വടക്കാന്‍ മലബാറിലെ ഗ്രാമങ്ങള്‍ ഇനിയുള്ള രാവുകളില്‍ ചെണ്ടമേളത്താലും തോറ്റംപാട്ടിനാലും മുഖരിതമാവും. തുലാമാസം പത്ത് പിന്നിട്ടതോടെ കാവുകള്‍ ഉണര്‍ന്ന് തുടങ്ങി. തുലാമാസം തുടങ്ങി ഇടവപ്പാതി വരെയുള്ള ആറു മാസക്കാലമാണ് കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കാവുകളിലും ക്ഷേത്രങ്ങളിലും തിറയാട്ടം നടത്തുന്നത്.വിശ്വാസത്തിന്റെയും ആരാധനയുടെയും ഒത്തൊരുമയുടെയും കാലംകൂടിയാണ് മലബാറില്‍ തെയ്യക്കാലം. തെയ്യക്കോലം അണിഞ്ഞ് കാവുകളിലെത്തുന്നതോടെ മനുഷ്യന്‍ ദേവനായും ദേവിയായും രൂപാന്തരം പ്രാപിക്കുന്നുവെന്നാണ് വിശ്വാസം. തെയ്യാട്ടത്തിനുള്ള അണിയലങ്ങള്‍ (ഉടയാടകള്‍) ഒരുക്കുന്ന തിരക്കിലാണ് പരമ്പരാഗത തെയ്യം കലാകാരന്മാര്‍.
സങ്കല്‍പത്തിലും രൂപത്തിലും തെയ്യങ്ങളോരോന്നും വ്യത്യസ്തമാണ്. അതിനാല്‍ ഓരോന്നിനും അനുയോജ്യമായ അണിയലങ്ങളാണ് ഒരുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി തെയ്യംകെട്ടിയാടാത്തതിനാല്‍ ചുവടുകള്‍ വീണ്ടും ഉറപ്പിച്ചും തോറ്റങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തെയ്യംകലാകാരന്‍മാര്‍ തയ്യാറെടുപ്പിലാണ്. ചെണ്ടമേളവും മുഖത്തെഴുത്തും എഴുന്നള്ളത്തും തറയൊരുക്കലും എല്ലാം തെയ്യം കെട്ടിയാടുന്നതിന്റെ ഭാഗമായി ചെയ്യേണ്ട കര്‍മങ്ങളാണ്.
തെയ്യത്തെ അനുഷ്ഠാനമായി കാണുന്നവരാണ് കലാകാരന്‍മാരില്‍ അധികവും. അതിനാല്‍ തുക മുന്‍കൂട്ടി ഉറപ്പിച്ചല്ല ഇവര്‍ കാവുകളിലും ക്ഷേത്രങ്ങളിലും തെയ്യംകെട്ടിയാടുന്നത്. മുമ്പ് കാലങ്ങളില്‍ ക്ഷേത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തുകയ്ക്കു പുറമെ വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന തുകയും ലഭിച്ചുവന്നിരുന്നു. എന്നാല്‍ കോവിഡ് വ്യാപന ഭീതിയില്‍ ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകളായി പരിമിതപ്പെടുത്തുകയാണെങ്കില്‍ അത് വലിയ തിരിച്ചടിയാകുമെന്നാണ് കലാകാരന്‍മാര്‍ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാലും ക്ഷേത്രോത്സവത്തിന് എത്തുന്നവരുടെ എണ്ണം പതിവില്‍നിന്നും വ്യത്യസ്തമായി വളരെകുറവായിരിക്കുമെന്നും ഉറപ്പാണ്.
ഏറെ കായികാധ്വാനമുള്ള ജോലിയാണ് തെയ്യാട്ടം. കോലംകെട്ടി മണിക്കൂറുകളോളമാണ് കളം നിറഞ്ഞാടേണ്ടത്. പ്രതിഫലമാവട്ടെ മറ്റ് ജോലികളെ അപേക്ഷിച്ച് വളരെ കുറവും.
കഴിഞ്ഞ രണ്ടുവര്‍ഷം കളിയാട്ട മഹോത്സവം ഇല്ലാതിരുന്നതിനാല്‍ ചമയത്തിനുള്ള ആടയാഭരണങ്ങള്‍ പലതും ഉപയോഗശൂന്യമായതാണ് കലാകാരന്മാര്‍നേരിടുന്ന മറ്റൊരു പ്രതിസന്ധി. ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. പലരുടെയും ചെണ്ടയുടെ വട്ട് (തുകല്‍) നശിച്ച നിലയിലാണ്. ഇവ മാറ്റാന്‍ കുറഞ്ഞത് 7000 രൂപയെങ്കിലും വേണ്ടിവരുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
അഞ്ഞൂറ്റാന്‍, മുന്നൂറ്റാന്‍, വണ്ണാന്മാര്‍, മലയന്മാര്‍, പുലയന്മാര്‍, മാവിലന്മാര്‍ തുടങ്ങി പതിനാലോളം സമുദായക്കാരാണ് ഉത്തരമലബാറില്‍ തെയ്യം കെട്ടിയാടുന്നത്. ഇവരില്‍ ഭൂരിഭാഗം പേരുടെയും ജീവിത സാഹചര്യം ഇന്നും അത്യന്തം പരിതാപകരമാണ്. തെയ്യത്തെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ് തെയ്യം കലാകാരന്മാറിലേറെയും.ഓരോ സമുദായത്തിനും വീതിച്ചുകൊടുത്തിരിക്കുന്ന തെയ്യക്കോലങ്ങളുണ്ട്. അവര്‍ അതു മാത്രമേ കെട്ടിയാടുകയുളളൂ. എന്നാല്‍ ഒരു കോലം പുറപ്പെടുമ്പോള്‍ മറ്റെല്ലാവര്‍ക്കും അതില്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കാനുണ്ട്. തെയ്യങ്ങളില്‍ വര്‍ഷം തോറും കെട്ടിയാടുന്നവയ്ക്കു പുറമെ ഒന്നിടവിട്ട വര്‍ഷങ്ങളിലും പന്ത്രണ്ട് വര്‍ഷം കൂടുന്തോറുമുള്ളവയുമുണ്ട്. പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ കെട്ടിയാടുന്നതാണ് പെരുങ്കളിയാട്ടം. കണ്ണൂര്‍ പയ്യന്നൂരിലെ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടംകാണാന്‍ കേരളത്തിനകത്തും പുറത്തുംനിന്നായി ആയിരങ്ങളാണ് എത്തിച്ചേരാറുള്ളത്.
ചാമുണ്ഡി, ഭഗവതി, കുട്ടിച്ചാത്തന്‍, ഗുളികന്‍, കണ്ഠാകര്‍ണ്ണന്‍, ഈശ്വരന്‍, കാളി, വീരന്‍ തുടങ്ങി രൂപത്തിലും ഭാവത്തിലും ആട്ടത്തിലുമെല്ലാം വ്യത്യസ്തങ്ങളായ ഏകദേശം 500 ഓളം തെയ്യക്കോലങ്ങളാണ് മലബാറിലെ വിവിധ ക്ഷേത്രങ്ങളില്‍ കെട്ടിയാടാറുള്ളതത്. വീരനായകരായ തച്ചോളി ഒതേനനും കുറൂളിച്ചെക്കോനും വരെ തെയ്യങ്ങളായി ആരാധിക്കപ്പെടുന്നു. ഭക്തര്‍ക്ക് ഉദിഷ്ടകാര്യത്തിനും ആപത്തില്‍നിന്നു രക്ഷയായും കാര്‍ഷിക വിളകളെ സംരക്ഷിക്കുന്നതിനും വസൂരിതുടങ്ങിയ രോഗങ്ങളില്‍ നിന്നും രക്ഷതേടിയുമെല്ലാമാണ് ഓരോതെയ്യങ്ങളും കെട്ടിയാടുന്നത്.
കോവിഡ് കവര്‍ന്ന രണ്ട് വര്‍ഷത്തെ വറുതിക്കാലത്തില്‍നിന്നും മോചനം തേടി തെയ്യം കലാകാരന്മാരും ഉത്സവകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍നിന്നും കോവിഡ് രോഗം പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ എന്ന ആശങ്കയിലാണ് തെയ്യംകലാകാരന്മാര്‍. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ തെയ്യം കലാകാരന്മാരില്‍ പലരും മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടാണു ജീവിതമാര്‍ഗം കണ്ടെത്തിയിരുന്നത്. ഇത്തവണത്തെ ഉത്സവകാലം അവര്‍ക്ക് പ്രതീക്ഷയുടെ നാളുകള്‍ കൂടിയാണ്.
english summary; theyyam special story
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.