25 December 2024, Wednesday
KSFE Galaxy Chits Banner 2

കാസര്‍കോട്ടെ ക്ലേശകാലം പിന്നിട്ട് ഭവന വായ്പാ രംഗത്തെ അതികായനായ ബി കെ മഥൂറിര്‍ ആത്മകഥ ‘അറ്റ്‌ഹോം ഇന്‍ ദ യൂനിവേഴ്‌സ് ’ പ്രകാശനം ചെയ്തു

Janayugom Webdesk
കൊച്ചി
December 6, 2021 5:36 pm

മുംബൈ- കാസര്‍കോട് ജില്ലയിലെ മഥൂരില്‍ നിര്‍ധന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് ക്‌ളേശങ്ങളുടെ കഠിന കാലം പിന്നിട്ട് രാജ്യത്തെ വന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളിലൊന്നിന്റെ തലവനായിത്തീര്‍ന്ന സംഭവ ബഹുലമായ കഥയുമായി ബി കെ മഥൂറിന്റെ ആത്മകഥ. ഭവന വായ്പാ രംഗത്തെ അതികായനും കോര്‍പറേറ്റ് മേഖലയിലെ അത്ഭുത വ്യക്തിത്വവുമായ  ബി കെ മഥൂറിന്റെ  ’ അറ്റ്‌ഹോം ഇന്‍ ദ യൂനിവേഴ്‌സ് ’ എന്ന ആത്മകഥയുടെ പ്രകാശനം കേന്ദ്ര റോഡ് വികസന മന്ത്രാലയം ഉപദേഷ്ടാവും മഹാരാഷ്ട്ര സ്റ്റേറ്റ്  റോഡ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുന്‍ വൈസ് ചെയര്‍മാനുമായ ആര്‍ സി സിന്‍ഹ  നിര്‍വഹിച്ചു.

ഇന്ത്യയിലെ പ്രഥമ ഭവന വായ്പാ സ്ഥാപനമായ ദിവാന്‍ ഹൗസിംഗ് ഫൈനാന്‍സ് ലിമിറ്റഡിന്റെ (ഡിഎഛ്എഫ്എല്‍)  സിഇഒ ആയിരുന്നു മഥൂര്‍. പിതാവ് കൂലിപ്പണി ചെയ്തു കുടുംബം പോറ്റാന്‍ പ്രയാസപ്പെടുമ്പോള്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും തുടര്‍ പഠനത്തിനും പിന്തുണ നല്‍കിയ അമ്മയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചാലക ശക്തി. സ്വപ്‌ന നഗരിയായ മുംബൈയില്‍ യൗവനകാലത്ത് എത്തിച്ചേര്‍ന്ന് എന്തു ജോലിയും ചെയ്യാന്‍ തയാറായി അലഞ്ഞ നാളുകളെക്കുറിച്ചും കഠിനാധ്വാനത്തിലൂടെ പിന്നീട് പടിപടിയായി കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഹൃദയ സ്പര്‍ശിയായി പ്രതിപാദിക്കുന്ന ഈ പുസ്തകം അസാധാരണമായ ഒരു കോര്‍പറേറ്റ് വിജയ ഗാഥയാണ്. ഒരു സാധാരണ സെയില്‍സ്മാന്‍ വന്‍ വിജയം നേടിയ മാര്‍ക്കറ്റിംഗ് മേധാവിയായിത്തീര്‍ന്നതിന്റെ കഥകൂടിയാണ് 1980 കളിലേയും 90 കളിലേയും രാജ്യത്തെ ധനകാര്യമേഖലയുടെ നഖ ചിത്രം  രേഖപ്പെടുത്തുന്ന ഈ ആത്മകഥ. ധനകാര്യ രംഗത്ത് ഭവന വായ്പ കമ്പനിയെക്കുറിച്ച് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന കാലത്ത്, 1984ലാണ്   പ്രമുഖ സംരംഭകനായ രാജേഷ്‌കുമാര്‍ വാധ്വാനോടൊപ്പം മഥൂര്‍ ദിവാന്‍ ഹൗസിംഗ് ഫൈനാന്‍സ് കമ്പനി തുടങ്ങുന്നത്. തുടര്‍ച്ചയായ മുന്നേറ്റത്തിലൂടെ സ്ഥാപനം പിന്നീട് രാജ്യത്തെ മുന്‍നിര ഹൗസിംഗ് കമ്പനിയായി പടര്‍ന്നു പന്തലിച്ചു.

കുഗ്രാമമായ ബൊള്ളാറില്‍ ജീവിതം തുടങ്ങി ഭാവിയെക്കുറിച്ച് ഉദാത്തമായ സ്വപ്‌നങ്ങള്‍ കാണുകയും അതു പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി വിയര്‍പ്പൊഴുക്കുകയും ചെയ്ത തന്റെ ജീവിതം ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ പരിശ്രമിക്കുന്ന യുവാക്കള്‍ക്ക് പാഠമായിത്തീരുമെന്നാണ് കരുതുന്നതെന്ന് ആത്കഥ അവതരിപ്പിച്ചുകൊണ്ട്  മഥൂര്‍ പറയുന്നു. എല്‍ഐസി മുന്‍ എംഡി ജിപി കോലി, ഡിഎ ചൗധരി , ആദായ നികുതി കമ്മീഷണര്‍ ഉദയ ഭാസ്‌കര്‍ ജക്കെ, ടൈംസ് ഓഫ് ഇന്ത്യ മുന്‍ മുംബൈ ബ്യൂറോ ചീഫ് എസ് ബാലകൃഷ്ണന്‍, ശങ്കര്‍ ഷെട്ടി, അഡ്വ. സീതാറാം സാന്‍ഖെ, മുബൈ ദേവഡിഗ സംഘ പ്രസിഡന്റ് മോഹന്‍ദാസ് ഹിരിയാദ്ക, എആര്‍കെ ഫിന്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് സിഇഒ അനില്‍ സച്ചിദാനന്ദ, ആത്മകഥയുടെ പ്രസാധകരും വിതരണക്കാരുമായ  ബുക്‌വേള്‍ഡ്  എന്റര്‍ പ്രൈസസ് എംഡി സതീഷ് ഷാ, ബിഎം ചതുര്‍വേദി തുടങ്ങിയവര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തു.

eng­lish summary;BK Math­uril’s auto­bi­og­ra­phy ‘At Home in the Uni­verse’ released after Kasar­gode crisis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.