ആദിവാസി ക്ഷേമത്തിനായി ബജറ്റില്‍ നീക്കിവച്ച 15 കോടിയോളം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയുടെ നടത്തിപ്പിനായി വിനിയോഗിച്ചു. നവംബര്‍ 15 ന് നടന്ന ആദിവാസി അഭിമാന്‍ ദിന റാലിക്കായാണ് ഇത്രയും തുക വിനിയോഗിച്ചത്. പരിപാടിയിലേക്ക് ആളുകളെയെത്തിക്കുന്നതിന് യാത്രാ സംവിധാനങ്ങള്‍, താമസം, ഭക്ഷണം തുടങ്ങിയവ ഒരുക്കുന്നതിനാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി മീന സിങ് വ്യക്തമാക്കി.
52 ജില്ലാ കളക്ടര്‍മാര്‍ മുഖേനയാണ് തുക ചെലവഴിച്ചത്. നവംബര്‍ ഒമ്പതിന് ആദ്യ ഗഡുവായി 12.92 കോടി രൂപ എല്ലാ ജില്ലകള്‍ക്കുമായി അനുവദിച്ചു. എന്നാല്‍ ഈ വിഭാഗക്കാര്‍ കൂടുതലുള്ള 11 ജില്ലകള്‍ അധികതുക ആവശ്യപ്പെട്ടതിനാല്‍ രണ്ടാം ഗഡുവായി 1.94 കോടി രൂപയും നല്കിയെന്ന് മന്ത്രി അറിയിച്ചു. യാത്രാ സൗകര്യം ഒരുക്കുന്നതിന് 9.7, താമസത്തിന് 2.35, ഭക്ഷണത്തിനും മറ്റുമായി 1.45 കോടി വീതമാണ് വിനിയോഗിച്ചതെന്നും മറുപടിയില്‍ പറയുന്നു.
പട്ടിക വിഭാഗത്തിന്റെ ക്ഷേമത്തിനായി മധ്യപ്രദേശിന് ലഭിക്കുന്ന കേന്ദ്ര വിഹിതത്തില്‍ മോഡി സര്‍ക്കാര്‍ 937 കോടി രൂപ കുറവ് വരുത്തിയപ്പോഴാണ് തുക വകമാറ്റിയിരിക്കുന്നത്. സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്തതിനാല്‍ പട്ടിക വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്‍ഡോര്‍ മേഖലയില്‍ നിന്നുമാത്രം പഠനം നിര്‍ത്തിയെന്ന വാര്‍ത്തയും അടുത്ത കാലത്തു പുറത്തുവന്നിരുന്നു.
ജനസംഖ്യയില്‍ 21 ശതമാനം പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുളള മധ്യപ്രദേശില്‍ അടുത്തിടെയാണ് ബിജെപി സര്‍ക്കാര്‍ ആദിവാസി അഭിമാന്‍ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഝാര്‍ഖണ്ഡിലെ സ്വാതന്ത്ര്യ സമരസേനാനിയും ദളിത് നേതാവുമായ ബിര്‍സ മുണ്ടയുടെ ജന്മദിനമായ നവംബര്‍ 15 ന് ഈ പരിപാടി സംഘടിപ്പിക്കുവാനും എല്ലാവര്‍ഷവും ദിനാചരണം നടത്തുവാനുമായിരുന്നു തീരുമാനം. മ്യൂസിയങ്ങള്‍ക്കും റയില്‍വേ സ്റ്റേഷനുകള്‍ക്കും ദളിത് നേതാക്കളുടെ പേരിടലും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി.
കഴിഞ്ഞ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പട്ടിക വിഭാഗങ്ങള്‍ കൂടുതലുള്ള പല മണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രസ്തുത വിഭാഗത്തെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
English Summary: 15 crore has been earmarked for the welfare of the Scheduled Tribes has been diverted Prime Minister’s rally
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.