23 December 2024, Monday
KSFE Galaxy Chits Banner 2

വിവാദ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് ; സലാമിനെതിരെ ലീഗില്‍ പടയൊരുക്കം

കെ കെ ജയേഷ്
കോഴിക്കോട്
January 22, 2022 9:41 pm

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ടെലഫോൺ സംഭാഷണങ്ങൾ പുറത്തുവന്നതോടെ പടയൊരുക്കവുമായി ലീഗിലെ ഒരു വിഭാഗം രംഗത്ത്.സലാമിനോട് എതിർപ്പുള്ള കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടാൻ സലാം തയാറാക്കിയ പദ്ധതി അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ പുറത്തുവന്നതോടെയാണ് എതിർപ്പ് രൂക്ഷമായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സൗത്ത് മണ്ഡലത്തിൽ മുസ്‌ലിം ലീഗിനുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പേതന്നെ കമ്മിറ്റി പിരിച്ചുവിടാൻ സലാം നീക്കം നടത്തിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ലീഗ് നേതാവായ കുറ്റിച്ചിറ സ്വദേശി ഉസ്മാനുമായുള്ള സംഭാഷണമാണ് പുറത്തുവന്നത്. ഇതിൽ മുതിർന്ന നേതാവും ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ കെ മൊയ്തീൻ കോയക്കെതിരെ രൂക്ഷമായ ഭാഷയില്‍ സലാം പ്രതികരിക്കുന്നത്. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ഈ സംഭാഷണത്തിൽ തന്നെ സലാം തുറന്നുപറയുന്നുമുണ്ട്. വിഭാഗീയതയുടെ പേരിലാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് സലാമിന്റെ സംഭാഷണത്തിലൂടെ വ്യക്തമായി. തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ വാങ്ങുമെന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിവാദമായ ഈ ഓഡിയോയും പുറത്തുവന്നിരിക്കുന്നത്. 

തെര‍ഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തെ നേതൃത്വത്തെ അറിയിക്കാതെ കുറ്റിച്ചിറയിൽ ഒരു പരിപാടിയിൽ സലാം പങ്കെടുത്തിരുന്നു. എതിർവിഭാഗം നടത്തിയ പരിപാടിയിൽ സലാം പങ്കെടുത്തതിൽ പാർട്ടി നേതാക്കൾക്ക് വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇക്കാര്യം അറിയിക്കാൻ വിളിച്ചപ്പോഴാണ് രൂക്ഷമായ ഭാഷയിൽ സലാമിന്റെ പ്രതികരണം. ആര് അറിഞ്ഞു എന്നത് തന്റെ പ്രശ്നമല്ലെന്നും വേണമെങ്കിൽ ബിജെപിക്കാരെ കണ്ടും വോട്ടു ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രതിഷേധങ്ങൾ കാര്യമാക്കുന്നില്ലെന്നും ചില തെമ്മാടികൾ പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും സലാം പറയുന്നുണ്ട്. 

ഏറെക്കാലമായി പാർട്ടിയിൽ വലിയ വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് സൗത്ത് മണ്ഡലത്തിലെ കുറ്റിച്ചിറ. ഇതിൽ ഒരു ഭാഗത്ത് മൊയ്തീൻ കോയയാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം കോർപറേഷനിലേക്ക് മത്സരിച്ചപ്പോൾ വലിയ തോതിൽ എതിർവിഭാഗം വോട്ട് മറിക്കുകയും ചെയ്തിരുന്നു. വിഭാഗീയത രൂക്ഷമായതോടെ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ. എ വി അൻവർ കുറച്ചുനാള്‍ മുമ്പേ സ്ഥാനം രാജിവച്ചിരുന്നു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ വിവാദ സംഭാഷണങ്ങൾ തുടർച്ചയായി പുറത്തുവരുന്നത് പാർട്ടിയെയും വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്.
eng­lish sum­ma­ry; Con­tro­ver­sial tele­phone con­ver­sa­tions out,Preparations for war in the league against Salam
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.