22 December 2024, Sunday
KSFE Galaxy Chits Banner 2

കേരളം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സ്ത്രീ വിദ്യാഭ്യാസത്തിലും ഏറെ മുന്നില്‍: രാഷ്ട്രപതി

Janayugom Webdesk
പെരിയ
December 22, 2021 10:18 am

രാജ്യത്ത് കേരളം മറ്റ് സംസ്ഥാനങ്ങള അപേക്ഷിച്ച് സാക്ഷരതയിലും, വിദ്യാഭ്യാസത്തിലും, സ്ത്രീ ശാക്തീകരണത്തിലും ഏറെ മുന്നിലാണെന്ന് രാഷ്ട്രപതി രാംനാഥ് കൊവിന്ദ്. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠനമേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നിലാണ്. യുനെസ്‌കോയുടെ ഗ്ലോബല്‍ നെറ്റ് വര്‍ക്കില്‍ കേരളത്തില്‍ നിന്ന് തൃശൂരും നിലമ്പൂരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും, കേരളത്തില്‍ സാക്ഷരത വര്‍ധിപ്പിക്കാന്‍ പി.എന്‍ പണിക്കര്‍ അക്ഷീണം പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തില്‍ പി.എന്‍ പണിക്കറുടെ പ്രതിമ തലസ്ഥാനത്ത് അടുത്ത ദിവസം അനാച്ഛാദനം ചെയ്യാന്‍ പോവുകയാണ്. സ്‌കൂളുകളും, കോളജുകളും രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്‍പശാലകളാണ്. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ ഏവര്‍ക്കും പ്രചോദനമാണെന്നും രാഷ്ട്രപതി പറഞ്ഞു.

മഹാകവി വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയും പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. ബിരുദം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അദ്ദേഹം അഭിനന്ദിച്ചു. സര്‍വകലാശാലയിലെ എല്ലാ ജീവനക്കാരും, അധ്യാപകരും അഭിനന്ദനം അര്‍ഹിക്കുന്നു. വിദ്യാര്‍ഥികളുടെ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ നിമിഷം. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളും, അവരുടെ കുടുംബവും വിദ്യയിലൂടെ ശാക്തീകരിക്കപ്പെടുകയാണ്. രാജ്യം മുഴുവന്‍ നിങ്ങളുടെ കുടുംബമാണ്, ഇന്നത്തെ നിങ്ങളുടെ നേട്ടം രാഷ്ട്രനിര്‍മാണ ദൗത്യത്തിന് സംഭാവന നല്‍കുന്നതായും, വിദ്യാര്‍ഥികള്‍ക്കെല്ലാം ഭാവിയില്‍ നേട്ടങ്ങളുണ്ടാകട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു. നളന്ദയും, തക്ഷശിലയും ഉള്‍പ്പെടെ വിദ്യാഭ്യാസത്തിന്റെ കേദാരമായ നാടാണ് ഭാരതം.  ആര്യഭട്ടനും, ഭാസ്‌ക്കരാചാര്യനും, പാണിനിയും എന്നും ഊര്‍ജമാണ്. ഗാന്ധിജി തദ്ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രചോദിപ്പിച്ചു. രാജ്യതാത്പര്യവും, നന്മയും മുന്നില്‍ കണ്ട് കൊണ്ട് വേണം വിദ്യാര്‍ഥികള്‍ മുന്നോട്ട് പോകേണ്ടതെന്നും, സാമൂഹ്യ പരിവര്‍ത്തനവും, ശക്തീകരണവും നടക്കുന്ന ഇടങ്ങളാകണം വിദ്യാഭ്യാസ സ്ഥാപനങ്ങളെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

പെരിയ തേജസ്വിനി ഹില്‍സില്‍ ക്യാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് നടന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സംസ്ഥാന തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു. രജിസ്ട്രാര്‍ ഡോ. എന്‍. സന്തോഷ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഡീനുമാര്‍, വകുപ്പുമേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ഒഫീഷിയേറ്റിങ് വൈസ് ചാന്‍സലര്‍ പ്രഫ.കെ.സി. ബൈജു സ്വാഗതം പറഞ്ഞു.

കൊച്ചിയില്‍ നാവിക കമാന്‍ഡ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം നാളെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് മടങ്ങും.

Eng­lish Sum­ma­ry: Ker­ala is at the fore­front of lit­er­a­cy, edu­ca­tion and wom­en’s edu­ca­tion: President

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.