22 December 2024, Sunday
KSFE Galaxy Chits Banner 2

വാചകമടിയല്ല വര; പശുരാജ്യം പലവിധം

വിയാര്‍
November 16, 2021 5:35 am

വിമര്‍ശനാത്മകവും വസ്തുതാപരവുമായ വാക്കും വരയും വല്ലാതെ അലോസരപ്പെടുത്തുന്ന ഏകവര്‍ഗമാണ് സംഘപരിവാരത്തിന്റെ വക്താക്കള്‍. അക്കാര്യത്തില്‍ വടക്കെന്നും തെക്കെന്നും വ്യത്യാസമില്ല. സകലയിടത്തും ഇവര്‍ വെടക്കന്മാര്‍ തന്നെ. ഇക്കുറി ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്കാരം നേടിയ അനൂപ് രാധാകൃഷ്ണന് പിറകെയാണ് ഇപ്പോള്‍ കേരളത്തിലെ സംഘപരിവാര്‍ സൈബര്‍ ഗുണ്ടകള്‍. അനൂപിന് പുരസ്കാരം നേടിക്കൊടുത്ത കാര്‍ട്ടൂണ്‍ തന്നെയാണ് അവരെ ചൊടിപ്പിച്ചത്. വൈദേശികര്‍ക്കൊപ്പം കാവിപുതച്ച് വാര്‍ത്താസമ്മേളനം നടത്തുന്ന പശുവാണ് അനൂപിന്റെ കാര്‍ട്ടൂണിലെ കഥാപാത്രം. പോരെ പുകില്. പശുവെന്ന് കേട്ടാല്‍ ചോരതിളയ്ക്കുന്ന സംഘീസ് അനൂപിനെ ഓടിച്ചിട്ടാക്രമിക്കുകയാണ്.

കേരളത്തെ എങ്ങോട്ട് കൊണ്ടുപോകാനാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് ആലോചിച്ച് തലപുകയേണ്ടല്ലോ. അല്ലെങ്കിലേ പശുവിനെ പ്രധാനമന്ത്രിയാക്കിയാലും അതില്‍ അഭിമാനിക്കുന്നവരായി നമ്മുടെ ഈ ‘ഭാരതീയനേതാക്കള്‍’. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ പശുവിനും പശുവിന്റെ മൂത്രത്തിനും ചാണകത്തിനും കഴിയുമെന്ന് മധ്യപ്രദേശിലെ മുഖ്യമന്ത്രി അശോക് സിങ് ചൗഹാന്‍ പറഞ്ഞതേയുള്ളു. അതിങ്ങനെ ഓരോ ദിവസവും ഓരോ ഗവേഷണ റിപ്പോര്‍ട്ടുകള്‍ ഇവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഒന്നോ രണ്ടോ ദിവസം മുമ്പാണ്, കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്കുവേണ്ടി ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടത്. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോട് നിര്‍ദ്ദേശം നല്‍കുകയാണ് അന്ന് മന്ത്രി ചെയ്തത്. മധ്യപ്രദേശല്ലേ, കേന്ദ്രമന്ത്രിയല്ലേ പറഞ്ഞത്, പശുഹോസ്റ്റല്‍ ഉടനെ നിര്‍മ്മാണം തുടങ്ങുമായിരിക്കും.

വിദ്യാര്‍ത്ഥികള്‍ക്കായി നിങ്ങളെങ്ങനെയാണ് ഹോസ്റ്റല്‍ നടത്തുന്നത്, സമാനമായിരിക്കണം എന്നാണ് മന്ത്രിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാരും വ്യക്തിപരമായി താനും സഹകരിക്കുമെന്ന വാഗ്ദാനവും പര്‍ഷോത്തം രൂപാല പറഞ്ഞിരിക്കുകയാണ്. നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കേ പണ്ടേ തന്നെ ഗുജറാത്തില്‍ പശുഹോസ്റ്റലുകള്‍ തുടങ്ങിയിരുന്നെന്നാണ് കേന്ദ്രമന്ത്രി സാഗര്‍ യൂണിവേഴ്‌സിറ്റിയിലെ പശുപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ പറഞ്ഞത്.
മധ്യപ്രദേശിലെ പോലെയല്ല ഉത്തര്‍പ്രദേശിലെ കാര്യങ്ങള്‍. അവിടെ പശുപരിപാലനം മോഡിയുടെ ഗുജറാത്തിനേക്കാള്‍ സ്പീഡും ആധുനികവുമാണ്. യുപിയില്‍ എവിടെനിന്നും 112 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഒരു ആംബുലന്‍സ് 15 മുതല്‍ 20 മിനിറ്റിനകം വിളിപ്പുറത്തെത്തും. വിളിച്ച ആളെക്കൊണ്ടുപോകാനല്ല, എവിടെ പശു, എന്താണ് പറ്റിയതെന്ന് ചോദിക്കാനും പരിചരണത്തിനായി അടുത്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനും. ഒരു മൃഗഡോക്ടറും രണ്ട് സഹായികളും വാഹനത്തിലുണ്ടാവും. അടുത്തമാസം ഈ പശുപദ്ധതിക്ക് തുടക്കമാകുമെന്നാണ് സംസ്ഥാനത്തെ ക്ഷീരവികസന മന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരി നല്‍കുന്ന സൂചന.

യുപി മുഖ്യമന്ത്രി മനുഷ്യരേക്കാള്‍ പ്രാധാന്യം പശുക്കള്‍ക്ക് നല്‍കുന്ന ആളാണെന്ന് പറയുന്നത് ട്രോളൊന്നുമാവില്ല. സകല മതനേതാക്കളോടും പശുക്കളെ ദത്തെടുക്കാനാണ് മുഖ്യന്റെ ഏറ്റവുമൊടുവിലെ ആഹ്വാനം. പശുക്കളെ പാര്‍പ്പിച്ച അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ നിന്ന് പശുക്കളെ ദത്തെടുക്കുന്ന വ്യക്തിക്ക് 900 രൂപയാണ് സഹായമായി ലഭിക്കുക. ഈവിധം പശു എന്നത് രാജ്യത്തെ ഏറ്റവും സുപ്രധാനമായ ഒന്നായി മാറിയ പുതിയ കാലഘട്ടത്തില്‍ അനൂപ് രാധാകൃഷ്ണന്റെ തൂലികയിലും ഒരു പശു പിറന്നതില്‍ എന്താണ് തെറ്റ്. അക്കാര്യത്തില്‍ അനൂപിനെ ആക്ഷേപിച്ചാണെങ്കിലും അനുമോദിച്ച ‘വാചകസ്പതി‘ക്ക് തിരിച്ചുകൊടുക്കണം ഒരു കുതിരപ്പവന്‍. ചൈനാത്തലയന്മാര്‍ക്ക് തുല്യം നില്‍ക്കാന്‍ പശുമതി എന്ന കണ്ടെത്തലാണ് അനൂപിന്റെ കാര്‍ട്ടൂണെന്നും അതിനിരിക്കട്ടെ ഒരു കുതിരപ്പവനെന്നുമാണ് ബിജെപിയുടെ സംസ്ഥാന വക്താവ് ഫേസ്ബുക്കില്‍ കുറിച്ചത്. അങ്ങനെ അനൂപിന്റെ വരയെ ‘അനുമോദിക്കുക’ മാത്രമല്ല, ഒപ്പം ഒരു പശുക്കഥയിലും വാചാലനായി വാചകസ്പതി. താനുള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സംഘപ്രവര്‍ത്തകരും അതായത് സാക്ഷാല്‍ നരേന്ദ്രമോഡി ഉള്‍പ്പെടെ കാവിപ്പശുക്കള്‍ തന്നെ എന്ന ആത്മാഭിമാനത്തോടെയാണ് വക്താവിന്റെ വാക്കുകള്‍.

ലോകത്തിന് ശാന്തിമന്ത്രം ഓതിക്കൊടുത്തവരും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് ഉപദേശിച്ചതും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ സംഭാവന ചെയ്തതും സൂപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചതും ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി നടപ്പാക്കുന്നതും എല്ലാം ഇതേ കാവിപ്പശുക്കള്‍ തന്നെയാണ് എന്ന് ഒറ്റശ്വാസത്തിലാണ് വാചകസ്പതി പറഞ്ഞുതീര്‍ത്തത്(വായിക്കുന്നവര്‍ മുറിച്ചുമുറിച്ച് വായിക്കുവാനപേക്ഷ). പക്ഷെ ജനാധിപത്യരാഷ്ട്രത്തെ സംഭാവന ചെയ്തതുള്‍പ്പെടെ മുഴുവനും ഞങ്ങള്‍ തന്നെ… കേട്ടിട്ടൊന്നും തോന്നരുത്. എന്നാല്‍ വക്താവിന്റെ നാക്കല്ല, പാര്‍ട്ടി അധ്യക്ഷന്റെ. അത് പതിവ് ഭീഷണി തന്നെ. അനൂപിനുള്ള കാര്‍ട്ടൂണ്‍ പുരസ്കാരവും ആ കാര്‍ട്ടൂണും പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍‍ വെറുതേ വിടുമെന്ന് കരുതേണ്ട എന്നുതന്നെയാണ് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ലളിതകലാ അക്കാദമിയുടേത് പിതൃശൂന്യതയാണെന്നാണ് ബിജെപി അധ്യക്ഷന്റെ മറ്റൊരു പ്രയോഗം. പശുവിനെ വരച്ചത് സ്വന്തം നാടിനെ അപമാനിക്കലും അവഹേളിക്കലും ആണെന്നും പറയുന്നു.

അതെങ്ങനെ ശരിയാവുമെന്നാണ് കേള്‍ക്കുന്നവര്‍ക്ക് തോന്നുക. രാജ്യം മുഴുവന്‍ ബിജെപിയും ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളാകെയും പറയുന്നു, പശുവിനെ പരമാവധി പുകഴ്‌ത്താനും വളര്‍ത്താനും. അപ്പോള്‍ അനൂപ് ചെയ്തത് ഒരു നല്ലകാര്യം തന്നെയല്ലേ. വക്താവിന്റെ വാചകമടിയും കേന്ദ്രമന്ത്രിമാരുടെ ആഹ്വാനങ്ങളും അധ്യക്ഷന്റെ വെല്ലുവിളിയും എങ്ങനെ ഈ പശുരാജ്യത്ത് ഏകോപിപ്പിച്ചുകൊണ്ടുപോകാനാകും? ഇക്കണക്കിന് അനൂപ് രാധാകൃഷ്ണന് വീട്ടില്‍ പശുവിനെ വളര്‍ത്താന്‍ പോലും ഇവര്‍ സമ്മതിക്കുമോ. അനൂപിനുമുണ്ട് നാവ്. അതിഭീകരമായ സംഘപരിവാര്‍ ആക്രമണം തുടര്‍ന്നാലും ശരിയെന്ന് തോന്നുന്നവ ഇനിയും വരയ്ക്കും എന്നാണ്. പശുവിനെ വരച്ചത് രാജ്യദ്രോഹക്കുറ്റമെന്നാണ് സൈബര്‍ ഗുണ്ടകള്‍ പറയുന്നത്. പശു, പശുമൂത്രം ചാണകം ഇവയെല്ലാം എഫ്ബിയിലൂടെ ആര്‍എസ്എസുകാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത് അനൂപും വരച്ചു, ഒരുപശു ചിത്രം. അതിനാണിത്ര അസഹിഷ്ണുത. ഇനിയെങ്കിലും നിര്‍ത്തിക്കൂടെ ഈ പിതൃശൂന്യജീവിതം എന്ന് തിരിച്ചും ചിലര്‍ പറഞ്ഞാല്‍ കേട്ടിരിക്കാനെ ഈ സൈബര്‍ സംഘിപ്പടയ്ക്ക് കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.