24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 2, 2024
August 12, 2024
May 28, 2024
December 26, 2023
December 23, 2023
November 24, 2023
November 23, 2023
December 5, 2022
November 9, 2022
August 8, 2022

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനിവാര്യം; നിലപാടിൽ ഉറച്ച് സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
November 1, 2021 10:35 pm

അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് പുതിയ ഡാം ആവശ്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനിവാര്യമെന്നകാര്യം പലതവണ കേന്ദ്രത്തെയും കോടതിയെയും അറിയിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷ മുൻനിർത്തിയുള്ള ഇടപെടൽ നടത്തുമ്പോൾ നിലപാടിൽ നിന്നു പിന്നോട്ട് പോകുന്നു എന്ന തരത്തിൽ പ്രതിപക്ഷം വളച്ചൊടിക്കുന്നത് ദൗർഭാഗ്യകരമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ താൻ നിലപാട് മാറ്റി എന്ന് തെളിയിക്കാമെങ്കിൽ പരസ്യമായി മാപ്പ് പറയാമെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. തമിഴ്‌നാടുമായി തർക്കം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കരുതെന്നും പ്രതിപക്ഷത്തോട് മന്ത്രി അഭ്യർത്ഥിച്ചു.

പുതിയ ഡാമിന്റെ വിശദമായ പദ്ധതിരേഖ കേരളം തയാറാക്കി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ സുപ്രീംകോടതിയെ അറിയിക്കുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്തി. പുതിയ അണക്കെട്ടിന്റെ ആവശ്യകതയും സുപ്രീം കോടതിയെ അറിയിച്ചു.മേൽനോട്ട സമിതിയെ കേരളത്തിന്റെ കാര്യങ്ങൾ ബോധിപ്പിച്ചതുകൊണ്ടാണ് സുപ്രീം കോടതി വീണ്ടും കേസ് കേൾക്കാൻ തയ്യാറായത്. പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള ശേഷി സംസ്ഥാന സർക്കാരിനുണ്ട്. തമിഴ്‌നാടിന് ആവശ്യത്തിന് ജലം കൊടുക്കണം. ജലം കൊടുത്തുകൊണ്ട് സംസ്ഥാനത്തിനു സുരക്ഷ ഉറപ്പാക്കണം. മുൻപ് കേരളത്തെ വിവരം ധരിപ്പിക്കാതെ തമിഴ്‌നാട് ഏകപക്ഷീയമായി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതായിരുന്നു രീതി. ഇതിൽ മാറ്റം വരുത്തി. 

ഡാമിൽ നിന്ന് കൂടുതൽ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യങ്ങൾ തമിഴ്‌നാട് അംഗീകരിക്കുകയും ഡാമിൽ ഒരടി വെള്ളം ഉയരുമ്പോൾ അപ്പപ്പോൾ കേരളത്തെ അറിയിക്കുകയും ചെയ്യുന്നുണ്ട്. മുല്ലപ്പെരിയാറിൽ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുൻപ് കേരളത്തിനു മുന്നറിയിപ്പ് നൽകുമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡാം മാനേജ്മെന്റിൽ വീഴ്ച പറ്റിയിട്ടില്ല. മുല്ലപ്പെരിയാറിൽ ജലം വർധിക്കുന്ന സാഹചര്യത്തിൽ താൻ അടക്കം മൂന്നു മന്ത്രിമാർ സ്ഥ‌ലത്ത് എത്തി. 14 തവണയാണ് മുഖ്യമന്ത്രി വിളിച്ച് വിവരങ്ങൾ തിരക്കിയത്. മുല്ലപ്പെരിയാറിൽ ശക്തമായ മഴ പെയ്താൽ ഒരു ദിവസം കൊണ്ട് നാല് അടി വരെ വെള്ളം ഉയരാം. ഇത് ആപൽക്കരമായ സാഹചര്യമാണ്. ഇക്കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. ജനങ്ങളിൽ ആശങ്ക പടർത്തുന്ന സാഹചര്യം ഉണ്ടാക്കരുത്. മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിനു സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.
eng­lish sum­ma­ry; gov­ern­ment stick on about the New dam on Mul­laperi­yar necessary
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.