22 September 2024, Sunday
KSFE Galaxy Chits Banner 2

വാഹന പുക പരിശോധനാ കേന്ദ്രങ്ങൾ അടഞ്ഞു തന്നെ; ഗൗനിക്കാതെ കേന്ദ്രം

ബേബി ആലുവ
കൊച്ചി
February 14, 2022 7:43 pm

കേന്ദ്ര സർക്കാരിന്റെ അപ്രായോഗിക ഉത്തരവിന്റെ ഫലമായി സംസ്ഥാനത്തെ വാഹന പുക പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തനം രണ്ടു മാസത്തോളമായി നിലച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാനം കത്തെഴുതിയിട്ടും കേന്ദ്രത്തിന് അറിഞ്ഞ ഭാവമില്ല.

നിലവിലെ പ്രതിസന്ധിക്കു പുറമെ, പുക പരിശോധനയ്ക്കുള്ള പുതിയ സംവിധാനത്തിന്റെ കീഴിൽ ബി എസ് 6 വാഹനങ്ങളെക്കൂടാതെ ബി എസ് 4 — വിഭാഗത്തെക്കൂടി പുതുതായി ഉൾപ്പെടുത്തിയത് മറ്റൊരു ഇരുട്ടടിയായി.

ബി എസ് 6 വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പിന്തുടർന്നു വന്ന രീതിയിൽ നിന്നു വ്യത്യസ്തമായി ലാംഡ ടെസ്റ്റ് എന്ന പുതിയ സംവിധാനം നിർബന്ധമായി നടപ്പിലാക്കണമെന്ന് കേന്ദ്രം ഉത്തരവിറക്കിയതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. ആവശ്യമായ ചർച്ചയോ പുകപരിശോധനാ കേന്ദ്രങ്ങൾക്കു മുന്നൊരുക്കത്തിന് സാവകാശമോ പരിശീലനമോ നൽകാതെ ഏകപക്ഷീയമായ ഉത്തരവു വഴി റോഡ് — ദേശീയ പാത മന്ത്രാലയം വാഹൻ പരിവാഹന വെബ്ബ് സൈറ്റിൽ ഭേദഗതി വരുത്തുകയായിരുന്നു. പുക പരിശോധനാ കേന്ദ്രങ്ങളിൽ നിലവിലുള്ള ഉപകരണങ്ങൾ പുതിയ സംവിധാനത്തിനു പര്യാപ്തമല്ല എന്നു ബോധ്യ മുണ്ടായിട്ടും ലാംഡ ടെസ്റ്റിനു വേണ്ടിയുള്ള കേന്ദ്രത്തിന്റെ പിടിവാശി ഈ രംഗത്തെ ഉപകരണ നിർമ്മാണക്കുത്തകകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ സെർവറുമായി പരിശോധനാ കേന്ദ്രങ്ങളിലെ ഉപകരണങ്ങൾ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രം പരിഗണിചിട്ടില്ല. പരാതി വ്യാപകമായപ്പോൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ഡിസംബറിൽ പാലക്കാടു വച്ച് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെയും പുക പരിശോധനാ കേന്ദ്രങ്ങളുടെ സംഘടനാ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ ഉപകരണ നിർമ്മാണക്കമ്പനികള്‍ നടത്തിയ ഡെമോൺസ്ട്രേഷൻ പൂർണ്ണ പരാജയമായെന്നും ലാംഡ ടെസ്റ്റ് ഉപകരണങ്ങളുടെ കാര്യക്ഷമത ഒരു കമ്പനിക്കു പോലും വിജയകരമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും പുക പരിശോധനാ കേന്ദ്രങ്ങളുടെ സംഘടനയുടെ ഭാരവാഹികൾ ആരോപിക്കുന്നു. ഡമോൺസ്ട്രേഷൻ പരാജയമായതോടെ കമ്പനികൾ രണ്ടു മാസത്തെ സാവകാശം ആവശ്യപ്പെട്ടു. ഇതോടെ പഴയ മട്ടിലുള്ള പരിശോധനയും നടത്താൻ കഴിയാതെ സെന്ററുകൾ ദുരിതത്തിലായി. സാവകാശം അനുവദിച്ചു കിട്ടിയ കമ്പനികൾ തുടർ നടപടികളിലേക്കു കടന്നിട്ടുമില്ല. ഇതിനിടെ, ജി എസ് 4 ‑ൽ പ്പെടുന്ന പഴയ വാഹനങ്ങളെക്കൂടി ലാംഡ ടെസ്റ്റിൽ പുതുതായി ഉൾപ്പെടുത്തുകയും ചെയ്തു.

പരിശോധനയ്ക്കായി സെന്ററുകളിൽ പുതിയ സെർവറുകൾ സ്ഥാപിക്കണം. ഇതിനു കമ്പനികൾ ആവശ്യപ്പെടുന്നത് വൻ തുക. പരിശോധനാ രേഖകളില്ലാതെ ബി എസ് 6,ബി എസ് 4 വാഹനങ്ങൾ തെരുവിലിറക്കിയാൽ ഉടമകൾക്കു കനത്ത പിഴ. തൊഴിലിൽ നിന്നു പിൻമാറാനൊരുങ്ങുകയാണ് പുക പരിശോധനാ കേന്ദ്രങ്ങളുടെ ഉടമകൾ.

 

Eng­lish Sum­ma­ry: Vehi­cle smoke test­ing cen­ters are closed

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.