22 December 2024, Sunday
KSFE Galaxy Chits Banner 2

കുറുക്കന്‍മൂലയിലെ കടുവകളിയും രണ്ട് കുരങ്ങന്മാരും

ദേവിക
വാതിൽപ്പഴുതിലൂടെ
December 20, 2021 4:54 am

മഹാരാഷ്ട്രയിലെ ലുവ്‌ഗ്രാമത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വന്നു. ഒരു വെെരത്തിന്റെ കഥ. മനുഷ്യര്‍ തമ്മിലുള്ള വെെരത്തിന്റെ കഥയല്ല. പട്ടികളും കുരങ്ങന്മാരും തമ്മിലുള്ള കുടിപ്പകയുടെ കഥ. ആ ഗ്രാമത്തിലെ അയ്യായിരം കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത് രണ്ട് കുരങ്ങന്മാര്‍. ലുവ് ഗ്രാമത്തില്‍ ഒരൊറ്റ പട്ടിക്കുട്ടി പോലുമില്ല. എല്ലാറ്റിനേയും കുരങ്ങന്മാര്‍ തട്ടിക്കൊണ്ടുപോയി മരത്തിനുമുകളില്‍ നിന്നും ഊക്കോടെ താഴേക്ക് എറിഞ്ഞുകൊന്നു. വാനരന്മാരുടെ ഒടുങ്ങാത്ത വെെരത്തിന് കാരണവും ഇല്ലാതില്ല. ഈ കുരങ്ങുദമ്പതികളുടെ ഒരു കുഞ്ഞിനെ തെരുവുനായ്ക്കള്‍ കടിച്ചുകീറികൊന്നു. ആറ്റുനോറ്റിരുന്നു പെറ്റ കിടാവിനെ കൊന്നാല്‍ പകരം വീട്ടാതിരിക്കുന്നതെങ്ങനെ. നായ്‌കുലത്തിലെ സന്തതികളെയാകെ ഒന്നൊഴിയാതെ കൊന്നൊടുക്കി. മനുഷ്യരേയും മുതിര്‍ന്ന നായ്ക്കളേയും ആക്രമിച്ചിട്ടും അരിശം തീരാത്ത കുരങ്ങന്മാര്‍ മരച്ചില്ലകളില്‍ തൂങ്ങി വന്യമായ വിജയഭേരി മുഴക്കുന്നു.

പ്രതികാരം എല്ലാ അര്‍ത്ഥത്തിലും മൃഗീയമാണ്. വെെരാഗ്യം, സ്നേഹം എന്നീ വികാരങ്ങള്‍ തിരിച്ചറിയേണ്ടത് മനുഷ്യജീവികള്‍ മാത്രമാണ്. മനുഷ്യന്റെ നിഘണ്ടുവിലേക്ക് പക എന്ന വാക്കു കടന്നുകൂടുമ്പോഴാണ് അവരും മൃഗങ്ങളായി മാറുന്നത്. ഇന്നലെയും മിനിഞ്ഞാന്നുമായി ആലപ്പുഴയിലെ രണ്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞു. വര്‍ഗീയതയുടെ ഉറവക്കണ്ണുകളില്‍ നിന്നു മുളച്ച പകയുടെ ഫലമായ അരുംകൊലകള്‍. മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍. മണിക്കൂറുകള്‍ തികയും മുമ്പ് ബിജെപി ഒബിസി മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ആംബുലന്‍സിലെത്തിയ കൊലയാളി സംഘം വീടിനുള്ളില്‍ കയറി വെട്ടിക്കൊല്ലുന്നു. ലുവ് ഗ്രാമത്തിലെ കുരങ്ങന്മാരുടെ പകയെ തോല്പിക്കുന്ന വെെരാഗ്യത്തിന്റെ രക്തസാക്ഷികള്‍. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള വ്യതിരിക്തതയുടെ അതിര്‍വരമ്പുകള്‍ വരച്ചതാരാണ്. ജലരേഖപോലുള്ള അതിര്‍വരമ്പുകള്‍. ഷാന്റെയും രഞ്ജിത്തിന്റെ മരണവീടുകളിലും അവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ആശുപത്രികളിലും തിങ്ങിക്കൂടിയവര്‍ വെവ്വേറെ വര്‍ഗീയ കൂട്ടായ്മകളായി മാറിയ ദുരന്തദൃശ്യങ്ങള്‍. കൊലകള്‍ നടത്തിയ സംഘടനകള്‍ക്കും വേണ്ടിയിരുന്നത് അതുതന്നെ. വര്‍ഗീയതയെ രണ്ടായി പകുത്തെടുക്കുന്ന ഈ ദൃശ്യങ്ങള്‍ക്കു മൂകസാക്ഷിയാവുന്നത് സാംസ്കാരിക കേരളമാണെന്ന് നാം ഓര്‍ക്കുക. പ്രബുദ്ധ കേരളത്തെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തല്‍…

കഴിഞ്ഞ പത്തിരുപതു ദിവസമായി വയനാട്ടിലെ കുറുക്കന്‍മൂലയില്‍ അവതരിപ്പിക്കുന്ന ഒരു മൃഗീയനാടകം കണ്ട് കേരളം സ്തബ്ധമായി നില്‍ക്കുന്നു. കുറുക്കന്‍മൂലയില്‍ ഒരു കടുവയിറങ്ങി. പാവം വനവാസികളായ കര്‍ഷകര്‍ പോറ്റിവളര്‍ത്തിയ പശുക്കളെയും ആടുകളെയും കടുവ കടിച്ചുകീറി ഭക്ഷിച്ചു. ജനമിളകിയപ്പോള്‍ വനപാലകരെത്തി. തോക്കുകള്‍, കുങ്കിയാനകള്‍, മയക്കുവെടി സംഘം, മയക്കുവെടിയുണ്ടയില്ലാത്ത തോക്കുകള്‍. ആകെയൊരു പെനകൃതി! പക്ഷെ കടുവ മാത്രം കെണിയില്‍ വീഴാതായപ്പോള്‍ വനപാലകരായ ശിങ്കിടി മുങ്കന്മാര്‍ നമ്മുടെ നദിക്കരകളില്‍ അക്കരെയിക്കരെയുള്ള പൊലീസ് സ്റ്റേഷനുകളിലെ ഏമാന്മാരുടെ തന്ത്രം പുറത്തെടുത്തു. തങ്ങളുടെ സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പുഴയോരത്ത് അടിഞ്ഞുകൂടുന്ന അജ്ഞാത മൃതദേഹങ്ങളെ മുളങ്കോല്‍കൊണ്ട് കുത്തി അക്കരെയുള്ള സ്റ്റേഷന്‍ അതിര്‍ത്തിയിലേക്ക് തള്ളും. അവര്‍ അത് ഇക്കരയ്ക്ക് തള്ളിമാറ്റും. ഇങ്ങനെ കിലോമീറ്ററുകളോളം മുളകുത്തിക്കളി. മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും പോസ്റ്റുമാര്‍ട്ടവും മഹസറുമടക്കമുള്ള എല്ലാ കിടുപിടികളും ഒഴിവാക്കാനുള്ള ട്രിക്ക്.

ദിവസങ്ങളായിട്ടും കടുവയെ കണികാണാന്‍പോലും കുറുക്കന്‍മൂല ദൗത്യത്തിനെത്തിയ വനപാലകര്‍ക്കാവുന്നില്ല. നാട്ടുകാരാണെങ്കില്‍ കടുവ പായുന്നതു കാണുന്നുമുണ്ട്. ചോദ്യം ചെയ്ത നാട്ടുകാരെ കടുവയെ കുത്താന്‍ കൊണ്ടുവന്ന മലപ്പുറം കത്തിവീശി പേടിപ്പിക്കുന്ന വനപാലക ശിങ്കം. നാട്ടുകാര്‍ക്കു ദൃശ്യനും വനപാലകര്‍ക്ക് അദൃശ്യനുമായ കടുവയെക്കൊണ്ട് പൊറുതിമുട്ടി വനസേന നെെസായി ഒരടവു പുറത്തെടുക്കുന്നു; ആ കടുവ മലയാളിയല്ല, കന്നഡിഗയാണ്! ഞങ്ങളുടെ കടുവാക്കണക്കില്‍ ഈ കടുവയില്ല. ഞങ്ങളുടെ കടുവകള്‍ ഇങ്ങനെയല്ല. ഇവന്‍ സംസാരിക്കുന്നത് കന്നഡയിലാണെന്ന് ഒരു പ്രമുഖവനപാലക ശിങ്കിടിമുങ്കന്‍. പശുവിനെ കൊന്നിട്ട് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ കടുവ സംസാരിച്ചത് ദേവഗൗഡയുടെ തനി കന്നഡഭാഷയിലായിരുന്നെന്ന് മറ്റൊരു വനപാലകന്‍. ‘പോടാ പുല്ലുഡു കിഡിഗേഡി’ എന്നാണ് കടുവ കളിയാക്കിയതത്രേ. അതായത് പോടാ പുല്ലേ തെമ്മാടീ എന്നു മലയാളം. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള ഒരു മുറിവുള്ളത് നിരീക്ഷണ കാമറയില്‍ പതിഞ്ഞ കാര്യം നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിനും വനപാലകര്‍ക്കു മറുപടിയുണ്ടായിരുന്നു. കന്നഡിഗ കടുവയ്ക്ക് ആത്മഹത്യാവാസനയുമുണ്ടത്രേ. ജീവനൊടുക്കാന്‍ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ കയറുപൊട്ടി ആത്മഹത്യാശ്രമം വിഫലമായി. ആ മുറിവാണ് കഴുത്തില്‍. ഇന്നലെ ഇരുപതാം ദിവസം ഇതെഴുതുന്നതുവരെ കടുവ പിടിയിലായതായി വാര്‍ത്തയില്ല. കടുവ ഞങ്ങളുടെ വലയത്തിലുണ്ട്. പക്ഷെ വലയിലില്ല എന്നുകൂടി വിശദീകരണമായപ്പോള്‍ ജനം ചോദിച്ചുപോവുന്നു; ഇവര്‍ കാട്ടിലെ പൊലീസോ നാട്ടിലെ പൊലീസോ!

രോഗം വന്നാല്‍ ചികിത്സിച്ചുഭേദമാക്കാന്‍ മാത്രമുള്ളതല്ല ആശുപത്രികള്‍ എന്ന് എറണാകുളം ജനറല്‍ ആശുപത്രി തെളിയിച്ചിരിക്കുന്നു. ആശുപത്രികളെ നല്ല കച്ചവടസ്ഥാപനങ്ങളുമാക്കാം. കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പരുങ്ങുന്ന സര്‍ക്കാരിന് ആശുപത്രി വക ഒരു കെെത്താങ്ങ്. ആശുപത്രിയിലേത് ചില്ലറക്കച്ചവടമൊന്നുമല്ല. നല്ലസ്വയമ്പന്‍ മൃതദേഹ കച്ചവടം. നാല് വര്‍ഷത്തിനുള്ളില്‍ ആശുപത്രിയില്‍ വന്ന അനാഥ മൃതദേഹങ്ങള്‍ 267. ഇവയില്‍ 154 എണ്ണം സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്കും രണ്ടെണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കും വിറ്റു. ഒരു ചൂട് മൃതദേഹത്തിനു വില 40,000 ബ്രിട്ടീഷ് രൂപ. ഇതിനകം വിറ്റത് 62.4 ലക്ഷം രൂപ. ഇനി എല്ലാ ആശുപത്രികളും അനാഥമൃതദേഹ സംഭരണശാലകളാക്കിയാല്‍ കോടികളല്ലേ ഖജനാവില്‍ വന്ന് കുമിയുക. ആര്‍ക്കും ചേതമില്ലാത്ത, ഖജനാവിനെ സഹായിക്കുന്ന എറണാകുളം ജനറല്‍ ആശുപത്രിയുടെ സംരംഭത്തിന് ഒരു ബിഗ് സല്യൂട്ട്.

സുകുമാരക്കുറുപ്പ് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ കൊന്ന ശേഷം ഒളിവില്‍ പോയിട്ട് 44 വര്‍ഷത്തോളമാകുന്നു. കുറുപ്പ് അവിടെയുണ്ട്, ഇവിടെയുണ്ട്, ആകാശത്ത് തുളയിട്ട് ഊഞ്ഞാലാടുന്നതു കണ്ടവരുണ്ട് എന്നീ വിധത്തിലുള്ള വാര്‍ത്തകളും ഏറെക്കാലമായി കേള്‍ക്കാനില്ല. കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എന്ന സിനിമ പുറത്തിറങ്ങും മുമ്പ് രണ്ട് കഥകള്‍ പുറത്തുവരുന്നു. കാണാതായ കുറുപ്പിന് കുടല്‍രോഗവും ശ്വാസകോശരോഗവുമുണ്ടായിരുന്നതിനാല്‍ 99 ശതമാനവും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറയുന്നു. എന്നാല്‍ കുറുപ്പ് ജീവനോടെ സൗദി അറേബ്യയിലുണ്ടെന്നും അറബിവേഷത്തില്‍ ഒരു പള്ളിയിലെ വാങ്കുവിളിക്കാരനായി ജോലിയെടുക്കുന്നുവെന്നുമാണ് മറ്റൊരു വാര്‍ത്ത. എഴുപത് വയസുള്ള അയാള്‍ ഒരു ഹോട്ടലില്‍ സ്ഥിരമായി വരാറുണ്ടെന്നും അവിടത്തെ മലയാളികള്‍ കഥ പറയുന്നു. കുറുപ്പിന്റെ പഴയകാല ഫോട്ടോകളും ശരീരഭാഷയും ഒത്തുനോക്കിയാല്‍ തനി സുകുമാരകുറുപ്പ്. അയാളെ ഞങ്ങള്‍ നിരീക്ഷിച്ചു തുടങ്ങിയതോടെ അയാള്‍ അപ്രത്യക്ഷനുമായി. സിനിമ ഇറങ്ങുന്നതോടെ പ്രചരിച്ച ഈ വാര്‍ത്ത ഇന്ന് ലോകമെമ്പാടും പരന്നു കഴിഞ്ഞു. സിനിമകളുടെ പ്രൊമോഷന് ഇതില്‍പരം ഒരു കഥമെനയാന്‍ ദുല്‍ഖര്‍ പോകട്ടെ വാപ്പ മമ്മൂട്ടിക്കാവുമോ! ഇതിനെയാണ് പ്രചാരണത്തിന്റെ ആധുനിക ടെക്നിക് എന്നു പറയുന്നത്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.