കോട്ടയം താഴത്തങ്ങാടിയിൽ നിന്നും മൂന്നരവർഷം മുമ്പ് കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിൽ തെരച്ചിൽ തുടരുന്നു. കോട്ടയം ഫയർഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് 70 അടിയോളം താഴ്ച്ചയുള്ള പാറക്കുളത്തിൽ പരിശോധന നടത്തുന്നത്. താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതിമാർ കാറുമായി എത്തി പാറക്കുളത്തിലെ വെള്ളക്കെട്ടിലേക്ക് ഇടിച്ച് ഇറക്കിയിരിക്കാം എന്ന സംശയത്തെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്. 2017, ഏപ്രിൽ 6‑നാണ് ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം ഭാര്യ ഹബീബയുമായി രാത്രിയിൽ വീട്ടിൽ നിന്നിറങ്ങിയത്. രജിസ്‌ട്രേഷൻ നമ്പർ പോലും ലഭിക്കാത്ത പുതിയ മാരുതി വാഗണർ കാറിലായിരുന്നു യാത്ര. എന്നാൽ പിന്നീട് ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇപ്പോൾ കൈംബ്രാഞ്ചിന്റെ നേതൃത്യത്തിലാണ് തിരോധാന അന്വേഷണം നടക്കുന്നത്. ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും വാഹനം കണ്ടെത്താമെന്ന പ്രതീക്ഷയുമായി ക്രൈംബ്രാഞ്ച് സംഘം തിരച്ചിൽ നടത്തുന്നത്.
നേരത്തെ ചങ്ങനാശേരി മഹാദേവൻ കൊലപാതകത്തിൽ കൊല്ലപ്പെട്ട മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സംഘം രംഗത്തിറങ്ങിയത്. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി വിവിധ പള്ളികളിലും, അജ്മീർ ദർഗയിലും അടക്കം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. തുടർന്നു, ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കോട്ടയം മുതൽ കുമരകം വരെയുള്ള പ്രദേശത്തെ കുളങ്ങളും ജലാശയങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടക്കം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയുംപറ്റി സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
നഗരത്തിലെ സിസിടിവി കാമറകളിൽ ഒന്നും കാർ പതിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ കാർ ഇല്ലിക്കലിൽ നിന്നും തിരുവാതുക്കൽ വഴി പാറേച്ചാലെത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് സംഘം കണക്ക് കൂട്ടുന്നു. ഈ വഴി പാറേച്ചാലിലൂടെ കയറുന്ന കാറിൽ എത്തുന്ന ദമ്പതിമാർ മറിയപ്പള്ളിയിൽ രാത്രി എത്താമെന്നാണ് ക്രൈംബ്രാഞ്ച് സംഘം കണക്ക് കൂട്ടുന്നത്. ഈ വഴി സിസിടിവി കാമറകൾ കുറവായതിനാൽ ഇവർ കാമറകളുടെ കണ്ണിൽപ്പെടാനുള്ള സാധ്യത കുറവാണ്. ആത്മഹത്യാ പ്രവണത കൂടുതലുള്ള ദമ്പതിമാർ പാറമടക്കുളത്തിൽ കാറുമായി വീണുകാണുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നത്. ഈ സാധ്യത കണ്ടെത്തുന്നതിനായാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
ENGLISH SUMMARY:The search for the missing couple in Kottayam continues in the rock pool
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.