2 May 2024, Thursday

Related news

May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024

ദുരിതമഴ: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

Janayugom Webdesk
തിരുവനന്തപുരം
November 14, 2021 10:20 pm

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. തെക്കൻ കേരളത്തിൽ വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴയ്ക്ക് ശമനമില്ല. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും ഇന്നലെ വീണ്ടും മഴ ശക്തമായി. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കളമശേരിയിൽ മണ്ണിടിച്ചിലിൽ കാറുകൾ പെരിയാറിലേക്ക് വീണു. പത്തനംതിട്ടയില്‍ കനത്ത മഴയിൽ നിരവധി വീടുകള്‍ തകർന്നു. കൈപ്പട്ടൂ‍ർ പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. തണ്ണിത്തോട് മേഖലയിലെ മലവെള്ള പാച്ചിലിൽ കോന്നി-പത്തനാപുരം റോഡിൽ വെള്ളം കയറി. 

അതിശക്തമായ മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീതിയിലായി. കോട്ടയത്തു മാത്രം 53 മില്ലീമീറ്റര്‍ മഴപെയ്തു. ഈരാറ്റുപേട്ട- 57.2, മുണ്ടക്കയം-94.6, കാഞ്ഞിരപ്പള്ളി-127മില്ലീമീറ്ററും മഴ ലഭിച്ചു. ഒക്ടോബർ ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ കോട്ടയം ജില്ലയില്‍ 804.1 മില്ലീമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. മീനച്ചിലാറ്റിൽ ഇല്ലിക്കലിലും താഴത്തങ്ങാടിയിലും ജലനിരപ്പ് ഉയർന്നു. വേളൂരിലും, തിരുവാതുക്കൽ, ഇല്ലിക്കൽ മേഖലകളിലും നിരവധി വീടുകളിൽ വെള്ളം കയറി.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. 

ജില്ലാ കളക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നു. അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകൾ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ ഇന്ന് രാവിലെയോടെ എത്തും. ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ രണ്ട് ടീമുകൾ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിലേക്ക് തയാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. ഇന്നലെ ഉച്ചയോടെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാത്രി യാത്രയ്ക്കും നിരോധനമുണ്ട്. 

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

അവധി പ്രഖ്യാപിച്ചു

മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാലയങ്ങൾക്കും ജില്ലാ ഭരണകൂടങ്ങള്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസര്‍കോട് കോളജുകൾക്ക് അവധി ബാധകമല്ല. കേരള, എംജി, ആരോഗ്യ, സാങ്കേതിക സർവകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിരുവനന്തപുരത്ത് മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry : wide­spread loss in heavy rains in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.