കുഞ്ഞമ്മിണിയുടെ നാട്ടിൽ ആനയില്ല, ആനപാപ്പാൻ ഉണ്ടായിരുന്നു, ‘ആനകറുപ്പൻ’ എന്നാണ് അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നത്. ഒരിക്കൽ ആനയെ കൊണ്ടുവന്ന് വീടിന്റെ പടിക്കൽ നിർത്തിയിട്ട് അപ്പനോട് ചോദിച്ചു, ആനയെ കുറച്ചുനേരം പറമ്പിൽ തളച്ചോട്ടെയെന്ന്..!
‘പിന്നെന്താ… നല്ല കാര്യല്ലേ, എല്ലാർക്കും കാണാലോ’ അപ്പൻ പറഞ്ഞു.
പാപ്പാന്റെ അകമ്പടിയിൽ ആന പ്രൌഡിയോടെ പടി കടന്നു വരുകയാണ്. തലയെടുപ്പോടെയുള്ള ആ വരവ് ജനാലയിലൂടെ കുഞ്ഞമ്മിണി നോക്കിനിന്നു.
‘തുമ്പിക്കൈ നോക്ക്യേ, ചെവി നോക്ക്യേ, വാല് നോക്ക്യേ’ വീട്ടിൽ തിക്കിക്കൂട്ടിനിന്നവർ സ്വരംതാഴ്ത്തി പറയുന്നുണ്ട്.
കുണുങ്ങിക്കുണുങ്ങി ആന മുറ്റത്തൂടെ വീടിന്റെ പുറകിലേക്ക് പോയി, കൂടെ ആൾക്കൂട്ടവും ചേട്ടന്മാരും. വലിയ പ്രിയൂർമാവിന്റെ ചുവട്ടിലാണ് ആനയെ തളച്ചത്. ആനക്കാര്യം നാട്ടിൽ പരന്നതോടെ നാട്ടുകാർ കൂട്ടമായി വീട്ടിലേക്ക് വരാൻ തുടങ്ങി. ആനയെ നേരിട്ടു കണ്ട കൗതുകത്തിലും ആവേശത്തിലുമാണ് കുഞ്ഞമ്മിണി. ആനയുടെ അടുത്തേക്ക് പോകാൻ അമ്മ സമ്മതിച്ചില്ല. മുറ്റത്തുനിന്ന് കണ്ടാൽ മതിയത്രേ.! അങ്ങനെ ചിണുങ്ങി നിൽക്കുമ്പോഴാണ് കൊച്ചേട്ടൻ അവളെ തോളിലേറ്റി ആനയെ കാണിക്കാൻ കൊണ്ടു പോയത്. ആരൊക്കെയോ പഴക്കുലകളുമായി വന്ന് ആനക്ക് നീട്ടുന്നു, ആന തുമ്പി ക്കൈയിൽ വാങ്ങി വായിലേക്കിടുന്നു, ചിലരെ പാപ്പാൻ ആനപ്പുറത്ത് കേറ്റുന്നു, പേടിച്ചു നിന്നവരെ പിടിച്ചു കൊണ്ടു പോയി ആനയെ തൊടീക്കുന്നു.! ഒന്നു തൊടാൻ കുഞ്ഞമ്മിണിക്കും തോന്നീതാ, പക്ഷേ പേടിയായിരുന്നു.
ആൾക്കൂട്ടം കുറഞ്ഞപ്പോൾ അമ്മ ആനയുടെ അടുത്തേക്ക് വന്നു, വാലേത്തൂങ്ങി അവളും. അപ്പോഴാണ് പാപ്പാന്റെ ഭാര്യയും മക്കളും വന്നത്. മക്കളെ കണ്ടപാടെ പാപ്പാൻ ചേർത്തുപ്പിടിച്ച് വിശേഷമൊക്കെ ചോദിച്ചിട്ട്, ഓരോരുത്തരെയായി കൈപിടിച്ചു ആനയുടെ ചുവട്ടിലൂടെ കൊണ്ടുപോയി.
‘നീയെന്ത് പ്രാന്താ കറപ്പാ കാണിക്കണേ… ’ അന്തംവിട്ട് അമ്മ ചോദിച്ചു.
‘ഹേയ്… പേടിക്കണ്ട… പെൺകിടാങ്ങളാണെങ്കിലും ജീവിക്കാൻ ധൈര്യം വേണം. ആനേടെ നടയിലൂടെ പോയാലേ നല്ല ധൈര്യമുണ്ടാവൂന്നാ.. ’
‘ഈ കുഞ്ഞിപ്പെണ്ണിനെ ആനച്ചോട്ടിലൂടെ കൊണ്ടുപോട്ടെ’ അതു പറഞ്ഞു പാപ്പാൻ കുഞ്ഞമ്മിണിയെ പൊക്കിയെടുത്തു. അമ്മ ‘വേണ്ടെ‘ന്നു പറഞ്ഞപ്പോൾ പാപ്പാൻ അപ്പനെ നോക്കി. അപ്പന് മൗനാനുവാദം.!
‘കൊച്ചിനെ ഇങ്ങട് തന്നേ… ഉള്ള ധൈര്യമൊക്കെ മതി’ അമ്മ അവളെ പിടിച്ചു വാങ്ങി ഒരു പോക്ക്! എന്തൊരു അമ്മയാണ്! എത്ര ധൈര്യവതിയാകേണ്ടതായിരുന്നു, ഒക്കെ നശിപ്പിച്ചു.
കൊച്ചേട്ടനും ആനപ്പുറത്തു കേറിയത്രേ. പിന്നീട് കൊച്ചേട്ടന് പനി പിടിച്ചപ്പോൾ ‘ജോസാപ്ല ആനയെക്കണ്ട് പേടിച്ചെന്ന്’ വല്ല്യേട്ടൻ കളിയാക്കി. ‘പിന്നേ.. ’ പുച്ഛത്തോടെ ചിറികോട്ടി കൊച്ചേട്ടൻ നിഷേധിച്ചു.
കൊച്ചേട്ടന്റെ തോളിലിരുന്നുള്ള ആദ്യ ആനക്കാഴ്ച്ച മറക്കാനാവാത്ത അനുഭവമാണ്. ആനയുടേയും തയ്യൽക്കാരന്റെയും കഥ പഠിച്ചപ്പോൾ ആ ആന വീട്ടിൽ വന്നിട്ടുണ്ടെന്നും ആ തയ്യൽക്കാരനെ കണ്ടിട്ടുണ്ടെന്നും വീമ്പിളക്കി. അതു കേട്ട് എലിസബത്ത് അത്ഭുതപ്പെട്ട് കണ്ണുതള്ളി നോക്കി. വെളുത്തുതുടുത്തു സുന്ദരിയായ എലിസബത്ത് പഞ്ചപാവമാണ്. കുഞ്ഞമ്മിണി അവളോട് ഒരുപാട് നുണക്കഥകൾ പറയും. അവളതെല്ലാം വിശ്വസിക്കും. ജെസ്സിയെപ്പോലെ ‘നുണക്കഥയാണോ’ എന്നൊന്നും ചോദിക്കില്ല. കഥയിലെ ചില അവിശ്വസനീയ ട്വിസ്റ്റുകൾ എലിസബത്തിന്റെ കണ്ണിൽ കൗതുകമായപ്പോൾ നുണകഥ പറയാൻ കുഞ്ഞമ്മിണിക്ക് ആവേശമായി. പക്ഷേ ജെസ്സിയുടെ അടുത്ത് ഇതൊന്നും നടക്കില്ല. ജെസ്സി ശാലീനസുന്ദരിയാണ്, നുണക്കഥ കണ്ടുപിടിക്കാൻ മിടുക്കിയും. കഥ തുടങ്ങുമ്പോഴേ ചോദിക്കും ‘ഇത് നിന്റെ ഇണ്ടാക്കിക്കഥയല്ലേന്ന്’. ‘അതേ.. നല്ലതല്ലേ’ന്ന് ചോദിച്ചാൽ ‘കൊഴപ്പോല്ല്യ’ന്നു പറയും. പിന്നെ ജെസ്സിയും കഥ പറഞ്ഞു തുടങ്ങി. ശരിക്കുള്ള കഥയുടെ കുറച്ചു ഭാഗങ്ങൾ മാറ്റിപ്പറയും. ‘ഇത് ആ കഥയല്ലേ’ന്ന മട്ടിൽ കുഞ്ഞമ്മിണി നോക്കിയാൽ ജെസ്സി കള്ളച്ചിരിയോടെ വായ്പൊത്തും.
ആദ്യമായി ഇണ്ടാക്കിക്കഥ പറഞ്ഞത് കൊച്ചേട്ടനാണ്. ഇണ്ടാക്കിക്കഥയുടെ ആശാനാണ് കക്ഷി. ഉറങ്ങാൻ കിടക്കുമ്പോൾ അവൾക്ക് കഥ വേണം. കഥ തുടങ്ങുമ്പോഴേ അമ്മ ഉറങ്ങിപ്പോകും. ‘പാവം അമ്മ ഉറങ്ങിക്കോട്ടെ’ എന്നുപറഞ്ഞ് കൊച്ചേട്ടൻ കഥ പറച്ചിൽ ദൗത്യമേറ്റെടുക്കും. എത്ര കഥ കേട്ടാലും ‘ഇനി വേറെ കഥ’ എന്നുപറഞ്ഞ് വാശി പിടിക്കുമ്പോൾ വായീതോന്നീതൊക്കെ കഥയാക്കും കൊച്ചേട്ടൻ. ചില വർണ്ണനകൾ കേൾക്കുമ്പോളറിയാം ഇണ്ടാക്കിക്കഥയെന്ന്! ‘ഒരിക്കൽ ഒരു രാജാവ് പറമ്പിൽ കിളച്ചപ്പോൾ നിധി കിട്ടി. ’ വിശന്നുവലഞ്ഞ പുലി കഞ്ഞി വെച്ചപ്പോൾ എലി ചാടി’ എന്നൊക്കെ പറയുമ്പോൾ ‘രാജാവ് കിളയ്ക്കോ’, ‘പുലി കഞ്ഞി കുടിക്കോ’ എന്നു ചോദിച്ചാൽ ‘കഥയിൽ ചോദ്യമില്ലെ’ന്നു പറഞ്ഞ് കൊച്ചേട്ടൻ കൈ മലർത്തും.
കഥയുടെ ശല്യമേറുമ്പോൾ പറയുന്ന കഥയിങ്ങനെ… ‘ഒരിക്കൽ ഒരിടത്ത് ഒരു പെങ്കൊച്ചുണ്ടായിരുന്നു. ഒരു മെനകെട്ട കൊച്ച്, പറഞ്ഞാൽ അനുസരിക്കില്ല, ഇങ്ങട് വാ എന്നു പറ ഞ്ഞാൽ അങ്ങട് പോണ കൊച്ച്.! ഒന്നും തിന്നൂല്ല്യ, എന്തിനും വാശി പിടിക്കും. എത്ര കഥ പറഞ്ഞാലും ‘ഇനീം കഥ.. ’യെന്നും പറഞ്ഞു ചേട്ടന്മാരെ ഉറങ്ങാൻ സമ്മതിക്കാതെ, കാതിൽ ചീവീട് പോയ പോലെ മൂളിക്കൊണ്ടിരിക്കും. തൊടേല് ചട്ടുകം പഴുപ്പിച്ചു വെച്ചാൽ ഈ ചീത്ത സൊഭാവം മാറുമത്രേ.! പക്ഷേ കൊച്ചിന് വേദനിക്കുമെന്നു പറഞ്ഞ് അതിന്റെ പാവം കൊച്ചേട്ടൻ സമ്മതിച്ചില്ല.. ’ അപ്പോഴേക്കും കുഞ്ഞമ്മിണിക്ക് കഥാപാത്രത്തെ പിടികിട്ടും, മനസ്സ് മാറും, സങ്കടം വരും. മിണ്ടാതെ കിടന്നുറങ്ങും.
‘ഇണ്ടാക്കിക്കഥയല്ലേ’ന്ന് ചോദിച്ച് മുഖം തിരിക്കുമ്പോൾ കൊച്ചേട്ടൻ പറയും. ‘സകല കഥകളും ഇണ്ടാക്കീതാ, ആരെങ്കിലും ഉണ്ടാക്കാതെ കഥയുണ്ടാവോ? അങ്ങനെ ഉണ്ടാക്കുന്ന കഥകളാണ് നമ്മൾ പുസ്തകങ്ങളിൽ വായിക്കുന്നത്. ആ കഥകളാണ് എല്ലാവരും പറയുന്നത്. പുസ്തകങ്ങൾ നിറയെ കഥയും കഥ നിറയെ അറിവുമാണ്. വായിച്ചാൽ അറിവ് കിട്ടും, ബുദ്ധി വളരും. ആമയുടേയും മുയലിന്റെയും കഥ, കുരങ്ങന്റെയും ചീങ്കണ്ണിയുടേയും കഥ.. അങ്ങനെ എത്രയെത്ര കഥകൾ.! ബഷീറും മുട്ടത്തുവർക്കിയും കഥയുണ്ടാക്കും, ടാഗോർ കഥയുണ്ടാക്കും, പിന്നെ ലോകത്തുള്ള എഴുത്തുകാരൊക്കെ കഥയുണ്ടാക്കും. ’ പറഞ്ഞുതീരും മുമ്പ് അവൾ പറഞ്ഞു ‘കൊച്ചേട്ടനും കഥയുണ്ടാക്കും’. അതുകേട്ട് കള്ളച്ചിരിയോടെ ‘കുഞ്ഞമ്മിണിയും കഥയുണ്ടാക്കില്ലേ, ഇനി ഒരു ഉണ്ടാക്കികഥ പറയ്.. കേൾക്കട്ടെ’.
കുഞ്ഞമ്മിണി കഥ ആലോചിച്ചു, പറയാൻ തുടങ്ങി. ‘ഒരിക്കൽ ഒരാള്ണ്ടാർന്നു, കൊറേ ഇണ്ടാക്കിക്കഥ അറിയുന്ന ആളാർന്ന്. ആ ആള് അർമോണിയം വായിച്ച് പാട്ടു പാടുമായിരുന്ന്. ആ ആളാരാന്നു രൂപക്കൂട്ടിലെ കർട്ടനിൽ ഉണ്ണീശോയുടെ പടം വരച്ചത്. കൊച്ചേട്ടൻ എന്ന ആ ആൾടെ പേര് ജോസ് എന്നായിര്ന്നു. നല്ല ആളാർന്നു. കുഞ്ഞമ്മിണിക്ക് ഇഷ്ട്ടായിര്ന്നു. ’ പുഞ്ചിരിയോടെ കഥ കേട്ടിരുന്ന കൊച്ചേട്ടൻ വാൽസല്യത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു ‘ങും നല്ല കഥയാണല്ലോ, മിടുക്കി.! ’ അതാണ് ആദ്യത്തെ കഥയും പ്രോൽസാഹനവും.
കുഞ്ഞമ്മിണി കരയുമ്പോൾ ‘അതിനെ നെലോളിപ്പിക്കാതെ ഇണക്കടാ’ന്ന് അപ്പൻ പറയും. ഇണക്കൽ കൊച്ചേട്ടന്റെ ഉത്തരവാദിത്വമാണ്. ‘കൊച്ച് വാ നല്ല മണിമണിപോലത്തെ കഥ പറയാം, കിളികിളിപോലത്തെ പാട്ട് പാടാ’മെന്ന് പറഞ്ഞു വിളിക്കും. കഥ, പാട്ട് എന്നൊക്കെ കേട്ടാൽ കുഞ്ഞമ്മിണി ഫ്ലാറ്റ്.! പാട്ടാണെങ്കിൽ ഹാർമോണിയത്തിൽ ശ്രുതിയിട്ടു പാടും. ‘മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്, കൊച്ചുമലയാളമെന്നൊരു നാടുണ്ട്’ പാട്ട് തീരുംവരെ മയങ്ങിപ്പോകുന്ന ഫീലാണതിന്. ‘വീടിന്റെയുമ്മറത്ത് വിളക്കും കൊളുത്തിയെന്റെ വരവും കാത്തിരിക്കുന്ന പെണ്ണുണ്ട്’ എന്ന വരികൾ, ലയിച്ചു പാടുമ്പോൾ യുവാവായ കൊച്ചേട്ടന്റെ കണ്ണിലെ തിളക്കം പ്രണയമായിരുന്നോ.! ആ പാട്ട് കുഞ്ഞേട്ടൻ സ്കൂളിൽ പാടിയെന്നും വരി മറന്നതിനാൽ സമ്മാനം കിട്ടിയില്ലെന്നും പറഞ്ഞപ്പോൾ ‘നീ അത്ര നന്നായി പാടിയോ’യെന്ന് കൊച്ചേട്ടൻ. ‘അത്ര’യെന്ന വാക്കിന് പുച്ഛമുണ്ടായിരുന്നത്രേ! ‘നന്നായില്ലെങ്കിൽ പെൺകുട്ടികൾ പാട്ടിന്റെ വരികൾ ചോദിക്കോ’ന്നായി കൗമാരക്കാരനായ കുഞ്ഞേട്ടൻ. ‘ഏതു പെണ്ണാ ചോദിച്ചേ, അവളാള് ശരിയല്ലെ‘ന്നു കൊച്ചേട്ടനും. ‘കൊച്ചേട്ടന് എന്തിനും വിമർശനബുദ്ധിയാന്ന് ദ്വേഷ്യപ്പെട്ട് കുഞ്ഞേട്ടൻ പിണങ്ങി പ്പോയി.
മടുക്കുമ്പോൾ പറയുന്ന ഒരു കഥയുണ്ട്. ‘കഥ കഥനായരേ കസ്തൂരി നായരേ കഥകളി കാണാൻ എപ്പെത്തി ഇപ്പെത്തി.. എപ്പെത്തി ഇപ്പെത്തി.. ’ പിന്നെ, ‘എപ്പെത്തി ഇപ്പെത്തി’ എന്നുതന്നെ പറഞ്ഞോണ്ടിരിക്കും. ‘ബാക്കി പറയ്’ എന്നു പറഞ്ഞാൽ ജാലവിദ്യക്കാരനെപ്പോലെ കൈനീർത്തി പറയും ‘കഥ കഴിഞ്ഞു.! ’
പുസ്തകങ്ങളിൽ കഥകളും കഥകളിൽ നിറയെ അറിവുമാണ്, വായിച്ചാൽ അറിവും, ബുദ്ധിയുമു ണ്ടാകും.! അതുകൊണ്ടാകാം വായനയുടെ ലോകത്തിലേക്ക് ശ്രദ്ധ തിരിഞ്ഞത്. പുസ്തകങ്ങളോ അക്ഷരങ്ങളുള്ള ഒരു പേപ്പർ പോലും ചവിട്ടിയാൽ തൊട്ടുമുത്തണം. അറിവ് പകർന്നു തരുന്ന അക്ഷരങ്ങളെ നിന്ദിക്കരുത്, ബഹുമാനിക്കണം.! ബാല്യത്തിൽ പഠിച്ച പാഠങ്ങളാണ്, ഇന്നും പാലിക്കുന്ന പാഠം. മിഠായിക്കു പകരം ബുക്കുകൾ കൊണ്ടുവന്നതിൽ പിണങ്ങിയിരുന്ന കുഞ്ഞമ്മിണി ഇന്നറിയുന്നു ‘മിഠായിയേക്കാളും എത്ര മധുരമുള്ള ജീവിതപാഠങ്ങളാണ് വായനയിലൂടെ നേടിയത്.!
ഒരു കഥാപ്രപഞ്ചം ഉള്ളിലൊളിപ്പിച്ച, അസ്സൽ കവിതയെഴുതുന്ന, കുഞ്ഞമ്മിണിയുടെ ‘കോച്ചേട്ടനെ’ന്ന ഇണ്ടാക്കികഥാകാരന്റെ ഓർമ്മകൾക്കുമുമ്പിൽ ഈ ഇണ്ടാക്കിക്കഥ സമർപ്പിക്കുന്നു.!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.