25 September 2024, Wednesday
KSFE Galaxy Chits Banner 2

കാക്കനാട് മയക്കുമരുന്ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു

Janayugom Webdesk
കൊച്ചി
February 11, 2022 11:04 pm

കാക്കനാട് മയക്കുമരുന്ന് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പതിനായിരത്തിലധികം പേജുകളുളള കുറ്റപത്രമാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ചത്. 25 പ്രതികളുളള കേസിൽ അറസ്റ്റിലായ 19 പേർക്കെതിരെയാണ് ആദ്യ കുറ്റപത്രം.

കഴിഞ്ഞ ഓഗസ്റ്റ് 19ന് കാക്കനാടുള്ള അപ്പാർട്ട്മെന്റിൽ നിന്നും 84 ഗ്രാം മെത്താംഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ആറ് പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിൽ മൂന്ന് പേർ വിദേശത്തേക്ക് കടന്നതായും കുറ്റപത്രത്തിൽ പറയുന്നു. എൻഡിപിഎസ് നിയമത്തിലെ 22 സി, 25,27 എ, 29 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. മയക്കുമരുന്ന് കടത്തൽ, ഗൂഢാലോചന, സാമ്പത്തിക സഹായം ചെയ്യുക തുടങ്ങിയവയാണ് ഇതിൽ പ്രധാനവകുപ്പുകൾ.

മുഹമ്മദ് ഫവാസ് ആണ് കേസിൽ ഒന്നാം പ്രതി. ശ്രീമോൻ, മുഹമ്മദ് അജ്മൽ, അഫ്സൽ മുഹമ്മദ്, എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. പ്രതികളുടെ സിഡിആർ രേഖകൾ, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയാണ് നിർണായക തെളിവുകളായി അന്വേഷണ സംഘം ശേഖരിച്ചിട്ടുള്ളത്. സ്പെയിനിൽനിന്ന് ശ്രീലങ്ക വഴിയും നേരിട്ടും ചെന്നൈയിലെത്തിക്കുന്ന ലഹരി മരുന്ന് കേരളത്തിലെത്തിച്ച് വില്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ ഒളിവിൽ കഴിയുന്ന 25ാം പ്രതി ചെന്നൈ സ്വദേശിയായ ഷംസുദ്ദീൻ സേട്ടിൽ നിന്നാണ് പ്രതികൾ രാസ ലഹരി മരുന്ന് വാങ്ങി സംസ്ഥാനത്ത് വില്പന നടത്തിയിരുന്നത്. ചെന്നെെയിൽ നിന്ന് ആഡംബര കാറിൽ കുടുംബസമേതം യാത്ര ചെയ്യുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മയക്കുമരുന്നുകൾ കടത്തുന്നത്. സ്ത്രീകളും വിദേശ ഇനം നായ്ക്കളുമായി യാത്ര ചെയ്യുന്നതുകൊണ്ട് കാര്യമായ പരിശോധനകൾ ഇല്ലാതെ ഇവർക്ക് സഞ്ചരിക്കാനായി.

കൊച്ചിയിലെ ഇടപാടുകൾ നിയന്ത്രിച്ചിരുന്ന ടീച്ചർ എന്ന് വിളിക്കുന്ന സുസ്മിത ഫിലിപ്പിനെ എക്സൈസ് ‑ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതാണ് കേസിൽ നിർണായകമായത്. സുസ്മിത കേസിൽ 12-ാം പ്രതിയാണ്. എറണാകുളത്തു വിവിധ സ്ഥലങ്ങളിൽ ഫ്ലാറ്റുകൾ വാടകയ്ക്ക് എടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 1.085 കിലോഗ്രാം ഫിറ്റമിൻ കൂടി പിടിച്ചെടുത്തിട്ടുണ്ട്. രണ്ടാമതായി രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

Eng­lish Sum­maary:  A chargesheet has been filed in the Kakkanad drug case

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.