19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 29, 2024
August 23, 2024
August 14, 2024
August 4, 2024
July 20, 2024
July 16, 2024
June 7, 2024
May 28, 2024
May 26, 2024
May 5, 2024

നദീസംയോജനം അബദ്ധ പദ്ധതി

കെ രംഗനാഥ്
തിരുവനന്തപുരം
February 2, 2022 10:06 pm

കേന്ദ്ര ബജറ്റിലെ നദീസംയോജന പദ്ധതി ഒരു ഹിമാലയന്‍ അബദ്ധ മാകുമെന്നു വിദഗ്ധര്‍. പരിസ്ഥിതി നാശത്തിനും ജലവിഹിതം പങ്കുവയ്ക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരിനും ഇത് വഴിമരുന്നിടുമെന്ന ആശങ്കയും വ്യാപകം. പദ്ധതിക്കെതിരെ കര്‍ണാടക ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞു.
ദക്ഷിണേന്ത്യന്‍ നദികളിലെ ജലം പങ്കുവയ്ക്കുന്നതില്‍ കേരളത്തോട് കാലാകാലങ്ങളായി കാട്ടുന്ന അവഗണന മൂര്‍ച്ഛിപ്പിക്കാനെ നദീസംയോജന പദ്ധതി ഉപകരിക്കൂ എന്ന വിലയിരുത്തലുമുണ്ട്. അടുത്ത രണ്ട് വര്‍ഷങ്ങളിലായി ഒന്നാം ഘട്ടത്തില്‍ 43,000 കോടിയും രണ്ടാം വര്‍ഷം 1,400 കോടിയുമാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഉത്തരേന്ത്യന്‍ നദികള്‍ ജലസമൃദ്ധമെങ്കിലും അവയെ തൊട്ടാല്‍ കൈപൊള്ളുമെന്ന ബോധ്യത്തില്‍ ദക്ഷിണേന്ത്യന്‍ നദികളായ ദാമന്‍ ഗംഗാ പിന്‍ജാല്‍, പാര്‍താപി നര്‍മ്മദ, കൃഷ്ണാ ഗോദാവരി, കൃഷ്ണാ പെന്നാര്‍, പെന്നാര്‍ കാവേരി എന്നീ പദ്ധതികള്‍ക്കാണ് സംയോജനത്തില്‍ തുടക്കം കുറിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനമായതിനാല്‍ കര്‍ണാടക ഈ പദ്ധതിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തിട്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ ജലവിഭവം മറ്റു സംസ്ഥാനങ്ങളുമായി കാര്യമായി പങ്കുവയ്ക്കാനാവില്ലെന്ന് കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. 

ഒന്നര നൂറ്റാണ്ട് മുമ്പാണ് നദീസംയോജന പദ്ധതിയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് തുടക്കമിട്ടത്. പ്രളയങ്ങള്‍ നിയന്ത്രിക്കുന്നതിനും ജലവിഭവം സംസ്ഥാനങ്ങള്‍ക്ക് നീതിപൂര്‍വമായി വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതി ബ്രിട്ടീഷ് ഭരണകാലത്ത് 1919 ല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ ചീഫ് എന്‍ജിനീയറായ സര്‍ ആര്‍തര്‍ കോട്ടണ്‍ ആണ് മുന്നോട്ടുവച്ചത്. ഇതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ മനസിലായതോടെ ഒരു നൂറ്റാണ്ടോളം ഉറങ്ങിക്കിടന്ന പദ്ധതിയെ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്ന ഡോ. കെ എല്‍ റാവുവാണ് പിന്നെയും തട്ടിയുണര്‍ത്തിയത്. അന്നുതന്നെ 56,000 കോടി ചെലവു പ്രതീക്ഷിച്ചിരുന്ന നദീസംയോജനത്തിന് ഇപ്പോള്‍ ഒമ്പത് ലക്ഷം കോടി വേണ്ടിവരുമെന്നാണ് കണക്ക്. ദക്ഷിണേന്ത്യയില്‍ നടപ്പാക്കുമെന്ന ബജറ്റില്‍ പറയുന്ന പദ്ധതികള്‍ക്കു മാത്രം 60,000 കോടി വേണ്ടിവരുമെന്നിരിക്കെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒമ്പത് ലക്ഷം കോടി മതിയാകില്ലെന്ന ആശങ്കയും വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. 

നദീസംയാജനത്തിന്റെ ഭാഗമായി നിരവധി അണക്കെട്ടുകള്‍ നിര്‍മ്മിക്കേണ്ടി വരും. സമീപ പ്രദേശങ്ങള്‍ കൃഷിയോഗ്യമല്ലാതാകും. പതിനായിരക്കണക്കിനു കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടും. വനസമ്പത്ത് ഉള്‍പ്പെടെ കലശലായ പരിസ്ഥിതി നാശമുണ്ടാകും. ആയിരക്കണക്കിനു ഹെക്ടര്‍ കൃഷിഭൂമിയും നഷ്ടപ്പെടും. 2001ലെ കണക്കനുസരിച്ച് 5.6 ലക്ഷം കോടി രൂപ ചെലവു വരുന്ന ഈ പദ്ധതിക്ക് ഇപ്പോള്‍ 15 ലക്ഷം കോടിയെങ്കിലും ചെലവുവരും.
സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് താങ്ങാവുന്നതിലപ്പുറമാകും. സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രത്യേകിച്ചും തമിഴ്‌നാടും കര്‍ണാടകയും തമ്മിലും മധ്യപ്രദേശും രാജസ്ഥാനും തമ്മിലും ഇപ്പോള്‍ത്തന്നെ തര്‍ക്കങ്ങള്‍ രൂക്ഷമാണ്. നദീസംയോജന പദ്ധതി നിലവില്‍ വന്നാല്‍ ദേശീയോദ്ഗ്രഥനത്തെത്തന്നെ അപകടത്തിലാക്കും വിധം സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വളരുമെന്ന ആശങ്കയും പടരുന്നു.

ENGLISH SUMMARY:River Inte­gra­tion False Plan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.