ആഗോള താപന സാഹചര്യങ്ങളിൽ ഭൂമിയിലെ വൻ ഹിമനിക്ഷേപങ്ങൾ നിലനിൽക്കുന്ന ധ്രുവമേഖലകളിൽ മഞ്ഞുരുക്കത്തിന്റെ വേഗതയും തീവ്രതയും ഏറിയിട്ടുണ്ട്. ഉത്തര ധ്രുവമേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ്, ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ് എന്ന വിശേഷണത്തിനൊപ്പം ഏറ്റവും വലിയ ഹിമദ്വീപ് എന്ന പ്രത്യേകതയും കയ്യാളുന്നു.
ഗ്രീൻലാൻഡിലെ അതിബൃഹത്തായ ഹിമനിക്ഷേപം കഴിഞ്ഞ 40 വർഷത്തോളമായി താപനസാഹചര്യങ്ങൾക്കടിപ്പെട്ട് കനത്ത തോതിൽ
ഉരുകിയൊലിച്ചുകൊണ്ടിരിക്കുകയാണ്. ലോകമാകമാനം സമുദ്രനിരപ്പ് ഉയരുന്നതിനും പ്രളയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലേക്കും ഇത് വഴിവെക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ തന്നെ ദ്വീപിന്റെ ഉപരിതലഭാഗങ്ങളിൽ നിന്ന് ഉദ്ദേശം 3.5 ട്രില്യൻ
ടണ്ണോളം മഞ്ഞാണ് ഉരുകിയൊലിച്ച് സമുദ്രങ്ങളിലെത്തിച്ചേർന്നത്. ഗ്രീൻലാൻഡ് മേഖലയിൽ നിന്നുള്ള മഞ്ഞുരുക്കത്തിൽ കഴിഞ്ഞ നാല് ദശകത്തിനുള്ളിൽ ഏകദേശം 21 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, മഞ്ഞുരുക്കത്തിന്റെ തോതും
പ്രകൃതവും ഒരു നിശ്ചിത ക്രമത്തിലല്ലതാനും. മഞ്ഞുരുക്കത്തിന്റെ നിരക്ക്, പ്രകൃതം എന്നിവയിൽ ഓരോ വർഷവും മുൻ വർഷത്തേതിനെ അപേക്ഷിച്ച് 60 ശതമാനം വരെ ക്രമരാഹിത്യം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (നേച്ചർ കമ്മ്യൂണിക്കേഷൻസ്, നവംബർ 2021 ).
ലോകത്തെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് തീക്ഷ്ണ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് വളരെ എളുപ്പം വിധേയമാകുന്ന മേഖലയാണ് ഗ്രീൻലാൻഡ്.
കാലാവസ്ഥയിൽ ചൂടേറിവരുന്ന സാഹചര്യത്തിൽ ഗ്രീൻലാൻഡ് മേഖലയിൽ നിന്നുള്ള മഞ്ഞുരുക്കവും
രൂക്ഷമാവുകയെന്നത് സ്വാഭാവികം. 2011–2020 വരെയുള്ള 10 വർഷത്തിനിടയിൽ ഗ്രീൻലാൻഡിലെ മാത്രം ഹിമശേഖരങ്ങൾ
ഉരുകിയൊലിച്ചതുമൂലം സമുദ്രനിരപ്പ് ഒരു സെന്റീമീറ്റർ കണ്ട് ഉയരാനിടയായിട്ടുണ്ട്.
എന്നാൽ 2012,2019 എന്നീ വർഷങ്ങളിലെ വേനൽ മാസങ്ങളിലുണ്ടായ കനത്ത മഞ്ഞുരുകൽ മാത്രം മേൽ ദശകത്തിലുണ്ടായ ആകെ മഞ്ഞുരുക്കത്തിന്റെ മൂന്നിലൊന്നു വരും. കഴിഞ്ഞ ഒരു ദശകത്തിൽ പ്രതിവർഷം ശരാശരി 357 ബില്യൺ ടൺ എന്ന നിരക്കിലായിരുന്നു.
ഗ്രീൻലാന്റിൽ നിന്നുള്ള മഞ്ഞുരുക്കം. 2017 ൽ 2.47 ബില്യൺ ടൺ ആയിരുന്നു മഞ്ഞുരുക്കത്തോത്. ഇതിന്റെ ഇരട്ടിയിലേറെയായിരുന്നു 2012 ലെ മഞ്ഞുരുക്കത്തോത്. 1980 മുതൽ 40 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും കടുത്ത ചൂടാണ് പ്രസ്തുത വർഷങ്ങളിലെ വേനലിൽ അനുഭവപ്പെട്ടത്. ലോകമാകമാനമുള്ള തീരദേശവാസികൾക്ക് അപായസാധ്യത ഉയർത്തുന്നു എന്നു മാത്രമല്ല, ആർട്ടിക് സമുദ്രത്തിലെ ആവാസവ്യൂഹങ്ങൾക്ക് ആവാസ ഭംഗമേല്പിക്കുക കൂടിയാണ്
സമുദ്രനിരപ്പ് ഉയരൽ സൃഷ്ടിക്കുന്ന ഭീഷണികൾ. കൂടാതെ, ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന അന്തരീക്ഷ- സമുദ്ര വ്യവസ്ഥകളിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനും സമുദ്രനിരപ്പിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്കാവും. കൊടും ചൂടനുഭവപ്പെട്ട 2012 ൽ
മാത്രം 527 ബില്യൺ ടണ്ണായിരുന്നു മഞ്ഞുരുക്കത്തോത്. അന്തരീക്ഷ പര്യയന വ്യവസ്ഥകൾ വ്യതിയാനപ്പെടുമ്പോൾ അസാധാരണമാംവിധം ചൂടേറിയ വായുവിന് ഹിമപാളികളുടെമേൽ കൂടുതൽ സമയം തങ്ങാൻ സാധിക്കുന്നു സ്ഥിതിചെയ്യുവാൻ സാധ്യമാവുന്നു. ഉഷ്ണതരംഗങ്ങൾ പോലുള്ള അതിതീവ്രകാലാവസ്ഥാപ്രതിഭാസങ്ങൾ ആണ്.
ഗ്രീൻലാൻഡിലെ മഞ്ഞുരുക്കം രൂക്ഷമാക്കുന്നത്. ഉഷ്ണതരംഗങ്ങൾ സർവസാധാരണമാകുന്ന സാഹചര്യത്തിൽ ഹിമനിക്ഷേപങ്ങൾ ഉരുകി ജലമാവുകയും അതേ ജലസാന്നിധ്യം മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു. ഉത്സർജനത്തോത്.
കുറക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ക്രമീകരണം അവയുടെ നടപ്പിൽ വരുത്തലും വഴി ഗ്രീൻലാൻഡിൽ നിന്നുള്ള മഞ്ഞുരുക്കം മൂന്നിലൊന്നായി കുറക്കാനാവും എന്ന് പ്രതീക്ഷിക്കുന്നു. ഒരു പക്ഷെ ഇക്കാര്യത്തിൽ കൃത്യമായ പൂർത്തീകരണത്തിന്
സമയമെടുത്താൽ പോലും.
ഭാവിയിൽ സംജാതമായേക്കാവുന്ന തീക്ഷ്ണ കാലാവസ്ഥാ സാഹചര്യങ്ങളിൽ ഗ്രീൻലാൻഡ് മേഖലയിലെ ഹിമപാളികൾ എത്രകണ്ട് ഉരുകിശോഷിക്കുമെന്നും അവയ്ക്ക് എത്രകണ്ട് സമുദ്രനിരപ്പ് ഉയർത്താനാവുമെന്നും വിലയിരുത്തുന്ന നിഗമനങ്ങളിൽ
ശാസ്ത്രം എത്തിച്ചേർന്നിട്ടുണ്ട്. ഗ്രീൻലാൻഡ് മേഖലയിൽ നിന്നുള്ള മഞ്ഞുരുക്കം കൊണ്ട് മാത്രം 2100 ‑മാണ്ടോടെ ആഗോള സമുദ്രനിരപ്പ് 3 മുതൽ 23 സെന്റിമീറ്റർ വരെ ഉയരാൻ ഇടയുണ്ട്. എന്നാൽ, ഇക്കാര്യത്തിലുള്ള പ്രവചനങ്ങളുടെ കൃത്യതക്ക് 100 ശതമാനം ഉറപ്പ് നൽകാനാവില്ല. കാരണം, വ്യത്യസ്ത തീവ്രകാലാവസ്ഥാ സാഹചര്യങ്ങളാൽ
സ്വാധീനിക്കപ്പെടുന്ന മഞ്ഞുരുക്കം അതിസങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ഇത്തരം കാലാവസ്ഥാ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലും നിലനിൽക്കുന്നതിലുമുള്ള അനിശ്ചിത സ്വഭാവം തന്നെ കാരണം. ആഗോള താപന സാഹചര്യങ്ങൾക്ക് രൂക്ഷതയേറുംതോറും നാം അധിവസിക്കുന്ന ഭൂമിയുടെ മുക്കും മൂലയും ഉരുകിയൊലിച്ചു കൊണ്ടിരിക്കുകയാണ്. ആർട്ടിക് — അന്റാർട്ടിക് മേഖലയിലെ തണുത്തുറഞ്ഞ
സമുദ്രതലങ്ങളാകട്ടെ, ഹിമപർവ്വതങ്ങളിലെ വൻ ഹിമശേഖരമാകട്ടെ, ധ്രുവമേഖലകളിലെ കനത്ത മഞ്ഞ് പാളികളാകട്ടെ — എല്ലാം തന്നെ അതിവേഗം ഉരുകിയൊലിച്ച് സമുദ്രങ്ങളിലെത്തിക്കൊണ്ടിരിക്കുന്നു. 1990 കളിൽ പ്രതിവർഷം ശരാശരി 0. 8 ട്രില്യൺ ഐസ് ആണ് ഉരുകിയൊലിച്ചിരുന്നതെങ്കിൽ, ഇപ്പോഴത് 1.2 ട്രില്യൺ ടണ്ണായി ഉയർന്നിരിക്കുന്നു. അതായത്, 57 ശതമാനത്തിന്റെ വർദ്ധനവ്. ലണ്ടൻ നഗരത്തിൽ ഒരു വർഷം ഉപയോഗിക്കുന്ന ജലത്തിന്റെ 1000 മടങ്ങ് അഥവാ 10 കിലോമീറ്റർ നീളവും വീതിയും ഉയരവുമുള്ള ഒരു ഹിമ സ്തംഭം ഉണ്ടാക്കുവാൻ ആവശ്യമായ അത്രയും ജലമാണ് മേൽപറഞ്ഞ തോതിൽ പ്രതിവർഷം ഉരുകി നഷ്ട്ടപ്പെടുന്നത്.
തീരദേശ ആവാസവ്യവസ്ഥകളെ ബാധിക്കും കൂടിയ തോതിൽ മഞ്ഞുരുക്കം നടക്കുന്ന ഇടങ്ങളിൽ നിന്നും ആയിരക്കണക്കിന് കാതം ദൂരെ വസിക്കുന്ന തീരദേശവാസികളുടെ ജീവനും ജീവനോപാധികൾക്കുമാണ് മഞ്ഞുരുകൽ മൂലമുണ്ടാകുന്ന സമുദ്രനിരപ്പ് ഉയർച്ച പ്രതിസന്ധിസൃഷ്ടിക്കുന്നത്. മഞ്ഞുറഞ്ഞ സമുദ്രങ്ങളിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞ് കട്ടകൾ ഉരുകുമ്പോൾ ചുറ്റുമുള്ള
ജലനിരപ്പ് താഴുന്നു. എന്നാൽ, മഞ്ഞുരുകുന്നതുമൂലം സമുദ്രത്തിലെത്തിച്ചേരുന്ന
അധികജലം സമുദ്രനിരപ്പ് ഉയരാനിടയാക്കുന്നു. ഉരുകൽ നടക്കുന്ന അതേ ഇടങ്ങളിൽ തന്നെയാവണമെന്നില്ല സമുദ്രനിരപ്പിലുണ്ടാകുന്ന ഉയർച്ച അനുഭവപ്പെടുന്നത്. കിലോമീറ്ററുകൾ അകലെ, ഒരു പക്ഷെ ഭൂമിയുടെ മറുഭാഗത്തുള്ള സമുദ്രങ്ങളിൽ ആകാം
ഈ പ്രതിഭാസം പ്രകടമാവുക. ഉദാഹരണമായി, ഗ്രീൻലാൻഡ് മേഖലയിൽ ഉണ്ടാകുന്ന മഞ്ഞുരുക്കമാണ് ദക്ഷിണാർദ്ധഗോളത്തിൽ സമുദ്രനിരപ്പുയരുന്നതിന് കാരണമാകുന്നത്.
ഹിമപാളികളുടെ അതിശുഭ്രമായ പ്രതലം സൂര്യവികിരണങ്ങളെ തിരിച്ച് പ്രതിഫലിപ്പിക്കുവാൻ അത്യധികം ശേഷിയുള്ളതാണ്. എന്നാൽ, ഹിമപാളികൾ ഉരുകിജലമാകുമ്പോൾ വെളുത്ത നിറം നഷ്ടപ്പെടുകയും തൽഫലമായി പ്രതിഫലന ശേഷി
പ്രകടമായി കുറയുകയും ചെയ്യുന്നു. പ്രതിഫലന ശേഷിയിലുണ്ടാകുന്ന കുറവ് കൂടുതൽ താപനത്തിന് ഇടയാക്കുന്നു. തന്മൂലമുണ്ടാകുന്ന കൂടിയ തോതിലുള്ള മഞ്ഞുരുക്കം സമുദ്രങ്ങളിലെ ലവണത്വം, പര്യയന വ്യവസ്ഥകൾ എന്നിവയിൽ വ്യത്യാസം സൃഷ്ടിക്കും.
അതിശീതാവസ്ഥയിൽ സ്ഥിതിചെയ്യുന്ന മേഖലകളിൽ അന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും വേർതിരിക്കുകയെന്നത് വളരെ ദുഷ്കരമാണ്. കുറഞ്ഞ സമയത്തിനുള്ളിലാണ് അത്തരം പ്രദേശങ്ങളിൽ സ്ഥിതിഗതികൾ മാറിമറിയുന്നത്.
ശൈത്യകാലത്ത് കനത്ത മഞ്ഞ് വീഴ്ച്ച ഉണ്ടാകുകയോ അതുമല്ലെങ്കിൽ വേനൽ മാസങ്ങളിൽ കൂടിയ തോതിൽ മഞ്ഞുരുക്കമുണ്ടാവുകയോ ചെയ്താൽ അത്തരം കാര്യങ്ങൾ യാദൃശ്ചികമല്ലെന്നും മറിച്ച് കാലാവസ്ഥ വ്യതിയാന സൂചനയാണെന്നും
വിലയിരുത്തേണ്ടതുണ്ട്.
യഥാക്രമം ഉത്തര-ദക്ഷിണ ധ്രുവമേഖലകളിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡ്, അന്റാർട്ടിക്ക എന്നീ ഭൂവിഭാഗങ്ങൾ മഞ്ഞുരുക്കം മൂലം അതിവേഗം ശോഷണ വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗ്രീൻലാൻഡിലെ മഞ്ഞുരുക്കം 1990 കൾ മുതൽ 7 (ഏഴ് ) ഇരട്ടി വേഗതയാർജ്ജിച്ചിരിക്കുന്നു. 1992 നും 2018 നും ഇടയിൽ ഇടയിൽ ഉണ്ടായ മഞ്ഞുരുക്കം ആഗോള സമുദ്രനിരപ്പ് 10. 6 മീറ്റർ ഉയർത്തുവാൻ പര്യാപ്തമായിരുന്നു.
ആഗോള സമുദ്രനിരപ്പ് ഓരോ സെന്റിമീറ്റർ ഉയരുമ്പോഴും ആറ് മില്യൺ തീരദേശവാസികളാണ് കടലേറ്റം മൂലം ദുരന്തങ്ങൾക്ക് അടിപ്പെടുന്നത്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗ്രീൻലാൻഡ് മേഖലയിൽ നിന്നുള്ള മഞ്ഞുരുക്കം ഒന്നുകൊണ്ട് മാത്രം 100 മില്യണോളം കൂടുതൽ ജനങ്ങൾ ഇത്തരം ദുർഘടങ്ങൾക്ക് വിധേയരാക്കാൻ ഇടയുണ്ട്.
അന്തരീക്ഷത്തിലും സമുദ്രത്തിലും ചൂടേറിയതിനാൽ സമുദ്രോപരിതലത്തിലുള്ള മഞ്ഞുരുകി ഉണ്ടാകുന്ന വെള്ളം കൂടുതലായി ഒഴുകി എത്തുന്നതുമൂലവും, ഹിമപാളികൾ ഉരുകിയിരുന്നതുമൂലവുമാണ് മഞ്ഞുരുക്കം വഴിയുള്ള ഹിമനഷ്ടം അധികരിക്കുന്നത്.
വൈറസുകൾ പുറം ലോകത്തേക്ക് ജലം ഖനീഭവിക്കുമ്പോൾ അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ഇതര വസ്തുക്കൾ എന്നിവയോടൊപ്പം ചില അതിസൂക്ഷ്മജീവികളും ഘനീഭവിച്ച മഞ്ഞ്പാളികളിൽ അകപെട്ട് പോകാൻ ഇടയാകാറുണ്ട്. ഈ ഹിമപാളികൾ ഉരുകാതെ നിലനിൽക്കുന്നിടത്തോളം കാലം ഈ സൂക്ഷ്മ ജീവികളും അതിനുള്ളിൽ സുപ്താവസ്ഥയിൽ നിലകൊള്ളുന്നു. ആർട്ടിക് മേഖലയിലെ ഹിമാനികൾ
ഉരുകുന്നതോടനുബന്ധിച്ച് അതിപുരാതനകാലം തൊട്ടേ അവക്കുള്ളിൽ അകപ്പെട്ട് നിഷ്ക്രിയരായി നിലനിന്നിരുന്ന വൈറസുകൾ ഉരുകിയ ജലത്തോടൊപ്പം പുറത്തേക്ക് വരുവാനും ഇതര സ്പീഷീസുകളിലേക്ക് കടന്നുകയറാനും സാധ്യതയുണ്ട്.
ആഗോള താപന സാഹചര്യങ്ങളിൽ ഭൂമിയിലെ ഹിമശേഖരങ്ങളിൽ വിവിധ ഭാഗങ്ങളിലുള്ള ഹിമപാളികൾ വൻതോതിൽ ഉരുകാനാരംഭിക്കുമ്പോൾ അവയിലെ ജലം വ്യത്യസ്ത കൈവഴികളായി ഒഴുകി പൊതുജല ശൃംഖലയിൽ എത്തിച്ചേരുന്നു. ഹിമപാളികളിൽ നിഷ്ക്രിയാവസ്ഥയിൽ സ്ഥിതി ചെയ്തിരുന്ന ഈ ജലപ്രവാഹങ്ങളോടൊപ്പം വ്യത്യസ്ത ഇനത്തിൽ പെട്ട
സൂക്ഷ്മാണുക്കളും ജലാശയങ്ങളിൽ എത്തിച്ചേരുന്നു. മഞ്ഞുരുക്കം ഏറുന്ന സാഹചര്യത്തിൽ കാലങ്ങളോളം മഞ്ഞിൽ പുതഞ്ഞുകിടന്നിരുന്ന സൂക്ഷമജീവികൾ ധാരാളമായി പുറം ലോകത്തേക്ക് എത്തിച്ചേരാനുള്ള സാധ്യതയാണുള്ളത്. മറ്റു സ്പീഷീസുകളെ മാരകമായി ബാധിച്ചേക്കാവുന്ന ഇനങ്ങളും ഇക്കൂട്ടത്തിലുണ്ടാവാനിടയുണ്ട്.
കൊടും ശൈത്യാവസ്ഥയുള്ള ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻ ലാൻഡിൽ ജലം ഉറഞ്ഞു കട്ടിയായ ഹിമരൂപത്തിലാണ് പൊഴിയാറുള്ളത്. എന്നാൽ, 2021 ഓഗസ്റ്റ് മാസത്തിൽ ഗ്രീന്ലാന്ഡിൽ ആദ്യമായി മഴ രേഖപ്പെടുത്തി. ആഗോളതാപനം
ഉയരുന്നതിന്റെ ഒരു സൂചനയെന്ന നിലയിലാണ് ഇക്കാര്യം വിലയിരുത്തപ്പെടുന്നത്. ഇതിന് മുൻപ് 1995,2012,2019 എന്നീ വർഷങ്ങളിൽ മാത്രമാണ് തത്പ്രദേശങ്ങളിൽ താപനില ഖനീഭവനാങ്കത്തേക്കാൾ (freezing point) ഉയർന്നിട്ടുള്ളത്. എന്നാൽ,
അപ്പോൾ പോലും മഴ പെയ്തതായി രേഖപ്പെടുത്തപെട്ടിട്ടില്ല. മഴ ലഭിച്ച ദിവസങ്ങളിൽ തത്പ്രദേശത്ത് അനുഭവപെട്ടതാപനില 0. 48 ഡിഗ്രി സെന്റിഗ്രേഡ് ആയിരുന്നു. കഴിഞ്ഞ 26 വർഷത്തിനുള്ളിൽ ഇപ്രകാരം പൂജ്യം ഡിഗ്രി സെന്റിഗ്രേഡിനേക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടിട്ടുള്ളത് മേൽ പറഞ്ഞ നാല് സന്ദർഭങ്ങളിൽ മാത്രമാണ്. 2021 ഓഗസ്റ്റിൽ ലഭിച്ച മഴമൂലം ഉദ്ദേശം 8,72,000
ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ മഞ്ഞാണ് ഉരുകാനിടയായത്. ഓഗസ്റ് മാസത്തെ ശരാശരി മഞ്ഞുരുക്കത്തെക്കാൾ ഏഴിരട്ടിയോളമാണ് ഒറ്റദിവസത്തെ (ഓഗസ്റ്റ് 14 ) മഴമൂലമുണ്ടായ മഞ്ഞുരുക്കം. ദ്രവരൂപത്തിലുള്ള മഴവെള്ളത്തിലെ
താപമാണ് മഞ്ഞുരുക്കത്തിന് ആക്കം കൂട്ടുവാൻ കാരണമാകുന്നത്. 1995 ന് മുൻപ് 1880 കളിലാണ് ഇപ്രകാരം പൂജ്യം ഡിഗ്രി സെന്റിഗ്രേഡിനേക്കാൾ ഉയർന്ന താപനില അനുഭവപ്പെട്ടിട്ടുള്ളത്.
അന്തരീക്ഷ താപനം ഉയരുന്നതിന്റെ വ്യക്തമായ സൂചനകൾ ആണിവ. താപനം നിയന്ത്രിക്കാനാവശ്യമായ പ്രവർത്തന ശൈലികൾ അടിയന്തിരമായി സ്വീകരിക്കുകയല്ലാതെ മറ്റ് പോം വഴികൾ ഒന്നും ഇക്കാര്യത്തിലില്ല. ഗ്രീൻലാൻഡിൽ മഞ്ഞ് ഉരുകിയാൽ മാവിലയിക്കാർക്കെന്താ പ്രശ്നം എന്നാണ് പൊതുവെയുള്ള മനോഭാവം. ഒന്നോർക്കണം- ഗ്രീൻലാൻഡിലെ അല്ലെങ്കിൽ ദക്ഷിണ ധ്രുവമേഖലയിലെ ഹിമശേഖരങ്ങൾ ഉരുകിയുണ്ടാകുന്ന ജലം എത്തിച്ചേരുന്നത് അവയോടടുത്ത് കിടക്കുന്ന സമുദ്രങ്ങളിൽ ആണ്. ലോകത്തെ സമുദ്രങ്ങൾ എല്ലാം തന്നെ പരസ്പരബന്ധിതങ്ങളാണ്.
ഭൂമിയിൽ കനത്ത മഴപെയ്തുണ്ടാകുന്ന അധികജലത്തെ സമുദ്രങ്ങൾ ഉൾക്കൊള്ളാറുണ്ട്. എന്നാൽ, സമുദ്രത്തിൽ അധികജലസാന്നിധ്യം ഉണ്ടായാലോ? സമുദ്രനിരപ്പിൽ നിന്നും മീറ്ററുകളോളം ഉയർന്ന ഭൂവിതാനങ്ങളെപ്പോലും മുക്കിത്താഴ്ത്താൻ ആ അധിക
ജലത്തിനാവും. കടലേറ്റമായും പുഴയേറ്റമായും അത് ഭൂപടത്തെത്തന്നെ മാറ്റിവരയ്ക്കും. താപന സാഹചര്യങ്ങൾക്ക് തീവ്രതയേറിയാൽ മഞ്ഞുരുക്കം സ്വാഭാവികമായും അധികരിക്കും. ആദ്യഘട്ടത്തിൽ സമുദ്രനിരപ്പിലുണ്ടാകുന്ന ഏറ്റത്തിൻറെ രൂപത്തിൽ
തീരദേശത്തെ കടലെടുക്കും. ചെറുദ്വീപുകൾ, സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന ഭൂവിഭാഗങ്ങൾ എന്നിവ ക്രമേണ അപ്രത്യക്ഷമാകും.
അന്തരീക്ഷത്തിലുണ്ടാകുന്ന ഒരു ചെറു ചലനത്തിനുപോലും പ്രത്യക്ഷമായോ പരോക്ഷമായോ കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടായേക്കാനാവും. അതിനാൽ ജീവിത ശൈലികൾ നിയന്ത്രിച്ച് കാലാവസ്ഥയെ സംരക്ഷിച്ചുനിർത്തുന്നതിലൂടെ മാത്രമേ നിലവിലെ ആഗോളതാപനാധിക്യം നിയന്ത്രിക്കുവാനും, അതുവഴി ഭൂമിയുടെ മുഖച്ഛായ മാറാതെ നിലനിർത്തുവാനും സാധിക്കുകയുള്ളു എന്നതിൽ തർക്കമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.