26 December 2024, Thursday
KSFE Galaxy Chits Banner 2

ഉപജീവനത്തിനായി കലാകാരന്‍ വഴിയോരത്ത് 
കുടിവെള്ള വിൽപ്പന നടത്തുന്നു

Janayugom Webdesk
അമ്പലപ്പുഴ
February 3, 2022 7:44 pm

ഒരു കാലത്ത് വേദികളിലും ടെലിവിഷൻ പരിപാടികളിലുമായി കാണികളെയും പ്രേക്ഷകരെയും കുടുകുടെ ചിരിപ്പിച്ച കലാകാരൻ ഇന്ന് ഉപജീവനത്തിനായി വഴിയോരത്ത് കുടിവെള്ള വിൽപ്പന നടത്തുന്നു. അനുകരണ കലയിൽ അസാമാന്യ വൈഭവം പ്രകടിപ്പിച്ച സിനിമാ താരം കൂടിയായ തകഴി ഇലഞ്ഞിപ്പറമ്പ് വീട്ടിൽ അജയൻ തകഴിയാണ് ഇന്ന് കുടുംബം പുലർത്താൻ തെരുവിൽ തണ്ണിമത്തൻ വിൽപ്പന നടത്തുന്നത്. എസ് ഡി കോളേജിലെ പഠനത്തിന് ശേഷമാണ് അജയൻ മിമിക്രി രംഗത്തേക്ക് കടന്നത്.

നീണ്ട 32 വർഷത്തെ കലാജീവിതത്തിനിടയിൽ ഭ്രമരം, ഞാൻ സഞ്ചാരി, ഇന്ന് രാവും പകലും, ജൂനിയർ ബ്രദേഴ്സ് എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഇതിനിടയിൽ വിവിധ ടെലിവിഷൻ ചാനലുകളിലെ ഹാസ്യ പരിപാടികളായ രസിക രാജൻ, കോമഡി സ്റ്റാർസ്, കോമഡി സി എസ്, കോമഡി മാസ്റ്റേഴ്സ് കോമഡി ഉത്സവ് തുടങ്ങിയ പരമ്പരകളിലൂടെ നിരവധി വർഷം ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്നു. പിന്നീട് ഭാര്യയും മക്കളും മാതാവുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി വീട്ടിൽത്തന്നെ പലചരക്ക് കട ആരംഭിച്ചു. പലരിൽ നിന്നായി ഏഴര ലക്ഷം രൂപ കടം വാങ്ങിയാണ് കട ആരംഭിച്ചത്.

എന്നാൽ 2018 ലെ പ്രളയം ഈ കലാകാരന്റെ ജീവിതം തകർത്തു. പ്രളയത്തിൽ വീടും കടയുമെല്ലാം തകർന്നു. ഇതിന് ശേഷം കടം വീട്ടാൻ പോലും മാർഗമില്ലാതെ വന്നതോടെ നാട്ടിൽ നിന്ന് മാറി നിൽക്കേണ്ട സ്ഥിതി വന്നു. പിന്നീട് തിരിച്ചെത്തി തട്ടു കട തുടങ്ങിയെങ്കിലും വിജയിച്ചില്ല. ഇതിന് ശേഷമാണ് അജയൻ തകഴി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള വിതരണം ആരംഭിച്ചത്. കത്തുന്ന വേനൽ ചൂടിൽ തണ്ണിമത്തനൊപ്പം ഏത്തക്ക, ക്യാരറ്റ്, മുന്തിരി, പൈനാപ്പിൾ എന്നിവയുടെ കൂട്ടോടെയാണ് വിൽപ്പന നടത്തുന്നത്. കുടുംബം പുലർത്താൻ പൊരിവെയിലത്ത് കുടിവെള്ള വിൽപന നടത്തുന്ന ഈ കലാകാരൻ തന്റെ അനുകരണ കല ഇനിയും ഉപേക്ഷിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.