26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 18, 2024
December 17, 2024
December 13, 2024
December 11, 2024
December 7, 2024
December 6, 2024
November 30, 2024
November 29, 2024

സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധേയമായ ‘തനി നാടൻ’ കഥാപാത്രങ്ങൾ

കെ കെ ജയേഷ്
കോഴിക്കോട്
November 9, 2021 11:05 pm

“എടാ മരക്കഴുതേ… ആ കണിയാനെ കണ്ട് ഒരു ദിവസം കുറിച്ച് വേഗം കാര്യം നടത്താൻ നോക്ക്.. ഇറയത്ത് പായും വിരിച്ച് പട്ടിയെ പോലെ കാവൽ നിൽക്കാണ്ട് ആൺകുട്ടിയെ പോലെ അകത്ത് കേറിക്കിടക്കെടാ…” രാധയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ദിവാകരൻ അവളുടെ കാര്യങ്ങൾ നന്നായി നോക്കണമെന്ന് പറയുമ്പോൾ അമ്മയുടെ മറുപടിയാണിത്. മലയാള സിനിമയിലെ പതിവ് അമ്മ വേഷങ്ങളെ തകർത്തെറിയുന്നതായിരുന്നു സല്ലാപത്തിലെ ദിവാകരന്റെ ആ അമ്മ. ദേഷ്യം വരുമ്പോൾ ചീത്ത വിളിക്കുകയും അടുത്ത നിമിഷം തന്നെ സ്നേഹിക്കുകയും ചെയ്യുന്ന സല്ലാപത്തിലെ അമ്മ വേഷത്തിലൂടെയാണ് നാടക രംഗത്ത് നിറഞ്ഞു നിന്ന കോഴിക്കോട് ശാരദ ചലച്ചിത്ര ലോകത്ത് സ്വന്തമായൊരു സ്ഥാനം നേടുന്നത്. അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളായിരുന്നെങ്കിലും സ്വതസിദ്ധമായ സംസാര ശൈലിയും അഭിനയ പാടവവും കൊണ്ട് കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് ശാരദ യാത്രയാവുന്നത്.

സ്കൂൾ വാർഷികത്തിന് അരങ്ങേറിയ കറിവേപ്പില എന്ന നാടകത്തിലെ ദുഃഖപുത്രിയിലൂടെ അരങ്ങിലെത്തിയ ശാരദയെന്ന ബാലിക പിൽക്കാലത്ത് കോഴിക്കോട് ശാരദയായി കേരളത്തിലെ നാടക വേദികളിൽ നിറഞ്ഞു നിന്നു. ആഹ്വാൻ സെബാസ്റ്റ്യന്റെ നാടക ട്രൂപ്പിലൂടെ ശ്രദ്ധേയയായ അവർ തിക്കോടിയൻ, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്ക്കരൻ, നിലമ്പൂർ ബാലൻ, കെ ടി മുഹമ്മദ്, ഇബ്രാഹിം വെങ്ങര, വിക്രമൻ നായർ തുടങ്ങിയ പ്രമുഖർക്കൊപ്പമെല്ലാം പ്രവർത്തിച്ചു.

പാട്ടുകാരിയാവാൻ ആഗ്രഹമുണ്ടായിരുന്ന ശാരദ കല്ല്യാണത്തിന് തലേദിവസം നടക്കുന്ന ഗാനമേളകളിൽ പാടാൻ പോകുമായിരുന്നു. ശാരദ വേഷമിട്ട സുന്ദരൻ കല്ലായിയുടെ സൂര്യൻ ഉദിക്കാത്ത രാജ്യം പോലുള്ള നാടകങ്ങൾ വർഷങ്ങളോളം അവതരിപ്പിക്കപ്പെട്ടു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ശാരദ ആദ്യമായി സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. ഹാജി അബ്ദുൾ റഹ്‌മാൻ എന്നയാളുടെ നിർദ്ദേശപ്രകാരമായിരുന്നു കോഴിക്കോട് തെരുവത്ത് കടവിൽ ഷൂട്ടിങ് നടന്ന കടത്തുകാരൻ എന്ന സിനിമയുടെ സെറ്റിൽ ശാരദ എത്തുന്നത്. ചിത്രത്തിൽ നായകനായി അഭിനയിച്ചത് സത്യനായിരുന്നു. പടം റിലീസായി കോഴിക്കോട് രാധാ തിയേറ്ററിൽ കളിക്കുമ്പോൾ ബന്ധുക്കളെയും പരിചയക്കാരെയുമെല്ലാം കൂട്ടി സിനിമ കാണാൻ ടാക്കീസിലെത്തി. അഞ്ചണ ബഞ്ചിലിരുന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ ശാരദയ്ക്ക് വിഷമം സഹിക്കാൻ കഴിഞ്ഞില്ല. നല്ല വസ്ത്രങ്ങളെല്ലാമണിഞ്ഞ് അഭിനയിച്ചിട്ടും പടത്തിൽ ശാരദയെ കാണാനുണ്ടായിരുന്നില്ല. ഡ്യൂപ്പായിട്ടാണ് അഭിനയിക്കാൻ വിളിച്ചതെന്ന് കേട്ടിരുന്നെങ്കിലും അന്ന് അതിന്റെ അർത്ഥമൊന്നും ശാരദയ്ക്ക് അറിയില്ലായിരുന്നു.

പിന്നീട് യു എ ഖാദറിന്റെ തിരക്കഥയിൽ നിലമ്പൂർ ബാലൻ ഒരുക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലൂടെ ശാരദ ചലച്ചിത്ര ലോകത്തെത്തി. 1979ൽ അങ്കക്കുറി എന്ന സിനിമയിൽ നടൻ ജയന്റെ അമ്മയായും ജയഭാരതിയുടെ അമ്മയായും ഇരട്ട വേഷത്തിൽ ശാരദ തിളങ്ങി. ഐ വി ശശി സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ വേഷമിട്ട ശാരദ ഏറെ ശ്രദ്ധേയയാകുന്നത് ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലെ മനോജ് കെ ജയന്റെ അമ്മ വേഷത്തിലൂടെയായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴത്തിൽ മോഹൻലാലിനൊപ്പവും രാപകലിലും ഭൂതക്കണ്ണാടിയിലും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു. വിനോദ് കോവൂരിന്റെ അമ്മയായി വേഷമിട്ട അപർണ്ണ ഐപിഎസ്, നിലമ്പൂർ ആയിഷക്കൊപ്പം അഭിനയിച്ച അലകടൽ, എ ജി രാജൻ സംവിധാനം ചെയ്ത കണ്ണാടി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.

ഏറെ എതിർപ്പുകൾ അവഗണിച്ചാണ് കലാരംഗത്തു നിന്നും പരിചയപ്പെട്ട എ പി ഉമ്മർ എന്ന കലാകാരനെ ശാരദ വിവാഹം കഴിക്കുന്നത്. വടക്കൻ വീരഗാഥയിലെ കൊല്ലനായി വേഷമിട്ട ഉമ്മർ ആരണ്യകം, സർഗം, കിസാൻ, ഒരേ തൂവൽ പക്ഷികൾ, ചിത്രശലഭം, പഴശ്ശിരാജ തുടങ്ങി നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Notable ‘Tani Nadan’ char­ac­ters with nat­ur­al acting

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.