കോവിഡ് മഹാമാരിക്കാലത്തെ ജനങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വെള്ളപ്പൊക്ക പേമാരിയിലും ജനങ്ങള്‍ക്കോപ്പം നിന്നു. മഴയിലും മണ്ണിടിച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് സർക്കാർ. കൂടുതൽ ദുരിതബാധിതരുള്ള കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് ഭക്ഷ്യ പൊതുവിതരണവകുപ്പ് 3580 ചാക്ക് അരി എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും ആവശ്യമുള്ള പലവ്യഞ്‌ജനങ്ങളും നൽകുന്നുണ്ട്. വില്ലേജ് ഓഫീസർമാരും തദ്ദേശ സ്ഥാപന അധികൃതരും നൽകുന്ന കണക്കിന് അനുസരിച്ച് സമീപത്തെ മാവേലി സ്‌റ്റോറിൽനിന്നാണ് പലവ്യഞ്ജനങ്ങൾ നൽകുന്നത്.ദുരിതബാധിത പ്രദേശങ്ങളിലെ മാവേലി സ്‌റ്റോറുകളിലും റേഷൻകടകളിലും ആവശ്യത്തിന് ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ മാവേലി സ്‌റ്റോർ പാടെ തകർന്നിരുന്നു. ഈ സ്‌റ്റോർ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
മന്ത്രി ഇവിടം സന്ദർശിക്കും. വൈകിട്ടോടെ പുതിയ മാവേലി സ്‌റ്റോർ സജ്ജമാകും. വെള്ളി രാവിലെ ഒമ്പതുമുതൽ മൊബൈൽ മാവേലി സ്‌റ്റോർ കൂട്ടിക്കൽ മേഖലയിലെത്തും. ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും പ്രദേശത്തെ മാവേലി, സപ്ലൈകോ വിൽപ്പനശാലകളിൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു. മഴയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴജില്ലയിൽ ഏഴു കോടി രൂപയുടെ കൃഷിനാശം . ആകെ 34.86 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് കണക്ക്. ഒക്‌ടോബർ ഒന്നുമുതൽ 20വരെ കണക്ക് പ്രകാരം 27.072 കോടിയായിരുന്നു നഷ്‌ടം. 15,704 കർഷകരെയാണിത് ബാധിച്ചത്. 9702 ഹെക്‌ടറിലെ വാഴക്കൃഷി ഇതുവരെ നശിച്ചു. കുലയ്‌ക്കാത്ത വാഴകൾ 9,213.07 ഹെക്‌ടറിലും കുലച്ച വാഴകൾ 489.35 ഹെക്‌ടറിലും നശിച്ചു. കുലയ്‌ക്കാത്ത വാഴകൾ 1,50,940. കുലച്ച വാഴകൾ 1,45,379 എണ്ണം. 6199 കർഷകരെ ബാധിച്ചു. 14.76 കോടിയുടെ നഷ്‌ടം. 688 ഹെക്‌ടർ സ്ഥലത്തെ നെൽകൃഷി നശിച്ചു. 1236 കർഷകരെ ബാധിച്ചു. 10.32 കോടിയുടെ നഷ്‌ടം. ചമ്പക്കുളത്ത് മട വീണ് 63 ഹെക്‌ടറാണ് വെള്ളത്തിലായത്. 128 ദിവസമായ കൃഷിയിലെ നെല്ല് മുഴുവൻ നശിച്ചു. 101.89 ഹെക്‌ടർ പച്ചക്കറിപ്പന്തൽ നശിച്ചു. 1,452 കർഷകരുടെ 45.85 ലക്ഷം രൂപയുടെ പച്ചക്കറിയാണ് നശിച്ചത്. 383 ഹെക്‌ടറിലെ തെങ്ങുകൾ നശിച്ചു. നഷ്‌ടം 76.89 ലക്ഷം. കുരുമുളക് ( 14.63 ഹെക്ടർ, 14.63 ലക്ഷം), കപ്പ( 32.42 ഹെക്ടർ, 4.21 ലക്ഷം) എന്നിവയും നശിച്ചു.
കൃഷിനാശം നേരിട്ട കർഷകർക്ക് സഹായം അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടികൾ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആമടവീഴ്‌ചയുണ്ടായ ചെറുതന തേവേരി- തണ്ടപ്ര പാടശേഖരം അദ്ദേഹം സന്ദര്‍ശിച്ചിരുന്നുധനസഹായത്തിനായി ഇതുവരെ ലഭിച്ച എല്ലാ അപേക്ഷകളിലും നവംബർ 10നകം നടപടി പൂർത്തീകരിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കൃഷിനാശം നേരിട്ടവർ 10 ദിവസത്തിനകം അപേക്ഷ നൽകിയാൽ മതിയാകും. നേരിട്ടോ അക്ഷയ മുഖേനയോ ഓൺലൈനായി അപേക്ഷ നൽകാം. ഇതിന് കഴിയാത്തവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് അതത് പ്രദേശങ്ങളിലെ കൃഷിഭവനുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സഹായങ്ങള്‍ക്ക് അതിവേഗ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് വ്യക്തമാക്കി .മഴക്കെടുതിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു. ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കാൻ കാലാവധി എത്തിയവരുടെയും വിവരങ്ങൾ ശേഖരിച്ചാണ് വാക്‌സിൻ വിതരണം. സ്ഥലസൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി വാക്‌സിൻ നൽകും. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ വാക്‌സിൻ എടുക്കാനുള്ള സൗകര്യമൊരുക്കും. മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ സേവനം ഉറപ്പാക്കിയാണ് സര്‍ക്കാര്‍ ദുരിതബാധിതരെ സഹായിച്ചത്.
English Summary : ldf government with people in crisis times
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.