19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 8, 2024
July 18, 2024
July 11, 2024
April 26, 2024
December 15, 2023
December 15, 2023
December 13, 2023
December 6, 2023
December 3, 2023

സില്‍വര്‍ ലൈന്‍ പരിസ്ഥിതി ലോല പ്രദേശത്തുകൂടി കടന്നുപോകില്ല, പരിസ്ഥിതിയ്ക്ക് ഗുണകരമാകും: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 4, 2022 11:59 am

സിൽവർലൈൻ അർധഅതിവേഗ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്ന ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകി മാത്രമാകും ഭൂമിയേറ്റെടുക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതി വിശദീകരണത്തിനായി തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘ജനസമക്ഷം സിൽവർലൈൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പിലും പുനരധിവാസത്തിലും യാതൊരു ആശങ്കയും വേണ്ട. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ പ്രകാരം 9300ലധികം കെട്ടിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരിക. ഗ്രാമപ്രദേശങ്ങളിൽ ഭൂമിവിലയുടെ നാലിരട്ടി വരെയും നഗര പ്രദേശങ്ങളിൽ രണ്ടിരട്ടി വരെയും നഷ്ടപരിഹാരം നൽകും. ഭൂവുടകളുടെ പൂർണമായ സഹകരണത്തോടെയാകും പദ്ധതിക്കായി ഭൂമിയേറ്റെടുക്കുക.

13,265 കോടി രൂപ നഷ്ടപരിഹാരത്തിനു മാത്രമായി മാറ്റിവച്ചിട്ടുണ്ട്. ഇതിൽ പുനരധിവാസത്തിന് 1,730 കോടിയും വീടുകളുടെ നഷ്ടപരിഹാരത്തിനു 4,460 കോടിയും നൽകും. അഞ്ച് പാക്കേജുകളായി ഒരേ സമയം നിർമ്മാണം നടത്തി അഞ്ച് വർഷം കൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
വർഷത്തിൽ 365 ദിവസവും പൂർണസമയ പണികൾ നടത്തും. രണ്ട് വർഷം കൊണ്ട് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി, 2025ൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്‌.

പദ്ധതി കടന്നുപോകുന്ന സ്ഥലങ്ങളുടെ അലൈൻമെന്റ് നിശ്ചയിച്ച് അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ആഘാതങ്ങൾ ബാധിക്കുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ എന്നിവയുടെ കണക്കെടുക്കും. ഏറ്റവും കുറഞ്ഞ ആഘാതമുണ്ടാകുന്നതരത്തിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

63,941 കോടി രൂപയാണ് സിൽവർലൈനിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ചു വർഷംകൊണ്ടാണ് ചെലവാക്കുന്നത്. പണം കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ചു കുറഞ്ഞ പലിശയ്ക്കു വായ്പ സ്വീകരിക്കും. കേന്ദ്ര, സംസ്ഥാന വിഹിതവുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെ 4.60 ലക്ഷം 

തിരുവനന്തപുരം: കെ റയിലിന്റെ അർധ അതിവേഗ പാതയുമായി ബന്ധപ്പെട്ട് വാസസ്ഥലം നഷ്ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപയ്ക്കു പുറമേ നഷ്ടപരിഹാരവും നൽകും. അല്ലെങ്കിൽ നഷ്ട പരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമ്മിച്ചു നൽകും. വാസസ്ഥലം നഷ്ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും അഞ്ച്‌ സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്ടപരിഹാരവും അഞ്ച്‌ സെന്റ് ഭൂമിയും നാല് ലക്ഷം രൂപയും അതല്ലെങ്കിൽ നഷ്ടപരിഹാരവും 10 ലക്ഷവും നൽകും. പദ്ധതി ബാധിക്കുന്ന കുടുംബങ്ങളിലെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പദ്ധതിയിലെ നിയമനങ്ങളിൽ മുൻഗണന, കച്ചവട സ്ഥാപനം നഷ്ടമാകുന്നവർക്ക് കെ റയിൽ നിർമ്മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിൽ കട മുറി അനുവദിക്കാൻ മുൻഗണന എന്നിവയുണ്ടാകും.

മറ്റു നഷ്ടപരിഹാരങ്ങൾ

കാലിത്തൊഴുത്ത്: 25,000 മുതൽ 50,000 രൂപ വരെ, പെട്ടിക്കട: 25,000 – 50,000 രൂപ, വാണിജ്യ സ്ഥാപനം: നഷ്ടപരിഹാരം + 50,000 രൂപ വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം: രണ്ട് ലക്ഷം രൂപ, വാസസ്ഥലം നഷ്ടമാകുന്ന വാടകക്കാർ: 30,000 രൂപ. സ്വയം തൊഴിൽ നഷ്ടമാകുന്നവർ: 50,000, പുറമ്പോക്ക്‌ ഭൂമിയിലെ താമസക്കാര്‍-കച്ചവടക്കാര്‍‌‌: സാധനങ്ങളുടെ വില + 5000 വീതം ആറ് മാസം. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്: 6000 വീതം 6 മാസം നൽകും.

Eng­lish Sum­ma­ry: CM on Sil­ver-line project

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.