22 December 2024, Sunday
KSFE Galaxy Chits Banner 2

ചരിത്രവിജയത്തിന്റെ അണിയറശില്പികൾ

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
December 19, 2021 7:37 am

1971 ഡിസംബർ മൂന്നിന്റെ ആ സായാഹ്നം. ഡൽഹിയിൽ ജണ്ഡേവാലാ എസ്റ്റേറ്റിലുള്ള പീപ്പിൾസ് പബ്ലിഷിംഗ് ഹൗസിന്റെ രണ്ടാമത്തെ നിലയിലെ വിശാലമായ ഹാളിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം ചേർന്നുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അന്തരീക്ഷത്തെ വിറപ്പിച്ചുകൊണ്ട് ഒരു സൈറണ്‍ മുഴങ്ങിക്കേട്ടത്. ഇന്ത്യയുടെ നാവികത്താവളങ്ങൾ ലക്ഷ്യമാക്കിക്കൊണ്ട് പാകിസ്ഥാൻ നടത്തിയ ‘ഓപ്പറേഷൻ ജംഗിസ് ഖാൻ’ എന്ന വ്യോമാക്രമണത്തെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു ആ സൈറൺ. യോഗം അപ്പോൾത്തന്നെ നിറുത്തിവച്ച് എല്ലാ സഖാക്കളും ഓഫീസിന്റെ താഴത്തെ നിലയിൽ ചെന്ന് സുരക്ഷിതരായി ഇരിക്കാൻ പാർട്ടി ജനറൽ സെക്രട്ടറി സി രാജേശ്വര റാവുവിന്റെ നിർദ്ദേശമുണ്ടായി. ഡൽഹിക്ക് പുറത്തു നിന്നെത്തിയവർ എത്രയും പെട്ടെന്നു തന്നെ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാനാവശ്യമായ ഏർപ്പാടുകൾ ധൃതഗതിയിൽ നടന്നു. രാജ്യം അനിവാര്യമായ ഒരു യുദ്ധത്തിലേക്ക് പ്രവേശിക്കുകയാണെന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്ക് ബോധ്യമുണ്ടായിരുന്നു.… സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മക നടപടികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ബാങ്ക് ദേശസാൽക്കരണത്തിനും പഴയ നാട്ടുരാജാക്കന്മാരുടെ പ്രിവിപേഴ്സ് നിറുത്തലാക്കലിനും ശേഷം ഇടക്കാല തെരഞ്ഞെടുപ്പ് നടന്നപ്പോൾ, ‘ഗരീബി ഹഠാവോ‘എന്ന ആകർഷകമായ മുദ്രാവാക്യവുമായി ജനങ്ങളെ സമീപിച്ച ഇന്ദിരാഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരക്കസേരയിലേക്ക് തിരിച്ചു വന്നു. കോൺഗ്രസിലെ വലതുപക്ഷ ശക്തികളും കടൽക്കിഴവന്മാരുമായ നേതാക്കളും ജനസംഘവും സ്വതന്ത്രാ പാർട്ടിയും സോഷ്യലിസ്റ്റുകളും എല്ലാം ചേർന്ന് ഒരൊറ്റകുടക്കീഴിൽ അണിനിരന്ന മഹാസഖ്യത്തെ പരാജയപ്പെടുത്തിക്കൊണ്ട് യുവത്വത്തിന്റെയും പുരോഗമനചിന്തയുടെയും പ്രതിഛായയുമായി ഭരണത്തിലേറിയ ഇന്ദിരാഗാന്ധിയുടെ ഗവണ്മെന്റിനോട് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ച നിലപാട് ‘ഐക്യവും സമരവും’(Unity and Strug­gle) എന്നതായിരുന്നു. സർക്കാർ കൈക്കൊണ്ട പുരോഗമനപരമായ നടപടികളെ പാർട്ടി പിന്തുണച്ചു. എന്നാൽ അഴിമതിയും വിലക്കയറ്റവുമുൾപ്പെടെയുള്ള ജനവിരുദ്ധ നടപടികൾക്കും നയങ്ങൾക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. 1971 ലെ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി, (കാൺപൂരിൽ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച പ്രമുഖ തൊഴിലാളി നേതാവ് എസ് എം ബാനർജി ഉൾപ്പെടെ) കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 25 നേതാക്കളാണ് ലോക്‌സഭയിലെത്തിയത്. (1973ൽ ബോംബെ സെൻട്രൽ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ ത്രികോണ മത്സരത്തിൽ കോൺഗ്രസിന്റെയും ശിവസേനയുടെയും സ്ഥാനാർത്ഥികളെ തോല്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് നേതാവ് റോസാ ദേശ് പാണ്ഡേ കൂടി വിജയിച്ചതോടെ സിപിഐ എംപിമാരുടെ എണ്ണം 26 ആയി) രാജ്യസഭയിലും നിർണായകമായ ഒരു ശക്തിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, അസം, ഒഡിഷ, മണിപ്പൂർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാന നിയമസഭകളിലും പാർട്ടിക്ക് ഗണ്യമായ പ്രാതിനിധ്യമുണ്ടായിരുന്നു. കേരളത്തിൽ സി അച്യുതമേനോൻ നേതൃത്വം നൽകുന്ന ഐക്യമുന്നണി സർക്കാരാണ് അന്ന് അധികാരത്തിലിരുന്നത്. കോൺഗ്രസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തി എന്ന നിലയിൽ സിപിഐയുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും ദേശീയ — അന്തർദേശീയ തലങ്ങളിൽ ഒട്ടേറെ പ്രാധാന്യമാണ് അന്ന് ലഭിച്ചിരുന്നത്. മീററ്റ് ഗൂഢാലോചന കേസും തെലങ്കാനാ കലാപവും പോലെയുള്ള വിപ്ലവത്തിന്റെ കനൽപ്പാതകളിൽ അമർത്തിച്ചവിട്ടി നടന്ന എസ് എ ഡാങ്കെയും സി രാജേശ്വര റാവുവും ആയിരുന്നു അന്ന് പാർട്ടിയുടെ തലപ്പത്ത്. അവരുടെ പാരമ്പര്യത്തെയും പരിണതപ്രജ്ഞതയെയും ഏറെ ആദരവോടെയാണ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വീക്ഷിച്ചിരുന്നത്. ആ നാളുകളിൽ പാർലമെന്റിൽ പാർട്ടിയെ നയിച്ചിരുന്നത് ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ പാർലമെന്റേറിയന്മാരായ പ്രൊഫ. ഹിരൺ മുഖർജി, ഭൂപേശ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത എന്നിവരാണ്. പഴയ കമ്മ്യൂണിസ്റ്റുകളോ ഇടതുപക്ഷ പ്രവർത്തകരോ ആയ മോഹൻ കുമാരമംഗലം, ഐ കെ ഗുജ്റാൾ, നന്ദിനി സത്പതി, രജനി പട്ടേൽ, കെ ആർ ഗണേശ്, എൽ എൻ മിശ്ര, രഘുനാഥ റെഡ്ഡി, പി എൻ ഹക്സർ, ഡി പി ധർ തുടങ്ങി പ്രമുഖ വ്യക്തികളുടെ ഒരു നിര തന്നെയാണ് ആ നാളുകളിൽ ഭരണകക്ഷിയുടെയും ഗവണ്മെന്റിന്റെയും താക്കോൽസ്ഥാനങ്ങളിലുണ്ടായിരുന്നത്. നിർണായകമായ പല തീരുമാനങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉപദേശം തേടാനും അഭിപ്രായമറിയാനും ഇന്ദിരാഗാന്ധി എന്നും താൽപ്പര്യം കാണിച്ചു പോന്നു. ബംഗ്ലാദേശിന്റെ വിമോചനത്തിനായുള്ള ഇന്ത്യയുടെ ധീരമായ യത്നങ്ങളിൽ, സിപിഐ വഹിച്ച അതിനിർണായകവും ചരിത്രപരവുമായ പങ്കിനെക്കുറിച്ച് പറയാൻ വേണ്ടിയാണ് അന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചു ഇത്ര വിശദമായി സൂചിപ്പിച്ചത്. 1971 ൽ പാകിസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ കിഴക്കൻ ബംഗാളിൽ അവാമി ലീഗ് കൂറ്റൻ ഭൂരിപക്ഷം നേടിയതോടെ സുൾഫിക്കർ അലിഭൂട്ടോ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും കേണൽ യാഹ്യാഖാന്റെ കീഴിലുള്ള സൈനിക നേതൃത്വവും അസ്വസ്ഥരായി. മുജീബിന്റെ അറസ്റ്റിലേക്കും എഴുത്തുകാർ, ബുദ്ധിജീവികൾ, അക്കാദമിക് പണ്ഡിതന്മാർ തുടങ്ങിയവരുൾപ്പെടെയുള്ള കിഴക്കൻ പാകിസ്ഥാനിലെ പൗരസമൂഹത്തെ അതിഭീകരമായി കൂട്ടക്കുരുതി ചെയ്യുന്നതിലേക്കുമാണ് അത് വഴിതെളിച്ചത്. പൂർവ പാകിസ്ഥാനിൽ നിന്ന് ജനങ്ങൾ കൂട്ടം കൂട്ടമായി ഇന്ത്യയിലേക്ക് പലായനം ചെയ്യാനാരംഭിച്ചു. പാകിസ്ഥാന്റെ കിരാത നടപടികൾക്കെല്ലാം അകമഴിഞ്ഞ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് റിച്ചാർഡ് നിക്സൻ ഭരിക്കുന്ന അമേരിക്കയും എഡ്വേർഡ് ഹീത്ത് പ്രധാനമന്ത്രിയായ ബ്രിട്ടനും മാവോ സേ തൂങ്ങിന്റെ ചൈനയും പിന്നണിയിൽ നിലയുറപ്പിച്ചിരുന്നു. സോവിയറ്റ് യൂണിയൻ ഇക്കാര്യത്തിൽ വളരെ കരുതലോടെയുള്ള സമീപനമാണ് സ്വീകരിച്ചിരുന്നത്.


ഇതുകൂടി വായിക്കാം; നിറം മങ്ങുന്ന പാക്സ് അമേരിക്കാന


കിഴക്കൻ പാകിസ്ഥാനിലെ ജനതയുടെ സ്വയം ഭരണാവകാശത്തെ അംഗീകരിക്കുമ്പോൾ തന്നെ ഒരു യുദ്ധത്തിലേക്ക് ചെന്നെത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകരുതെന്നായിരുന്നു സോവിയറ്റ് യൂണിയന്റെ അഭിപ്രായം. അങ്ങനെയൊരു നിലപാട് സ്വീകരിക്കാനായി ഇന്ദിരാഗാന്ധിയെ പ്രേരിപ്പിക്കണമെന്ന് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി, സിപിഐ നേതൃത്വത്തോട് നിർദ്ദേശിച്ചു. ഇന്ദിരാഗാന്ധിയുടെ ഉറ്റ സുഹൃത്തുകൂടിയായ ഭൂപേശ് ഗുപ്തയെയാണ് ഈ കാര്യങ്ങൾ ചർച്ച ചെയ്യാനായി പാർട്ടി നിയോഗിച്ചത്. ഇക്കാര്യത്തിൽ ഇന്ദിരയുടെ മനസറിയാനും എന്ത് നിലപാട് കൈക്കൊള്ളണമെന്നതിനെക്കുറിച്ചുള്ള പാർട്ടിയുടെ അഭിപ്രായമറിയിക്കാനുമാണ് പാർട്ടി ഉദ്ദേശിച്ചത്. എന്നാൽ സോവിയറ്റ് യൂണിയൻ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ‘മൃദു സമീപനം’ സ്വീകരിക്കാനായി, പ്രധാനമന്ത്രിയെ ഒരു കാരണവശാലും പ്രേരിപ്പിക്കരുത് എന്ന നിർദ്ദേശവും പാർട്ടി നൽകിയിരുന്നു. ഇക്കാര്യത്തിൽ കടുംപിടുത്തം കാണിക്കരുതെന്ന് സോവിയറ്റ് നേതൃത്വത്തെയും സിപിഐ അറിയിച്ചു. കിഴക്കൻ പാകിസ്ഥാനിൽ നടക്കുന്ന മനുഷ്യക്കുരുതിയിൽ അതീവ ദുഃഖിതയായിരുന്ന ഇന്ദിര, ഇന്ത്യയിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തെക്കുറിച്ച് ഏറെ ആശങ്കാകുലയുമായിരുന്നു. വെറുമൊരു കാഴ്ചക്കാരിയായി നോക്കിനിൽക്കാനോ അമേരിക്കയുടെയും ചൈനയുടെയും ഭീഷണിക്കും ബ്ളാക്ക് മെയിലിങ്ങിനും വഴങ്ങാനോ അവർ ഒരുക്കമായിരുന്നില്ല. ഒരു ഒത്തുതീർപ്പിലൂടെ മേഖലയിൽ സമാധാനം പുനഃ സ്ഥാപിക്കണമെന്നുള്ള സോവിയറ്റ് യൂണിയന്റെ നിലപാടിനെക്കുറിച്ച് ബോധവതിയായിരുന്ന ഇന്ദിര എത്രയും പെട്ടെന്ന് യുഎസ്എസ്ആറുമായി ഒരു സൗഹൃദഉടമ്പടി ഒപ്പ് വയ്ക്കുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് ഭൂപേശുമായി ചർച്ച ചെയ്തത്. പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങൾ ഭൂപേശ് ഗുപ്ത പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചു. അതേസമയം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ച സിപിഎസ്‌യു സെൻട്രൽ കമ്മിറ്റിയിലെ ഇന്ത്യാ ഡെസ്കിന്റെ ചുമതലക്കാരനായ പി കുട് സോബിനുമായി രാജേശ്വര റാവു ചർച്ചകൾ നടത്തിയിരുന്നു. സ്റ്റാലിന്റെ കാലം മുതൽ സിപിഎസ്‌യുവിന്റെ നയരൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്ന എഴുത്തുകാരനും പണ്ഡിതനുമായ റോടിസ്ലാവ് ഉല്യനോവ്സ്കിയുമായും സി ആർ കൂടിക്കണ്ടു. മഹാത്മാ ഗാന്ധിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ധാരാളം പഠിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള ഉല്യനോവ്സ്കി, ഗാന്ധിജിയുടെയും പണ്ഡിറ്റ് നെഹ്രുവിന്റെയും പൈതൃകത്തിന്റെ യഥാർത്ഥ പിന്തുടർച്ചക്കാരിയായിട്ടാണ് ഇന്ദിരാഗാന്ധിയെ കണ്ടിരുന്നത്. ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സൗഹൃദ ഉടമ്പടിയുടെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യവും സ്വയം ഭരണവും നേടിക്കൊടുക്കാനായി അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമൊക്കെ അദ്ദേഹം ആവേശത്തോടെ സംസാരിച്ചു. എന്നാൽ സോവിയറ്റ് യൂണിയനിലെയും ഇന്ത്യയിലെയും ഉന്നത സ്ഥാനീയരായ പല പ്രമുഖർക്കും കരാർ ഒപ്പുവെക്കുന്നതിനെക്കുറിച്ച് അനുകൂലമായ അഭിപ്രായമുണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിലെ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെടാനും ഉടമ്പടിക്ക് അനുകൂലമായ സാഹചര്യങ്ങളൊരുക്കാനുമായി പാർട്ടി ചുമതലപ്പെടുത്തിയത് ഭൂപേശ് ഗുപ്തയെ തന്നെയാണ്. ഇന്ത്യയെ, സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ നേതൃത്വം കൊടുക്കുന്ന ചേരിയുടെ ഒരു ഭാഗമായി ഒതുക്കിക്കെട്ടാനും അങ്ങനെ പൂർണമായും അമേരിക്കയുടെ ശത്രുപക്ഷത്താക്കി തീർക്കാനും മാത്രമേ അത്തരമൊരു ഉടമ്പടി വഴിയൊരുക്കൂ എന്നായിരുന്നു കേന്ദ്രസർക്കാരിലെയും കോൺഗ്രസ് പാർട്ടിയിലെയും ഒരു പ്രമുഖ വിഭാഗത്തിന്റെ നിലപാട്. വിദേശകാര്യ മന്ത്രി സർദാർ സ്വരൺ സിംഗാകട്ടെ ഒരു മധ്യവർത്തിയുടെ വേഷമാണ് എടുത്തണിഞ്ഞത്. ഇന്ദിരയുടെയും ഭൂപേശിന്റെയും പഴയ ലണ്ടൻ സഹപാഠി കൂടിയായ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് പി എൻ ഹക്സറിനെ സംബന്ധിച്ചിടത്തോളം, സോവിയറ്റ് റഷ്യയുടെ ഉപദേശവും സഹായവും തേടണമെന്ന കാര്യത്തിൽ തർക്കമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ യുഎസ്എസ്ആറുമായി ഔപചാരികമായ ഒരു സൗഹൃദ ഉടമ്പടിയിൽ ഏർപ്പെടുന്ന കാര്യത്തിൽ അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ഒടുവിൽ, സോവിയറ്റ് യൂണിയനിലെ അന്നത്തെ ഇന്ത്യയുടെ അംബാസഡർ ആയ ഡി പി ധറിന്റെ ഉറച്ച നിലപാടാണ് ഇക്കാര്യത്തിൽ നിർണായകമായി തീർന്നത്. ഉടമ്പടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് ധർ ഇന്ദിരയെ ഉപദേശിച്ചത്. നിർണായകമായ ആ തീരുമാനമെടുക്കാൻ ഇന്ദിരയെ പ്രേരിപ്പിച്ചതിൽ ഭൂപേശ് ഗുപ്തയ്ക്ക് പ്രധാന പങ്കുണ്ടായിരുന്നു. അതേസമയം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോയിലും കരാർ സംബന്ധിച്ച് ചേരിതിരിവുണ്ടായി. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുമായിട്ടോ മുതലാളിത്തേതര പാതയിലൂടെ സോഷ്യലിസത്തിലേക്ക് പ്രയാണം ചെയ്യുന്ന രാജ്യങ്ങളുമായിട്ടോ മാത്രമേ ഇത്തരമൊരു സൗഹൃദകരാർ ഒപ്പിടാൻ പാടുള്ളൂ എന്നായിരുന്നു, ഒരു പക്ഷത്തിന്റെ അഭിപ്രായം. ഇന്ത്യയുമായുള്ള ഉടമ്പടി ഒരുപക്ഷെ സോവിയറ്റ് യൂണിയൻ കൂടി ഉൾപ്പെട്ട ഒരു വലിയ യുദ്ധത്തിലേക്ക് വഴിതെളിക്കുമെന്നും പാകിസ്ഥാന്റെ തകർച്ചയ്ക്ക് തന്നെ അത് കാരണമായേക്കാമെന്നും അങ്ങനെ സമാധാനപരമായ സഹവർത്തിത്വം എന്ന വലിയ ആശയത്തിന് ആഘാതമേല്പിക്കാൻ തന്നെ ഇടയായിത്തീരുമെന്നുമായിരുന്നു വിദേശകാര്യ മന്ത്രി ഗ്രോമിക്കോയുടെ നിലപാട്. എന്നാൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി ബ്രഷ്നേവും പ്രധാനമന്ത്രി കോസിജിനും ഉടമ്പടിയുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയോടും ഇന്ദിരയോട് വ്യക്തിപരമായുമുള്ള ആദരവും പരിഗണനയുമായിരുന്നു അതിന്റെ കാരണങ്ങളിലൊന്ന്.

(അവസാനിക്കുന്നില്ല)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.