സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾക്കു സർക്കാർ ഉടൻ തുടക്കംകുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതവിദ്യാഭ്യാസ രംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കു സർക്കാർ തുടക്കമിടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ, രാജ്യാന്തര റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്നിലാണ് ഇപ്പോൾ. ഇതിനു മാറ്റംവരുത്തി ആധുനികകാലത്തിനനുസരിച്ചു കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റും. എല്ലാ പശ്ചാത്തല സൗകര്യങ്ങളും സൃഷ്ടിച്ചുകൊണ്ടായിരിക്കുമിത്.
ആധുനിക കാലത്തിനൊത്ത കോഴ്സുകൾ ആരംഭിക്കണം. മികച്ച ലൈബ്രറിയും ലബോറട്ടറിയും ഹോസ്റ്റലുകളും വരണം. അതുവഴി ഓരോ വിദ്യാഭ്യാസ സ്ഥാപനവും രാജ്യത്തെ ഏറ്റവും മികച്ച പത്തിൽ ഒന്നായും ലോകത്തെ മികച്ച 100 സ്ഥാപനങ്ങളിലൊന്നായും മാറേണ്ടതുണ്ട്. അങ്ങനെയായാൽ കോഴ്സുകൾതേടി മറ്റു സംസ്ഥാനങ്ങളിലേക്കു കുട്ടികൾ പോകുന്ന സ്ഥിതി മാറും. വിദേശത്തുനിന്നുപോലും കുട്ടികൾ പഠനത്തിനായി ഇവിടേയ്ക്കെത്തും — മുഖ്യമന്ത്രി പറഞ്ഞു.
ആരും കൊതിക്കുന്ന നാടാക്കി കേരളത്തെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ നീങ്ങുന്നത്. സംസ്‌കാര സമ്പന്നരായ ജനങ്ങളും ഏറ്റവും നല്ല കാലാവസ്ഥയും മനംമയക്കുന്ന പ്രകൃതിരമണീയതയുമുള്ള നാടാണു കേരളം. എല്ലാറ്റിലുമുപരി ജീവിക്കാൻ ഏറ്റവും സമാധാനം നിറഞ്ഞതും ഒരു ഭേദചിന്തയുമില്ലാതെ മനുഷ്യനു മനുഷ്യനോട് ഇടപഴകാൻ കഴിയുന്നതുമായ നാടാണ്. അത്തരം നാട്ടിലേക്കുകടന്നുവരാൻആരും കൊതിക്കും. ഇതു സൃഷ്ടിക്കപ്പെടാൻ യുവത കൂടുതൽ ഉണർവിലേക്കു നീങ്ങണം. വിദ്യാഭ്യാസ നിലവാരത്തിനൊപ്പം തൊഴിൽ ലഭ്യത ഉറപ്പാക്കുന്ന നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 40 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന ബ്രഹത് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഉടൻ തുടക്കംകുറിക്കും. വർക്ക് ഫ്രം ഹോമിന്റെ സാധ്യത മുൻനിർത്തി വർക്ക് നിയർ ഹോം പദ്ധതിക്കും തുടക്കമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
English Summary: Higher education sector to be upgraded: CM
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.