പച്ചക്കറി വില വര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ അടിയന്തര നടപടിയുമായി കൃഷിവകുപ്പ്. തമിഴ്‌നാട് തെങ്കാശി ജില്ലയിലെ കർഷകരിൽ നിന്നും പച്ചക്കറികൾ സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി കേരള സർക്കാരിനു വേണ്ടി ഹോർട്ടികോർപ്പ് ധാരണാ പത്രം ഒപ്പു വച്ചു. താൽക്കാലികമായി 11 മാസത്തേക്കാണ് പച്ചക്കറി തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്നതിനുള്ള ധാരണ.
തമിഴ്‌നാട് അഗ്രിമാർക്കറ്റിങ് ആന്റ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്ത വ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ് സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്യിച്ച പച്ചക്കറികൾ ഹോർട്ടിക്കോർപ്പ് നേരിട്ട് സംഭരിക്കും. ഇതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാകും.
ഇത്തരത്തില്‍ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ സമാഹരിച്ചു തരുന്ന പച്ചക്കറികളുടെ അളവനുസരിച്ച് കിലോയ്ക്ക് ഒരു രൂപ പ്രകാരം കൈകാര്യച്ചെലവ് ഹോർട്ടികോർപ്പ് കൊടുക്കണം. ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികൾ സമിതി സമാഹരിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി പിറ്റേദിവസം തന്നെ വിതരണത്തിനായി കേരളത്തിലെത്തിക്കുന്നതിനാണ് തീരുമാനം. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്ക തുടങ്ങിയ പച്ചക്കറികൾ ആദ്യഘട്ടത്തിൽ കേരള വിപണിയിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്.
അനിയന്ത്രിതമായി പച്ചക്കറി വില കുതിച്ചുയർന്ന് കേരളത്തിലേക്ക് ആവശ്യമായ പച്ചക്കറി ലഭ്യമാകാതെ വന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപ്പ് വഴി തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറിയെത്തിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്. കേരളത്തിൽ നിന്നുള്ള പച്ചക്കറികൾ സുലഭമാകുന്നതോടെ ഇത്തരം പച്ചക്കറികൾ തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്നത് കുറവുവരുത്താനാവുമെന്നാണ് പ്രതീക്ഷ. ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ പ്രദീപ് ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. ഹോർട്ടികോർപ്പ് എംഡി ജെ സജീവ്, കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, തെങ്കാശി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് മാർക്കറ്റിങ് കൃഷ്ണകുമാര്‍, തെങ്കാശി ഹോർട്ടി കൾച്ചർ അസിസ്റ്റന്റ് ഡയറക്ടര്‍ മുത്തുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ENGLISH SUMMARY:Vegetable Inflation; Immediate Action by the Department of Agriculture
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.