റെജി കുര്യന്‍ ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പോരാട്ട വിജയത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ നടത്തിയ പോരാട്ടത്തിന്റെ വിജയത്തിനാണ് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ സാക്ഷിയായത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചാണ് ശബ്ദവോട്ടോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും ബില്ലിന് അംഗീകാരം നല്‍കിയത്. രാഷ്ട്രപതി പുതിയ നിയമത്തില്‍ ഒപ്പുവെയ്ക്കുന്നതോടെ ഏറെ വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കപ്പെടും.
ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ലോക്‌സഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യം നടന്നത്. മരിച്ച അംഗങ്ങള്‍ക്ക് സഭ ആദരം അര്‍പ്പിച്ചു. തുടര്‍ന്ന് കര്‍ഷകരുടെ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ആദ്യം 12 മണിവരെ സഭ നിര്‍ത്തിവച്ചു. വീണ്ടും സമ്മേളിച്ച സഭയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ അവതരിപ്പിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലില്‍ ചര്‍ച്ച വേണമെന്ന ലോക്‌സഭയിലെ പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം അതിന്റെ പാരമ്യത്തിലേക്ക് പ്രവേശിച്ചു. ഇതിനിടെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലിന് ശബ്ദവോട്ടോടെ അംഗീകാരം നല്‍കി. തുടര്‍ന്ന് നിര്‍ത്തിവച്ച സഭ രണ്ടു മണിക്ക് സമ്മേളിച്ചെങ്കിലും സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ത്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭയിലും ഏതാണ്ട് സമാന ദൃശ്യങ്ങളാണ് കാണാനായത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒപ്പം അന്തരിച്ച മുന്‍ അംഗങ്ങള്‍ക്ക് ഒപ്പം സിറ്റിങ്ങ് അംഗമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ സഭ 12.20 വരെ പിരിഞ്ഞു. തുടര്‍ന്ന് സമ്മേളിച്ച സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴും ലോക്‌സഭ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് നരേന്ദ്ര സിങ്ങ് തോമര്‍ സഭയുടെ പരിഗണനയിലേക്ക് എത്തിച്ചു. തുടര്‍ന്ന് പിരിഞ്ഞ സഭ വീണ്ടും സമ്മേളിച്ചതോടെ കാര്‍ഷിക ബില്ലുകള്‍ ചര്‍ച്ചയില്ലാതെ രാജ്യസഭയും പാസാക്കി.
English summary; all the three agricultural laws are withdrawn
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.