22 December 2024, Sunday
KSFE Galaxy Chits Banner 2

ഇന്ത്യ‑ചൈന ഉഭയകക്ഷി വ്യാപാരം റെക്കോര്‍ഡ് ഉയരത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 15, 2022 9:54 pm

അതിര്‍ത്തിയിലെ സംഘര്‍ഷം വിരാമമില്ലാതെ തുടരുമ്പോഴും ഇന്ത്യ‑ചൈന ഉഭയകക്ഷി വ്യാപാരം റെക്കോര്‍ഡ് ഉയരത്തില്‍. 2021‑ല്‍ 1250 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിലുണ്ടായത്.

കിഴക്കന്‍ ലഡാക്കിലെ നീണ്ടുനില്‍ക്കുന്ന സൈനിക സംഘര്‍ഷം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ടുവര്‍ഷത്തിലേറെയായി ഏറെ വഷളാണ്. എങ്കിലും ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ ചൈനയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ധന നേടാന്‍ കഴിഞ്ഞു.

2021 ല്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരം 1250.66 കോടി യുഎസ് ഡോളറാണ്. 2020‑ല്‍ നിന്ന് 43.3 ശതമാനം വര്‍ധനവാണിതെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മൂല്യം 46.2 ശതമാനം ഉയര്‍ന്ന് 970.52 കോടി ഡോളറായി. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 34.2 ശതമാനം വര്‍ധിച്ച് 280.14 കോടി ഡോളറായി. ഇതോടെ ഇന്ത്യയുടെ വ്യാപാരക്കമ്മി 690.38 കോടി ഡോളറായി ഉയരുകയും ചെയ്തു.

കോവിഡ് മഹാമാരിയില്‍ മെഡിക്കല്‍ ഉല്പന്നങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും ഇറക്കുമതിയാണ് ചൈനയുടെ കയറ്റുമതിയില്‍ ഉയര്‍ന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പാംഗോങിലെ ഗല്‍വാനില്‍ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ‑ചൈന ബന്ധം വഷളായത്. തുടര്‍ന്ന് പതിനായിരക്കണക്കിന് സൈനികരെ അണിനിരത്തി ഇരുരാജ്യങ്ങളും സൈനിക സാന്നിധ്യം ക്രമേണ വര്‍ധിപ്പിച്ചു.

സൈനിക, നയതന്ത്ര ചര്‍ച്ചകളുടെ ഫലമായി ഓഗസ്റ്റില്‍ ഗോഗ്രയിലും ഫെബ്രുവരിയില്‍ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിലും ഇരുപക്ഷവും സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി. ലഡാക്ക് പര്‍വതമേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) നിലവില്‍ ഓരോ ഭാഗത്തും 50,000 മുതല്‍ 60,000 വരെ സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ട്. അടുത്തിടെ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് ചൈന പേരിട്ടതുമായി ബന്ധപ്പെട്ടും ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: India-Chi­na bilat­er­al trade hits record high

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.