ്റം നർമ്മംകലർന്ന രംഗങ്ങൾ അണ്.

 


ഇതുംകൂടി വായിക്കാം;45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്


 

വയറപ്പുഴയ്ക്ക് വടക്ക് എംസി റോഡിന് പടിഞ്ഞാറായിക്കിടക്കുന്ന മാന്തളിർ ഗ്രാമം സർക്കാർ രേഖകളിൽ ഇല്ല എങ്കിലും മലങ്കരസഭയുടെ രേഖകളിൽ പരാമർശിക്കുന്നുണ്ട്. പുരാതനമായ സെന്റ് തോമസ് പള്ളി കഥയിൽ നിറഞ്ഞുനിൽക്കുന്നു. ചരിത്രമോ അൽഭുതപ്രവൃത്തികളുടെ കഥകളോ അല്ല പള്ളിയുടെ പെരുമ. ഞായറാഴ്ച കുർബാന കഴിഞ്ഞു മുടങ്ങാതെ നടക്കുന്ന കയ്യാംകളിയോളം എത്തുന്ന പള്ളി വഴക്കുകൾ ആണ് കാരണം. തികച്ചും സാധാരണമായ ഗ്രാമ ജീവിതം അന്ന് അസാധാരണ മാനം കൈവരിക്കും. മതവും രാഷ്ട്രീയവും മാന്തളിരിന്റെ ജീവവായു ആണ്.

കമ്മ്യൂണിസം സാത്താന്റെ പാർട്ടി എന്ന് അവിടുത്തെ ശരാശരി ക്രിസ്ത്യാനി വിശ്വസിച്ചു. മാന്തളിരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും വികാസവും സമാന്തരമായി നീങ്ങുന്ന സഭാചരിത്രവും ഇവ ഗ്രാമീണ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകൾ ഒക്കെയായി നോവൽ മുന്നോട്ടുപോകുന്നു. ചരിത്ര സംഭവങ്ങളും ലോക വിശേഷങ്ങളും രാജ്യകാര്യങ്ങളും വന്നും പോയുമിരിക്കുന്നു. ഒരു ബാലൻ തന്റെ കുടുംബത്തിന് കാലഗതിയിൽ സംഭവിക്കുന്ന പരിണാമം നോക്കികാണുന്നതാണ് ആഖ്യാനരീതി. ഒരു പിതൃത്വത്തിന്റെ പരാമർശത്തോടെ ആണ് നോവൽ ആരംഭിക്കുന്നത്. മരിച്ചു കഴിഞ്ഞവരും ജീവിക്കാതെ മരിച്ചവരും ഇടക്കിടെ കഥയിൽ കയറി ഇറങ്ങി പോകുന്നു. ഇത് ചിലപ്പോൾ ഒരു ഫാന്റസീ തലം തീർക്കുന്നു.ചെഗുവേര, പാട്രിക് ലുമുംബെ, എം എന്‍ ഗോവിന്ദൻ നായർ, കെ ആര്‍ ഗൗരിയമ്മ, ടി വി തോമസ്, ഇ എം എസ് എന്നിവരൊക്കെ ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. രോഗിയായ ടി വി തോമസിനെ കാണാൻ പോയതിനും ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതിനും കോമ്രേഡ് കുഞ്ഞൂഞ്ഞ് പാർട്ടിയുടെ അച്ചടക്ക നടപടിക്ക് വിധേയൻ ആകുന്നു. പാർട്ടി തീരുമാനങ്ങളോ മാനുഷിക ബന്ധങ്ങളോ വലുത് എന്ന ചോദ്യം കോമ്രേഡ് കുഞ്ഞൂഞ്ഞിന്റെ മുൻപിൽ സമസ്യ ആകുന്നു.

 


ഇതുംകൂടി വായിക്കാം;45-ാമത് വയലാർ അവാർഡ്​ ബെന്യാമിന്


 

ഓർത്തോഡോക്സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പ്, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സംഘർഷങ്ങൾ, പിളർപ്പ്, വിമോചന ദൈവശാസ്ത്രം, അടിയന്തരാവസ്ഥ, മന്നം ഷുഗർ മില്ലിന്റെ തകർച്ച ഇങ്ങനെ കാലിക വിഷയങ്ങൾ ഒരു കുടുംബത്തിന്റെ പരിണാമവും ആയി ഇണക്കി നിർത്തിയിരിക്കുന്നു. അപ്രിയ സത്യങ്ങൾ പ്രസാദാത്മകമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള നോവലിസ്റ്റിന്റെ കഴിവ് പ്രശംസനീയം ആണ്. വീണ്ടും വായനക്ക് പ്രേരിപ്പിക്കുന്ന പുസ്തകമാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.