22 December 2024, Sunday
KSFE Galaxy Chits Banner 2

സ്വകാര്യബസുകൾ വീണ്ടും ‘കട്ടപ്പുറത്ത് ’

പി ആർ റിസിയ
തൃശൂർ
January 19, 2022 9:35 pm

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങാതായതോടെ സ്വകാര്യ ബസ് സർവീസ് വീണ്ടും പ്രതിസന്ധിയിലേക്ക്. മഹാമാരിയുടെ മൂന്നാംവരവ് സംസ്ഥാനത്തെമ്പാടും പിടിമുറുക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ മുൻകരുതൽ മൂലം യാത്രക്കാർ കുറഞ്ഞു. ഇതോടൊപ്പം ടാക്സ് അടക്കാത്ത ബസുകൾക്കെതിരെ അധികൃതർ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്ത് സർവീസ് നടത്തിയിരുന്ന സ്വകാര്യബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. 

നിലവിൽ ബസുകൾക്ക് ലഭിക്കുന്ന വരുമാനം ദിവസ ചെലവിനു പോലും തികയാത്ത സാഹചര്യമാണുള്ളത്. ഇതോടൊപ്പം ടാക്സ് അടയ്ക്കാത്ത ബസുകൾക്കെതിരെ പരിശോധന വ്യാപകമാക്കുകയും പിഴ ചുമത്തുകയും ചെയ്തതോടെയാണ് ബസുകൾ വീണ്ടും ഷെഡിൽ കയറ്റുവാൻ ഉടമകൾ നിർബന്ധിതരായത്. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നൽകി ബസുകൾ സർവീസ് നിർത്തും. കഴിഞ്ഞവർഷം കോവിഡ് കാലത്ത് സർവീസ് നിർത്തിവച്ച അതേ സ്ഥിതിയാണ് ഇന്നുള്ളതെന്നും ബസുടമകൾ പറയുന്നു. 

നിലവിലെ സാഹചര്യത്തിൽ ബസുകൾക്ക് ഡീസൽ അടിക്കാനും മറ്റു അറ്റകുറ്റപ്പണികൾക്കും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുമുള്ള ചെലവുകൾ ഉടമകൾ തന്നെ വഹിക്കേണ്ടിവരും. ബസ് ജീവനക്കാരും വർക്ഷോപ്പ് ജീവനക്കാർ, ടയർ, ട്യൂബ്, ലൂബ്രിക്കന്റ്, ബസ് അറ്റൻഡർമാർ തുടങ്ങി ബസ് സ്റ്റാൻഡിലെ ചെറുകിട കച്ചവടക്കാർവരെ കടുത്ത ആശങ്കയിലാണ്. ടയർ, അറ്റകുറ്റപ്പണികൾ, ഇൻഷുറൻസ് എന്നിങ്ങനെ ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം ചെലവാക്കിയാണ് 5000ത്തിൽപരം ബസുകൾ സർവീസ് പുനരാരംഭിച്ചത്. കടക്കെണിയിലായ ബസുടമകൾക്ക് വായ്പ തിരിച്ചടയ്ക്കുന്നതിന് ബാങ്കുകളുടെ ഭാഗത്തുനിന്ന് പലിശ ഇളവുകളോ ഇൻഷുറൻസ് കമ്പനികൾ ഇൻഷുറൻസ് അടയ്ക്കുന്നതിന് കിഴിവുകളോ നല്‍കിയില്ല. കോവിഡിനെത്തുടർന്ന് ഏറ്റവുമധികം പ്രതിസന്ധി നേരിട്ട സ്വകാര്യ ബസ് സർവീസ് മേഖലയിൽ മാസങ്ങളോളം ബസുകൾ കട്ടപ്പുറത്തായിരുന്നു.
eng­lish summary;Private bus ser­vice in cri­sis again
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.