കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇന്ന് പുലർച്ചെയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽപൊയിൽ എളാങ്ങൽ മുഹമ്മമ്മദ്(46) നെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയായ 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി കുതറിയോടിയപ്പോള്‍ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കി. പെണ്‍കുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി അച്ഛമ്മയെ കൂട്ടിക്കൊണ്ടുവന്നപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.സംഭവ സ്ഥലത്തു നിന്നും ജൂപ്പിറ്റർ സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
വയനാട് ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ബാലുശ്ശേരി സി ഐ എം കെ സുരേഷ് ബാബു, എസ് ഐ പി റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയ്ക്ക് പുറത്തേക്കും പിന്നീട് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. വഴിയില്‍ വാഹനം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് കടന്ന പ്രതി ചെന്നൈയില്‍ നിന്ന് തിരിച്ച് കോഴിക്കോട്ടെത്തിയപ്പോഴാണ് പുലര്‍ച്ചെ രണ്ടരയ്ക്ക് പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. സംഭവത്തിന് ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നത് പൊലീസിനെ കുഴക്കിയിരുന്നു. എന്നാല്‍ മറ്റു ഫോണുകളില്‍ നിന്ന് ഇയാള്‍ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും മറ്റും വിളിച്ചിരുന്നു. ഈ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
പ്രതിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പ്രതിക്കെതിരെ രണ്ടു കേസുകളാണ് എടുത്തിരിക്കുന്നത്. പത്തുവര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നും മടങ്ങി വന്ന പ്രതി നാട്ടില്‍ കോണ്‍ക്രീറ്റ് പണിയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.