സാമ്പത്തിക പ്രയാസം മൂലം പ്രയാസപ്പെടുന്ന വൃക്ക രോഗികൾക്ക് ആശ്വാസമായി ജീവജ്യോതി തെളിയുന്നു. ജില്ലാ പഞ്ചായത്ത്, സ്നേഹസ്പർശത്തിന്റെ സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതിയായ ജീവജ്യോതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച തിങ്കളാഴ്ച മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും. ഗുരുതരമായ വൃക്ക രോഗം മൂലം ദീർഘകാലമായി ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന പാവപ്പെട്ട രോഗികൾക്ക് വളരെ ചുരുങ്ങിയ ചെലവിൽ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതിന് ജില്ലയിലെ അഞ്ചു പ്രമുഖ ആശുപത്രികളുമായി ചേർന്നാണ് ജീവജ്യോതി സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയാ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്നേഹസ്പർശം സൊസൈറ്റിയുടെ ഏറ്റവും പുതിയ കാൽവെപ്പാണ് ജീവജ്യോതി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്.
സ്നേഹസ്പർശം കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ ചികിത്സാ ചെലവ് പൂർണ്ണമായും ഏറ്റെടുക്കും. താക്കോൽദ്വാസ ശസ്ത്രക്രിയയ്ക്ക് 3.05 ലക്ഷം രൂപയും തുറന്ന ശസ്ത്രക്രിയയ്ക്ക് 2.75 ലക്ഷം രൂപയുമാണ് നൽകുക. വൃക്ക മാറ്റിവെച്ചവർക്ക് മൂന്നു മാസത്തിന് ശേഷം സ്നേഹസ്പർശം വഴി സൗജന്യ മരുന്നും നൽകും. ഇഖ്റ ആശുപത്രി, മെട്രോ മെഡ്, മിംസ്, ബേബി മെമ്മോറിയൽ ആശുപത്രി, മെയ്ത്ര ആശുപത്രി എന്നിവർ പരിപാടിയുമായി സഹകരിക്കുന്നുണ്ട്. നാലായിരത്തിലധികം ആളുകളാണ് ജില്ലയിൽ ഡയാലിസിസിലൂടെ ജീവിതം തള്ളിനീക്കുന്നത്.
പകൽ 10 ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ ഗുണഭോക്താവിനുള്ള ശസ്ത്രക്രിയാ സഹായം മേയർ ബീന ഫിലിപ്പ് കൈമാറും. പദ്ധതിയുമായി സഹകരിക്കുന്ന ആശുപത്രികൾക്കുള്ള പങ്കാളിത്ത പത്ര വിതരണം കാനത്തിൽ ജമീല എം എൽ എ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും അവയവദാന സമ്മതപത്രം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി മൃതസഞ്ജീവിനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബ്ൾ ഗ്രേഷ്യസിന് കൈമാറും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സ്നേഹസ്പർശം കമ്മിറ്റി അംഗങ്ങൾ, ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ആയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.