22 December 2024, Sunday
KSFE Galaxy Chits Banner 2

സംഗീതം സപര്യയാക്കിയ പട്ടം സനിത്ത്; ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനാകുന്നു

പുളിക്കല്‍  സനില്‍രാഘവന്‍
December 16, 2021 5:49 pm

മനസ്സിന്‍റെ  ഉള്ളില്‍ നിന്നും, എവിടെയോ തിരയുന്നു
അമ്മതന്‍ സ്നേഹത്തിന്‍  ഓര്‍മ്മക്കുറിപ്പുകള്‍

 

മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്‍റേതായ കൈയ്യൊപ്പ് പകര്‍ന്നു നല്‍കിയ വ്യക്തിയാണ് പ്രമുഖ ബാങ്കിലെ മാനേജര്‍ കൂടിയായ, സംഗീതകുലപതി ദേവരാജന്‍ മാസറ്ററുടെ വത്സലശിഷ്യനുമായ പട്ടം സനിത്ത്.സംഗീതം തന്നെയാണ് സനിത്തിന്‍റെ ജീവിതം എന്നു പറയാം, ലക്ഷങ്ങളുടെ  ഇടപാടുകള്‍  നടക്കുന്ന ബാങ്കിലെ കണക്കിലെ  കളികള്‍ക്കിടയിലും  തന്‍റെ സര്‍ഗ്ഗ വൈഭവത്തിന് സനിത്ത് സമയം  കണ്ടെത്തും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്ക്കൂളിലെ വേദിയില്‍ പാടിതുടങ്ങിയ സനിത്തിനെ ചെറുതും, വലുതുമായ വേദികള്‍ തേടിയെത്തി.  ലളിതസംഗീതത്തിലൂടെയാണ് സനിത്ത് തന്‍റെ ശബ്ദംപുറം ലോകത്തിലേക്ക് എത്തിച്ചത്.

1989ല്‍ പാലക്കാട് ജില്ലയിലെ  മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ, ഒഎൻവി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

ഒഎന്‍വി- ദേവരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന ആഗാനത്തിന് സനിത്തിന്‍റെ സ്വരമാധുര്യം കൂടി ചേര്‍ന്നപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് ഒന്നാംസ്ഥാനക്കാരനെ  കണ്ടെത്താന്‍ ആലോചിക്കേണ്ടി വന്നില്ല. അതിനുശേഷവും സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ സനിത്ത് നേടിയിട്ടുണ്ട്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തൻേറതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ഇന്ന് പട്ടം സനിത്ത് എന്ന അനുഗ്രഹീത കലാകാരന്‍.

ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിൻറെയുള്ളിൽ നിന്ന്..”  എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല. തുടർന്ന് ഏഴു വർണ്ണങ്ങൾ, ലൗസ്റ്റോറി എന്നീ ചിത്രങ്ങളിലും പാടി. ലളിതഗാനങ്ങളും ദേശഭക്തി ഗാനങ്ങളും പാടുന്നതിന് അവസരമുണ്ടായി. ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ, തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായിട്ടാണ് അദ്ദേഹം കരുതുന്നത്.

കലാപാരമ്പര്യമുള്ള ഒരു  കുടുംബത്തിലെ അംഗമാണ് സനിത്ത്. ഇൻഡ്യൻ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966‑ൽ ദേശീയ അവാർഡ് നേടിയ  ചെങ്ങന്നൂര്‍, ചെറിയനാട് ഇടവൻകാട് ടി എൻ പത്മനാഭന്‍ പട്ടം സനിത്തിന്റെ അമ്മയുടെ അച്ഛനാണ്. അമ്മയുടെത് ഒരു പ്രശസ്ത സംഗീത കുടുംബമായിരുന്നു. സനിത്തിന്റെ മുത്തച്ഛൻ രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു.

2014‑ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സ്പെഷ്യൽ അപ്രീസിയേഷനോടുകൂടി വിജയിയായി. 2015‑ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരം ലഭിച്ചു. 2018‑ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡ് ലഭിച്ചു. (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്…). 2019‑ൽ ബാലഭാസ്കർ അവാർഡ് സനിത്തിനെ തേടിയെത്തി (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്). ഇവയെല്ലാം സനിത്തിനെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രം, സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ സനിത്തിന് കഴിഞ്ഞിട്ടുണ്ട്.

ആകാശവാണി, ദൂരദർശൻ തുടങ്ങി നിരവധി ചാനലുകളിൽ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു. ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം ഇക്കാലയളവിലും നിലനിർത്തി വരുന്ന പട്ടം സനിത്ത് സംഗീത വഴിയിൽ തൻറെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. സിനിമയില്‍ നിന്നും അവസരങ്ങള്‍ സനിത്തിനെ തേടിയെത്തിയിട്ടുണ്ട്. അതുപോലെ  ഔദ്യോഗിക  ജീവിതത്തിലും ഏറെ  തിരക്കുള്ള വ്യക്തിയാണ്. പ്രൊഫ. എ കൃഷ്ണകുമാര്‍  നിര്‍മ്മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഫാമിലി  എന്ന  ചിത്രത്തിലെ ഗാനങ്ങളും ഇനി സനിത്തിന്റെ ശബ്ദമാധുര്യത്തില്‍ പുറത്തുവരാനുണ്ട്.

ഒരു  ഓണക്കാലത്ത് തിരുവനന്തപുരം ലയണ്‍സ് ക്ലബില്‍ സനിത്ത് ഒരു ഗാനം ആലപിച്ചു. ആ ഗാനംകേട്ട സംവിധായകന്‍ എ ഹാജമൊയ്തീനാണ് സനിത്തിനെ ആദ്യം ചലച്ചിത്ര പിന്നണി  ഗാനത്തിലേക്കുള്ള വാതില്‍ തുറന്നു കോടുത്തത്. എസ് എസ്  സ്റ്റുഡിയോയിലായിരുന്നു റിക്കോഡിംഗ്.  സനിത്തിന്‍റെ ആദ്യ ഗാനം  ഏറെ  ശ്രദ്ധിക്കപ്പെട്ടു. തന്‍റെ അമ്മയാണ് സംഗീതത്തോടുള്ള തന്‍റെ അഭിരുചിക്ക് പിന്നിലെന്നും സനിത്ത് അഭിപ്രായപ്പെട്ടു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലെ തേടിവരും കണ്ണുകളില്‍..  എന്നുതുടങ്ങുന്ന ഗാനം സ്ക്കൂളില്‍  പാടിയതോടെയാണ് വേദികളില്‍ എത്തുന്നതെന്നും സനിത്ത് പറയുന്നു.

സംഗീതത്തിനൊപ്പം സാമൂഹ്യപ്രവർത്തനവും ഈ ഗായകനു ജീവിതചര്യ‍യുടെ ഭാഗമാണ്. ഓണം, ക്രിസ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ കേവലം ആഡംബരങ്ങളിലൊതുങ്ങാതെ നഗരത്തിലെയും പരിസരത്തെയും അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും. ശ്രീ ചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, റീജ്യണൽ ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കും.

അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം ചേരും. വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവ് കൂടിയാണിദ്ദേഹം.

ഇതു കൂടാതെ പരിസ്ഥിതിക്കു വേണ്ടി നിലകൊള്ളുന്ന പട്ടം സനിത് എന്ന ഗായകൻ എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീലിൽ പങ്കെടുക്കാറുണ്ട്. നടുക മാത്രമല്ല ഇവ പരിപാലിക്കാനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.സനിത്തിന്‍റെ ഭാര്യ:രതിക. മകൻ:എസ് അനൂപ് (ലയോള സ്കൂൾ പ്ലസ് വൺ വിദ്യാർഥി).

Eng­lish Sum­ma­ry: An Inter­view with Pat­tom Sanith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.