22 December 2024, Sunday
KSFE Galaxy Chits Banner 2

വേമ്പനാട് കായലിലെ കക്ക പുനരുജ്ജീവന പദ്ധതി വൻ വിജയം; പ്രതിദിനം 10 ടൺ വിളവെടുപ്പ്

Janayugom Webdesk
കൊച്ചി
December 10, 2021 4:37 pm

വേമ്പനാട് കായലിലെ കക്കസമ്പത്ത് പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ശ്രമം വൻ വിജയം. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. വിളവെടുപ്പ് തുടങ്ങിയതോടെ, ചുരുങ്ങിയത് 10 ടൺ കക്കയാണ് മത്സ്യത്തൊഴിലാളികൾ പ്രതിദിനം ഈ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്നത്. ഏകദേശം 1500 ടൺ കക്ക ഉൽപാദനമാണ് കുഞ്ഞുങ്ങളെ നിക്ഷേപിച്ച ഭാഗങ്ങളിൽ നിന്ന് സിഎംഎഫ്ആർഐ പ്രതീക്ഷിക്കുന്നത്. ഇത്, നിക്ഷേപിച്ച കുഞ്ഞുങ്ങളുടെ ഏഴിലധികം മടങ്ങ് വരും.

ജില്ലാപഞ്ചായത്തിന് കീഴിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന കക്ക പുനരുജ്ജീവന പദ്ധതിക്ക് ശാസ്ത്ര‑സാങ്കേതിക മേൽനോട്ടം വഹിച്ചത് സിഎംഎഫ്ആർഐയാണ്. കായലിൽ തണ്ണീർമുക്കം ബണ്ടിന് വടക്ക് ഭാഗത്ത് കീച്ചേരി, ചക്കത്തുകാട് എന്നീ പ്രദേശങ്ങളിലായി 20 ഹെക്ടറോളം ഭാഗത്ത് 2019ൽ 200 ടൺ കക്ക കുഞ്ഞുങ്ങളെ നിക്ഷേപിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്.

ഏകദേശം രണ്ട് വർഷത്തെ കാലയളവിനുള്ളിൽ ഈ ഭാഗങ്ങളിൽ കക്കയുടെ ഉൽപാദനം വർധിച്ചതായി കണ്ടെത്തി. കായലിന്റെ അടിത്തട്ടിൽ കക്ക ആവാസവ്യവസ്ഥ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും സാധിച്ചതായി സിഎംഎഫ്ആർഐയിലെ വിദഗ്ധർ പറഞ്ഞു. ഭാവിയിലും ഈ പ്രദേശങ്ങളിൽ കക്കയുടെ ലഭ്യത കൂടാൻ ഇത് സഹായകരമാകും. കക്കയുടെ ലഭ്യതക്കുറവും മഹാമാരിയും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് വലിയ ആശ്വാസമാണിതെന്ന് സിഎംഎഫ്ആർഐ മൊളസ്‌കൻ ഫിഷറീസ് വിഭാഗം മേധാവി ഡോ പി ലക്ഷ്മിലത പറഞ്ഞു. തോട് കളഞ്ഞ കക്ക ഇറച്ചി 150 രൂപയ്ക്കാണ് തൊഴിലാളികൾ വിപണിയിലെത്തിക്കുന്നത്.

വേമ്പനാട് കായലിൽ നിന്നുള്ള കക്ക ലഭ്യത മുൻകാലങ്ങളിൽ 75000 ടണ്ണിന് മുകളിലുണ്ടായിരുന്നത് 2019ൽ 42036 ടണ്ണായി കുറഞ്ഞിരുന്നു. എന്നാൽ, ഈ പദ്ധതിയിലൂടെ കക്കയുടെ ഉൽപാദനം ഒരു പരിധിവരെയെങ്കിലും വർധിപ്പിക്കാനായി. ഇതിന് പുറമെ, കക്കവാരലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ വരുമാനം വർധിപ്പിക്കാനും സാധിച്ചെന്ന് ഗവേഷണ പദ്ധതിക്ക് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ സയന്റിസ്റ്റ് ഡോ ആർ വിദ്യ പറഞ്ഞു. അയ്യായിരത്തോളം പേരാണ് വേമ്പനാട് കായലിൽ നിന്നും കക്കവാരി ഉപജീവനം നടത്തുന്നത്.

ENGLISH SUMMARY: clams Reha­bil­i­ta­tion Project at Vem­banad Lake a great suc­cess; Yield 10 tons per day
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.