19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണ്‍ വ്യാപനം അതിതീവ്രം: ഒരാഴ്ചയില്‍ 49.9 ലക്ഷം രോഗബാധ

Janayugom Webdesk
ന്യൂഡല്‍ഹി
December 29, 2021 10:44 pm

രാജ്യത്ത് കോവിഡ് ഒമിക്രോൺ കേസുകളിൽ വൻ വർധനവ്. അതിതീവ്ര വകഭേദം ബാധിച്ചവരുടെ എണ്ണം 800 കടന്നു. മെട്രോ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 86 ശതമാനവും മുംബൈയില്‍ 82 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയത്. മിക്ക സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ മാസങ്ങള്‍ക്കുശേഷമുള്ള ഉയര്‍ന്ന നിലയിലാണ്.

ഡല്‍ഹിയില്‍ ഇന്നലെ മാത്രം 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെയ് 30ന് ശേഷം ആദ്യമായാണ് രാജ്യ തലസ്ഥാനത്ത് ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് പോസിറ്റിവിറ്റി നിരക്കില്‍ 1.29 ശതമാനം വര്‍ധനയുണ്ടായി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 238 ഒമിക്രോണ്‍ കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്നലെ 2,846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുംബൈയില്‍ 2,510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായേക്കുമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞതായും മന്ത്രി ആദിത്യ താക്കറെ അറിയിച്ചു. ഒമിക്രോണ്‍ ബാധിതര്‍ കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനം മഹാരാഷ്ട്രയാണ്. 167 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ (73) കേസുകളും നാലാം സ്ഥാനത്തുള്ള കേരളത്തില്‍ (65) കേസുകളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

ഒരാഴ്ചയില്‍ 49.9 ലക്ഷം രോഗബാധ : 11 ശതമാനം വര്‍ധനയെന്ന് ഡബ്ല്യുഎച്ച്ഒ

 

ജനീവ: കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 11 ശതമാനം വര്‍ധനവുണ്ടായതായി ലോകാരോഗ്യസംഘടന. ഒക്ടോബര്‍ മാസത്തിലേതുപോലെ അമേരിക്കയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണെന്നും സംഘടന പ്രതിവാര എപ്പിഡിമിയോളജിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഡിസംബര്‍ 20നും 26നും ഇടയ്ക്ക് 49.9 ലക്ഷം പേര്‍ക്കാണ് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതി കേസുകളും യൂറോപ്പിലാണ്. യൂറോപ്പില്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധനവാണുള്ളത്, ഒരു ലക്ഷം ആളുകളില്‍ 304.6 പേര്‍ രോഗബാധിതരാകുന്നു. ഒരു ലക്ഷം അമേരിക്കക്കാരില്‍ 144.4 പേര്‍ രോഗബാധിതരാകുന്നുണ്ട്. ആഫ്രിക്കയില്‍ ഏഴ് ശതമാനമാണ് വര്‍ധന.

ഫ്രാന്‍സില്‍ മാത്രം ഇന്നലെ രണ്ടുലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, പോര്‍ചുഗല്‍‍, ഗ്രീസ്, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി.

അതിനിടെ ഒമിക്രോണിന് വാക്സിനുകളുടെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിയുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഒമിക്രോണിന് മറ്റ് കോവിഡ് വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

 

Eng­lish Sum­ma­ry: Omi­cron out­break inten­si­fies: 49.9 lakh cas­es a week

You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.