എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം. എംപിമാരുടെ സസ്പെന്ഷന് സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എംപിമാര്‍ മാപ്പുപറയണമെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഉപാധികളോടെ ചര്‍ച്ചയ്ക്ക് ഒരുക്കമല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം തുടരുമെന്നാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞത്. രാവിലെ രാജ്യസഭ സമ്മേളിച്ചപ്പോള്‍ എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടു വച്ചു.
രാജ്യസഭാ പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കാതിരുന്നതോടെ പ്രതിഷേധം ശക്തമായി, തുടര്‍ന്ന് 12 വരെ നിര്‍ത്തിവച്ച സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പിരിഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിരോധം കനത്തതോടെ സഭ പിരിയുകയാണുണ്ടായത്. പ്രതിപക്ഷ പ്രതിഷേധം മൂലം ലോകസഭ ഉച്ചക്ക് 12 വരെയും പിന്നീട് 2.35 വരെയും നിര്‍ത്തിവച്ചു. അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷന്) ബില്‍ ലോക്സഭ ഇന്നലെ പാസാക്കി.
സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ പ്ലക്കാര്‍ഡുമായി ധര്‍ണ നടത്തി. കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഐ, സിപിഐ (എം), ടിഎംസി, എസ്പി, ഡിഎംകെ ശിവസേന, ടിആര്‍എസ്, എന്‍സിപി, ആര്‍ജെഡി, ഐയുഎംഎല്‍, എന്‍സി, എല്‍ജെഡി, ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് എംപിമാരാണ് ധര്‍ണയില്‍ അണി ചേര്‍ന്നത്. നടപ്പു സമ്മേളനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട ബിനോയ് വിശ്വം, എളമരം കരീം എന്നിവരുള്‍പ്പെടെയുള്ള എംപിമാരും ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ധര്‍ണ നടത്തി.
english summary;Suspension of MPs
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.