ലഖ്നൗവില്‍ മഹാപഞ്ചായത്ത് നടത്തി കർഷകർ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ആണ് മഹാ പഞ്ചായത്ത് നടത്തിയത്. ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകണം എന്നും കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നും ആവശ്യപ്പെട്ട് നടന്ന മഹാപഞ്ചായത്തിൽ ആയിരങ്ങൾ പങ്കെടുത്തു.
സമരത്തിൽ നിന്ന് പിന്മാറില്ല എന്ന പ്രഖ്യാപനത്തിന് പിന്നാലെ ആണ് സംയുക്ത കിസാൻ മോർച്ച ലക്നൗവിൽ മഹാപഞ്ചായത്ത് നടത്തിയത്. മുസഫർ നഗറിനും വാരണാസിക്കും പിന്നാലെ ഉത്തർ പ്രദേശ് കണ്ട ഏറ്റവും വലിയ മൂന്നാമത്തെ മഹാപഞ്ചായത്തിനാണ് ലക്നൗ സാക്ഷ്യം വഹിച്ചത്. വിവിധ കർഷക സംഘടനകളിലെ നേതാക്കൾ സമര വേദിയിലെത്തിയ ആയിരക്കണക്കിന് കർഷകരോട് സംസാരിച്ചു. ലഖിംപൂർ ഖേരി സംഭവത്തിൽ കൊല്ലപ്പെട്ട കർഷകർക്ക് കൃത്യമായ അന്വേഷണത്തിലൂടെ നീതി ഉറപ്പാക്കണം എന്ന് മഹാപഞ്ചായത്തിൽ കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഒപ്പം ഇവരുടെ പുനരധിവാസവും ഉറപ്പ് വരുത്തണം. കർഷകരുടെ മരണത്തിന് കാരണക്കാരനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്നും കർഷകർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന കർഷക സമരത്തിൽ രക്തസാക്ഷികളായ കർഷകർക്ക് സിംഘു അതിർത്തിയിൽ സ്മാരകം നിർമിക്കാൻ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് തുറന്ന കത്ത് നൽകിയിരുന്നു. കർഷക സമരം ആരംഭിച്ച ഘട്ടത്തിൽ കർഷക സംഘടനകൾ മുന്നോട്ട് വെച്ച മറ്റ് രണ്ട് ആവശ്യങ്ങൾ ആയിരുന്നു വൈദ്യുതി ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഉത്പാദന ചെലവിന്റെ ഒന്നര മടങ്ങ് അടിസ്ഥാന താങ്ങ് വില നിയമം മൂലം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ.
ഇക്കാര്യങ്ങളിൽ ഉറപ്പ് ലഭിക്കുന്നത് വരെ സമരം അവസാനിപ്പിക്കാൻ കഴിയില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിന് ശേഷം സംയുക്ത കിസാൻ മോർച്ച അറിയിച്ചത്.പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ കാർഷിക കരിനിയമങ്ങൾ പിൻവലിക്കുന്ന കാര്യം ബുധനാഴ്ച ചേരുന്ന കേന്ദ്ര മന്ത്രി സഭാ യോഗം ചർച്ച ചെയ്യും.
english summary;Farmers held a Maha Panchayat in Lucknow
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.