24 November 2024, Sunday
KSFE Galaxy Chits Banner 2

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു

കോഴിക്കോട്: ബ്യൂറോ
കോഴിക്കോട്:
February 4, 2022 6:37 pm
ജില്ലയിൽ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. ഹൃദ്രോഗം, പേശി വേദന, അമിത ക്ഷീണം, ശ്വാസം മുട്ട്, നെഞ്ചു വേദന, തലവേദന, ജീവിത ശൈലീ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ആളുകൾ ചികിത്സക്കെത്തുന്നത്. പലർക്കും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ് എന്നിവയൊക്കെയാണ് പലരെയും വേട്ടയാടുന്നത്.
കോവിഡ് മുക്തമായിക്കഴിഞ്ഞിട്ടും പലരും മറ്റു പല രോഗങ്ങൾ കാരണം പ്രയാസം അനുഭവിക്കുകയാണ്. പേശി വേദനയാണ് പലരെയും അലട്ടുന്നത്. അമിതമായ ക്ഷീണവും മറ്റും കാരണം പലർക്കും ജോലിയ്ക്ക് പോവാനും പ്രയാസം നേരിടുന്നു. ഹൃദ്രോഗം ഉൾപ്പെടെ കണ്ടുവരുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. കോവിഡ് കാരണം ഹൃദയപേശികളിൽ ബലഹീനത വരാനുള്ള സാധ്യതയും ഏറെയാണ്. ജീവിത ശൈലീ രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കോവിഡിന് ശേഷം വ്യാപകമാകുന്നുണ്ട്. കോവിഡ് വന്ന പല പ്രമേഹ രേഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മറ്റു പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും പലർക്കും മാനസിക പ്രയാസങ്ങളിലേക്കും കോവിഡ് നയിക്കുന്നുണ്ട്. പലരും പലവിധ അസുഖങ്ങളുമായി സർക്കാർ ആശുപത്രികളിലെ പോസ്റ്റ് കോവിഡ് സെന്ററുകളെ അഭയം തേടുകയാണ്. ഈ സാഹചര്യത്തിൽ പ്രഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയും പോസ്റ്റ് കോവി‍ഡ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പ്രയാസം തോന്നുന്നവർ ഇത്തരം കേന്ദ്രങ്ങളുടെ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നു.
ജില്ലയിൽ ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ പകൽ പന്ത്രണ്ട് മുതൽ രണ്ടു വരെയും ജനറൽ, ജില്ലാ, താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളെജുകളിലും എല്ലാ ദിവസവും പോസ്റ്റ് കോവിഡ് ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നേരിട്ടോ ഫോൺ വഴിയോ ഇ- സഞ്ജീവന ടെലി മെഡിസിൻ സൗകര്യം ഉപയോഗിച്ചോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടാവുന്നതാണ്. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് വ്യായാമ പരിശീലനവും പുകയില ഉപയോഗം നിർത്താനുള്ള സേവനങ്ങളുമെല്ലാം ആശുപത്രികളിൽ ലഭ്യമാണ്.

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.