12 November 2024, Tuesday
KSFE Galaxy Chits Banner 2

നവതിയുടെ നിറവില്‍ ഗുരുവായൂര്‍ സത്യഗ്രഹം

പി ആര്‍ റിസിയ
തൃശൂര്‍
October 31, 2021 10:05 pm

കേരള നവോത്ഥാനത്തിന് വിത്തുപാകുന്നതില്‍ മുഖ്യപങ്കുവഹിച്ച ഗുരുവായൂര്‍ സത്യഗ്രഹം നവതിയുടെ നിറവില്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് 1931 നവംബര്‍ 31ന് ആരംഭിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹം തൊട്ടുകൂടാത്തവര്‍ക്കുവേണ്ടി രാജ്യത്ത് നടന്ന സമരങ്ങളില്‍ മുന്നില്‍നില്‍ക്കുന്നതാണ്.

രാജ്യത്താകെ ക്ഷേത്രപ്രവേശനത്തിലേക്കുള്ള വാതിലാണ് ഈ സമരത്തിലൂടെ തുറക്കപ്പെട്ടത്. കെ കേളപ്പൻ, മന്നത്ത് പത്മനാഭൻ, എകെജി, പി കൃഷ്ണപിള്ള, സുബ്രമണ്യൻ തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഐതിഹാസികമായ സമരത്തിന് തുടക്കമായത്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറ്, കിഴക്ക്, തെക്ക് നടകളിലാണ് നവംബര്‍ ഒന്നിന് സത്യാഗ്രഹം തുടങ്ങിയത്. തുടര്‍ന്ന് ജനം ഗുരുവായൂരിന്റെ നാലുവഴികളിലേക്കും ഒഴുകുകയായിരുന്നു. പലസ്ഥലത്ത് നിന്നും ആളുകൾ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് സംഭവം അഖിലേന്ത്യ പ്രശ്നമായി മാറുകയും അതുവരെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലങ്ങൾ പിന്നാക്കജനവിഭാഗങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ട്രസ്റ്റി ആയിരുന്ന സാമൂതിരി രാജാവിൽ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായില്ല. തുടർന്ന് സത്യഗ്രഹത്തിൽ പങ്കെടുത്ത മിക്കവരെയും അറസ്റ്റ് ചെയ്തു. ഇതോടെ സമരം കൂടുതൽ ശക്തമായി. 

ശ്രീകോവിലിനു മുന്നിലുണ്ടായിരുന്ന മണി ബ്രാഹ്മണന്മാർക്കല്ലാതെ തൊടാൻ പാടില്ല എന്ന നിയമത്തെ തകർത്തെറിഞ്ഞുകൊണ്ട് പി കൃഷ്ണപിള്ള മണിയടിച്ചു. തുടർന്ന് കൊടിയ മർദ്ദനത്തിനും അദ്ദേഹം ഇരയായി. ഇതിനു പിന്നാലെ സമരക്കാരും ക്ഷേത്രം ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ജീവനക്കാർ ക്ഷേത്രം പൂട്ടി അകത്ത് രക്ഷതേടുകയും ചെയ്തു. പ്രശ്നങ്ങളുടെ ഭാഗമായി ക്ഷേത്രം ജനുവരി 28 വരെ അടച്ചിട്ടു. ജനുവരി 29ന് തുറന്നപ്പോൾ വീണ്ടും സത്യാഗ്രഹം പുനരാരംഭിച്ചു. ഇത്തരത്തിൽ നീണ്ടു പോകുന്ന സത്യാഗ്രഹത്തിന് ലക്ഷ്യം കാണണമെന്ന ദൃഢ നിശ്ചയത്തിൽ കെ കേളപ്പൻ മരണം വരെ നിരാഹാര സമരം ആരംഭിക്കാൻ തീരുമാനിച്ചു.

1932 സെപ്റ്റംബർ 21ന് ആരംഭിച്ച കെ കേളപ്പന്റെ ഉപവാസം രാജ്യം മുഴുവൻ ചർച്ചയായി. പത്താം നാൾ നിരാഹാരം നിർത്തിവയ്ക്കണമെന്ന ഗാന്ധിജിയുടെ അഭ്യർത്ഥന മാനിച്ചാണ് അദ്ദേഹം അവസാനിപ്പിച്ചത്. ക്ഷേത്രപ്രവേശനത്തിനുള്ള പൊതുജനാഭിപ്രായമറിയാൻ നടത്തിയ വോട്ടെടുപ്പിൽ 80 ശതമാനത്തോളം പേരും അതിനെ അനുകൂലിച്ചു. ഇതില്‍ നല്ലൊരു ശതമാനം സവര്‍ണ്ണവോട്ടുകളായിരുന്നു. ഇത് ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വിജയമായി കണക്കാക്കപ്പെടുന്നുവെങ്കിലും നിയമത്തിന്റെ നൂലാമാലകള്‍ക്കുശേഷം 16 വര്‍ഷങ്ങള്‍ കഴിഞ്ഞ് 1947 ജൂണ്‍ രണ്ടിനാണ് ക്ഷേത്രം എല്ലാ ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുക്കപ്പെട്ടത്. ഗുരുവായൂർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സമരത്തിന്റെ നവതിയും ക്ഷേത്രപുനരുദ്ധാരണത്തിന്റെ സുവർണ ജൂബിലിയും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനാകും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദേവസ്വം സംഘടിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ് ലഭിച്ച ഡോ. എം ലീലാവതിയെ ചടങ്ങില്‍ ആദരിക്കും.
eng­lish sum­ma­ry; 90 th annover­sary of Guru­vayur Satyagraham
you may also like this video;

TOP NEWS

November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024
November 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.