23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

അമിത്ഷായെ നേരിട്ട് വെല്ലുവിളിച്ച് അഖിലേഷ് യാദവ്

പുളിക്കല്‍ സനില്‍രാഘവന്‍
ലഖ്നൗ
February 1, 2022 12:19 pm

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണ കക്ഷിയായ ബി ജെ പിയും പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള വാക്‌പോര് തുടരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും, മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു.

തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്ത് ഗുണ്ടകളും മാഫിയകളുമാണ് സംസ്ഥാനം ഭരിച്ചിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വന്തം ഭരണനേട്ടങ്ങളും ബി ജെ പിയുടെ ഭരണങ്ങളും വെച്ച് ഒരു പത്രസമ്മേളനം നടത്താന്‍ ധൈര്യമുണ്ടോയെന്ന് അമിത് ഷാ, അഖിലേഷ് യാദവിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അഖിലേഷ് യാദവ്. താന്‍ ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

സത്യം വിളിച്ചു പറയുന്നതിന് ഒരു തയ്യാറെടുപ്പും ആവശ്യമില്ല. സ്ഥലവും സമയവും കുറിച്ച് എന്നെ അറിയിക്കൂവെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. വ്യാജ അവകാശവാദങ്ങളും നുണകളും ഉന്നയിക്കുന്നതില്‍ എസ് പിക്ക് നാണമില്ലെന്ന് പറഞ്ഞ് അഖിലേഷിനെ കടന്നാക്രമിച്ചായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം മുസഫര്‍നഗറില്‍ പ്രസംഗിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, മോഷണവും കവര്‍ച്ചയും യഥാക്രമം 70%, 69.3% എന്നിങ്ങനെ കുറഞ്ഞു. കൊലപാതകങ്ങളുടെ എണ്ണം 30% കുറഞ്ഞു,ഷാ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ 95 ശതമാനവും പാലിച്ചാണ് ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എത്തിയിരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു. 2012–2017 വരെയുള്ള സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സാന്നിധ്യം ശക്തിപ്പെട്ടെന്നും മാഫിയകളാണ് സര്‍ക്കാരിനെ നിയന്ത്രിച്ചിരുന്നതെന്നും പറഞ്ഞാണ് ബി ജെ പി പ്രചരണം.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ 21 മണ്ഡലങ്ങളെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ബി ജെ പി സര്‍ക്കാര്‍ ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്തിയെന്നും നിയമത്തിന്റെ അര്‍ഥം പഠിപ്പിച്ചുവെന്നും മോദി പറഞ്ഞിരുന്നു. ഗുണ്ടകള്‍ അധികാരത്തിലെത്തി നഷ്ടപ്പെട്ട സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടിയെ സൂചിപിച്ച് മോഡി പറഞ്ഞിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ഓരോ ദിവസവും സംസ്ഥാനത്ത് നിന്ന് ആളുകള്‍ കുടിയേറുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും ഇടത്തരക്കാരുടെയും വ്യാപാരികളുടെയും ജീവിതം തകര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്തെ ഈ അവസ്ഥകളില്‍ നിന്ന് കരകയറ്റിയെന്നും മോദി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാണ് ബി ജെ പി മത്സരിക്കുന്നതെന്ന് പറഞ്ഞ് അഖിലേഷ് തിരിച്ചടിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബി ജെ പി സെഞ്ച്വറി പിന്നിടാന്‍ ഒരുങ്ങുകയാണ്, ഇതുവരെ 99 സ്ഥാനാര്‍ത്ഥികള്‍ക്ക് അവര്‍ ടിക്കറ്റ് നല്‍കിയെന്നും അഖിലേഷ് പറഞ്ഞിരുന്നു. ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്.

Eng­lish Sum­ma­ry: Akhilesh Yadav direct­ly chal­lenges Amit Shah

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.