മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്രയും കമ്മിഷണർമാരായ രാജീവ് കുമാറും അനുപ് ചന്ദ്ര പാണ്ഡെയും പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണഘടനാപദവിയും സ്വയംഭരണസ്വഭാവവും ഇല്ലാതാക്കി രാഷ്ട്രീയ ചട്ടുകമാക്കിയതിന്റെ തെളിവാണിതെന്ന് ആരോപണമുയർന്നു.പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്ര അധ്യക്ഷത വഹിക്കുന്ന വോട്ടർപട്ടിക സംബന്ധിച്ച യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പങ്കെടുക്കണമെന്ന് കാണിച്ച് നിയമ മന്ത്രാലയമാണ് കമ്മിഷന് കത്തയച്ചത്. ഇത്തരമൊരു കത്തു തന്നെ ഭരണഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും രാഷ്ട്രീയവല്കരിച്ച് വരുതിയിലാക്കുന്ന മോഡിയുടെ നയത്തിനു വഴങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും എന്നതിന്റെ തെളിവാണിത്. ആവശ്യമെങ്കിൽ, സർക്കാർ ഉദ്യോഗസ്ഥർ കമ്മിഷണർമാരുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെടുകയാണ് രീതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയവുമായും വോട്ടിങ് ദിവസങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി ആഭ്യന്തര മന്ത്രാലയവുമായും മാത്രമാണ് ചർച്ചകൾ നടത്തുക. മറ്റ് ഉദ്യോഗസ്ഥരുമായുള്ള യോഗങ്ങളിലോ ചർച്ചകളിലോ തെരഞ്ഞെടുപ്പ് കമ്മിഷൻ പങ്കെടുക്കേണ്ടതില്ല.
അപൂർവ സന്ദർഭങ്ങളിൽ, മുമ്പ് ചില തെരഞ്ഞെടുപ്പ് കമ്മിഷണർമാർ പ്രധാനമന്ത്രിമാർക്ക് കത്തുകളെഴുതിയിട്ടുണ്ട്. 1999 ൽ മുഖ്യകമ്മിഷണറായിരുന്ന എം എസ് ഗിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് ഏകീകൃത വോട്ടർ പട്ടിക ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ നിർദ്ദേശിച്ച് കത്തെഴുതിയിരുന്നു. വിവിപാറ്റ് മെഷിനുകൾ വാങ്ങാൻ അടിയന്തരമായി പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2016 ൽ സിഇസി നസീം സെയ്ദി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കത്തെഴുതി. ഈ രണ്ടു സാഹചര്യങ്ങളിലും കമ്മിഷൻ അതിന്റെ നിലപാട് വ്യക്തമാക്കാൻ അങ്ങോട്ട് എഴുതുകയായിരുന്നു.
വോട്ടർപട്ടികയുമായി ആധാർ ബന്ധിപ്പിക്കുക, പഞ്ചായത്ത്, നഗരസഭ, നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള പൊതു പട്ടിക, പ്രതിവർഷം നാല് തവണകളിൽ വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനിച്ചത്. വോട്ടർമാരുടെ പൊതുപട്ടിക ബിജെപിയുടെ 2019 പ്രകടന പത്രികയിലെ വാഗ്ദാനമാണ്. നിയമസഭ, ലോക്‌സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുകയെന്ന നയം നടപ്പാക്കി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് നേരത്തെ വിമർശനമുയർന്നതാണ്.
നിയമ മന്ത്രാലയത്തിന്റെ കുറിപ്പ് ലഭിച്ചപ്പോൾ സുശീൽ ചന്ദ്ര അതൃപ്തി പ്രകടിപ്പിക്കുകയും യോഗത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുകയും ചെയ്തുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രാജിവ് കുമാർ, പാണ്ഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ കമ്മിഷനിലെ മറ്റ് ഉദ്യോഗസ്ഥർ മോഡിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. പിന്നീട് ചീഫ് ഇലക്ഷൻ കമ്മിഷണറും കമ്മിഷണർമാരും മിശ്രയുമായി അനൗപചാരിക ചർച്ച നടത്തുകയായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതരമായ വിമർശനം ഉയരുന്നതിനിടയിലാണ് പുതിയ സംഭവം. 2017 ൽ അന്നത്തെ ചീഫ് ഇലക്ഷൻ കമ്മിഷണർ അചൽ കുമാർ ജോതിയുടെ കീഴിലായിരുന്ന കമ്മിഷൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിന് വിമർശിക്കപ്പെട്ടു. 2017 ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിട്ടും അതേകാലയളവിൽ തെരഞ്ഞെടുപ്പ് നടക്കേണ്ട ഗുജറാത്തിലെ തീയതികൾ പ്രഖ്യാപിച്ചില്ല. ഈ കാലതാമസം ഭരണകക്ഷിയായ ബിജെപിക്ക് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താൻ സമയം നൽകിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
മുഖ്യ കമ്മിഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരും പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ തേടി കോൺഗ്രസ് എംപി മനീഷ് തിവാരി വെള്ളിയാഴ്ച ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു.
English Summary: The meeting between the Election Commission and the Prime Minister’s Office was unconstitutional
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.