22 December 2024, Sunday
KSFE Galaxy Chits Banner 2

കാലാവസ്ഥ വ്യതിയാനവും ഡാമുകളും

പി എൻ ബിജു
(വൈസ് പ്രസിഡന്റ് ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ)
November 2, 2021 4:45 am

2018 ൽ സംഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തിനു ശേഷം കേരളത്തിലെ കാലാവസ്ഥയിൽ വല്ലാത്തൊരു വ്യതിയാനമാണ് വന്നിരിക്കുന്നത്. ഗ്ലോബൽ വാമിങിന്റേയും, കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി കാലവർഷ തുലാവർഷ പാതികളുടെയും വരവിൽ വ്യക്തമായ മാറ്റങ്ങളായി, കാലാവസ്ഥാ പ്രവചനം വളരെ ദുഷ്കരമായി. മഴയുടെ കൃത്യമായ വരവ് പോലും നമുക്ക് ഇപ്പോൾ മുൻകൂട്ടി പറയുവാൻ സാധിക്കുന്നില്ല. ധാരാളം ന്യൂനമർദ്ദങ്ങൾ നിമിഷ നേരംകൊണ്ട് രൂപപ്പെടുന്നതിന് അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും വേദിയാവുന്ന കാഴ്ചയാണ്. മെയ് മാസം മുതൽ മലയാളികൾ കണ്ടുവരുന്നത്. ഡാമുകൾ എല്ലാം പെട്ടെന്ന് നിറഞ്ഞുവരുന്നു. പ്രതീക്ഷിക്കാത്ത രീതിയിലുള്ള തീവ്ര മഴയാണ് ഓരോ ഡാമുകളുടെയും വൃഷ്ടി പ്രദേശത്ത് പെയ്യുന്നത്. കഴിഞ്ഞ 2019, 2020 എന്നീ കാലഘട്ടങ്ങളിൽ പോലും ഇത് തുടർന്നു വരുകയാണ്. ഈ കാലഘട്ടങ്ങളിൽ ഡാമുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ഇന്ത്യൻ കോഡായ IS7323 (ഓപ്പറേഷൻ ഓഫ് റിസർവോയർ) ആണ്. അതിൽ തന്നെ റൂള്‍ ലെവല്‍ റിസർവോയറിൽ പുതിയ പൂർണ നിറപ്പ് എങ്ങനെ നിശ്ചയിക്കണം എന്നിവ കൃത്യമായി കൊടുത്തിരിക്കുന്നു. 

പക്ഷേ പരമ്പരാഗതമായി നിശ്ചയിച്ചിരുന്ന പൂർണനിരപ്പിൽ എത്തിയാൽ മാത്രമേ അധിക ജലം ഗേറ്റുകൾ ഉയർത്തി പുറത്തേക്ക് വിടുന്ന പതിവാണ് ഉണ്ടായിരുന്നത്. ഇതുമൂലം പ്രായോഗികമായ ധാരാളം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതാണ് 2018 ലെ പ്രളയത്തിൽ സംഭവിച്ചിരുന്നത്. അതിനുശേഷമാണ് റൂൾ കർവുകളുടെ പ്രസക്തി മനസിലാക്കി എല്ലാ ജലാശയങ്ങളിലും റൂൾ കർവുകൾ ഏർപ്പെടുത്തിയതും അതോടൊപ്പം എമർജൻസി ആക്ഷൻ പ്ലാൻ തയാറാക്കിയതും അതിന്റെ അടിസ്ഥാനത്തിലാണ് 2020 ലെ ഡാം ഓപ്പറേഷനിൽ റൂൾ കർവ് അടിസ്ഥാനമാക്കി പ്രവർത്തനം നടത്തിയതും, ഈ വർഷം ജനസുരക്ഷയെ കണ്ട് റൂൾ കർവ് ലവലിന് താഴെ ജലം തുറന്നുവിട്ടത്. പക്ഷെ ഇതു മാത്രം മതിയോ? ഇപ്പോൾ ഗ്ലോബൽ വാമിങിന്റെ ഫലമായി കേരളത്തിലെ കാലാവസ്ഥ വളരെ അസ്ഥിരമായി മാറിയിരിക്കുകയാണ്. മേഘങ്ങൾ വളരെ വേഗം സഞ്ചരിക്കുന്നു. എവിടെ വേണമെങ്കിലും എപ്പോഴും ലഘുമേഘ വിസ്ഫോടന സാധ്യതയുള്ള മേഖലയായി മാറി. ഇതിന് കരുത്തു പകർന്ന് സമുദ്രങ്ങളും. ഈ കാലഘട്ടത്തിൽ നമുക്ക് മാറി ചിന്തിക്കേണ്ട കാലമായി എന്ന് കൃത്യമായി തോന്നുന്നു. റുൾ കർവുകൾക്ക് പ്രസക്തി നഷ്ടപ്പെട്ടു. കാരണം, ഇത് മുൻ വർഷങ്ങളിൽ ഒരു ജലാശയത്തിൽ ഉണ്ടായ ജലനിരപ്പുകളെ കണക്കിലെടുത്ത് അതിനെ, സ്റ്റാറ്റിസ്റ്റിക്സിന്റെ പരിധിയിൽ കൊണ്ടുവന്ന് ഓരോ 10 ദിവസത്തെ അളവായി കണക്കാക്കുന്ന പ്രക്രിയയാണ്. പക്ഷെ, ഇപ്പോൾ പെയ്യുന്ന മഴകൾ ഓരോ പ്രദേശത്തും കോൺസൻട്രേറ്റ് ചെയ്താണ് സംഭവിക്കുന്നത്. 

ഒരു തുള്ളി വെള്ളംപോലും ഭൂമിയിൽ താഴാതെ നിമിഷനേരം കൊണ്ട് ഇത് ജലാശയത്തിൽ എത്തിച്ചേരുന്നു. മണിക്കൂറുകൾക്ക് ഇടക്ക് ഉയരുന്ന ജലാശയ നിരപ്പ് ഇത് കൃത്യമായി തെളിയിക്കുന്നു. ഇവിടെയാണ് ഹൈഡ്രോളജിക്കൽ (ജലശാസ്ത്രം) സുരക്ഷയുടെ പ്രധാന്യം. അതിനുവേണ്ടി എല്ലാ ജലാശയങ്ങളിലും കൊടുങ്കാറ്റോടു കൂടി പേമാരി വച്ചുള്ള ഹൈഡ്രോളജിക്കൽ റിവ്യൂ നടത്തുകയാണ് അഭികാമ്യം. അതനുസരിച്ചുള്ള നിരപ്പുകളാണ് ഓരോ മാസങ്ങളിലും നിശ്ചയിക്കേണ്ടത്. ഇതിന് ആവശ്യമായ ആധുനിക സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്. അവ ഉപയോഗിച്ചുള്ള നിരന്തരം പ്രകിയയാണ് ഓരോ ഡാമുകളിലും മൺസൂൺ കാലത്ത് വേണ്ടത്. 

പക്ഷേ ഇതിനുള്ള കൃത്യമായ മഴമാപിനികളുടെ വികേന്ദ്രീകരണവും, റിയൽ സമയത്ത് അത് കിട്ടുവാനുള്ള സംവിധാനവും സ്വീകരിക്കണം. കൂടാതെ സിഡബ്ല്യുസിയുടെ അറ്റ്‌ലസുകളും നമുക്ക് ഉപയോഗിക്കാം. ഇത് കൂടാതെ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കാലഘട്ടത്തിന്റെ ആവശ്യമായി പരിഗണിച്ച് ഒരു പ്രത്യേക വിഭാഗത്തെ നിയമിക്കണം, കേരളത്തിന്റെ സ്വന്തം ആവശ്യത്തിനായ ഉപഗ്രഹ ഡേറ്റകൾ കിട്ടുവാൻ വാടകക്ക് എടുക്കുവാനുള്ള സംവിധാനമോ, സ്വന്തമായ ഉപഗ്രഹം വിക്ഷേപിക്കുകയോ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.